പുതിയ യുണിഫൈഡ് പെൻഷൻ സ്കീം: വ്യക്തിഗത സഞ്ചിതനിധിയിൽ നിന്ന് 60% വരെ പിൻവലിക്കാൻ അവസരം

Mail This Article
പുതിയ യുണിഫൈഡ് പെൻഷൻ സ്കീമിനു (യുപിഎസ്) കീഴിൽ വിരമിക്കുന്ന കേന്ദ്ര ജീവനക്കാർക്ക് വ്യക്തിഗത സഞ്ചിതനിധിയിൽ (ഇൻഡിവിജ്യുവൽ കോർപസ്) നിന്ന് 60% വരെ തുക പിൻവലിക്കാൻ അവസരമുണ്ടാകും. ഇതിന് ആനുപാതികമായ തുക പ്രതിമാസ പെൻഷനിൽ കുറയും.
പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കരടുചട്ടത്തിലാണ് ഇതടക്കമുള്ള വ്യവസ്ഥകളുള്ളത്.
60% വരെ തുക വ്യക്തിഗത കോർപസിൽ നിന്നു പിൻവലിച്ചാൽ പ്രതിമാസ പെൻഷനിൽ അത്രയും തന്നെ കുറവ് വരും.
ഉദാഹരണത്തിന് പ്രതിമാസം 20,000 രൂപ പെൻഷൻ കിട്ടേണ്ട വ്യക്തി 60% തുക പിൻവലിച്ചാൽ 40 ശതമാനമായ 8,000 രൂപയായിരിക്കും പെൻഷനായി ലഭിക്കുക. ജീവനക്കാരന്റെയും സർക്കാരിന്റെയും 10% വീതമുള്ള വിഹിതവും അതിന്മേലുള്ള ലാഭവുമാണ് വ്യക്തിഗത കോർപസിലുള്ളത്. സർക്കാരിന്റെ ബാക്കി വിഹിതമായ 8.5% പൂൾ കോർപസ് എന്ന മറ്റൊരു നിധിയിലാണ്.
ഈ തുക ജീവനക്കാരന് ഇത്തരത്തിൽ പിൻവലിക്കാനാകില്ല. നിശ്ചിത പെൻഷൻ (അഷ്വേഡ് പേഔട്ട്) നൽകാൻ വേണ്ടിയാണ് ഈ തുക.
നാഷനൽ പെൻഷൻ സിസ്റ്റത്തിൽ (എൻപിഎസ്) ജീവനക്കാരന്റെ വിഹിതമായ 10 ശതമാനവും കേന്ദ്രവിഹിതമായ 14 ശതമാനവും ചേർന്ന കോർപസിൽ നിന്നാണ് വിരമിക്കുന്ന സമയത്ത് 60% തുക പിൻവലിക്കാൻ അവസരം. ബാക്കി പെൻഷനു വേണ്ടി ഉപയോഗിക്കണം. ഇതേ വ്യവസ്ഥയാണ് മാറ്റങ്ങളോടെ യുപിഎസിലും നടപ്പാക്കുന്നത്.
ഉയർന്ന തുക പെൻഷനായി ആവശ്യമില്ലാത്തവർക്ക് വിരമിക്കുന്ന സമയത്ത് 60% വരെ തുക പിൻവലിക്കാമെന്നതാണ് ഗുണം.