അധിക മികവിന് അസാപ്

Mail This Article
ബിഎ, ബികോം, ബി എസ്‌സി, ബിടെക്... കോഴ്സ് ഏതാണെങ്കിലും പഠനശേഷം എന്തെന്നതു വിദ്യാർഥികളുടെ ആശങ്കയാണ്. ചിലർക്കു കരിയറിലേക്കുള്ള വഴി വളരെ സുഗമമായിരിക്കും. എന്നാൽ ഇന്റർവ്യൂ പോലുള്ള കടമ്പകൾക്കു മുന്നിൽ പതറിനിൽക്കുന്നവർ ഏറെയാണ്. ഒരു തൊഴിലിടത്തിൽ നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന അധിക നൈപുണ്യങ്ങളോ സാങ്കേതികവിദ്യാ പരിചയമോ നേടിയിട്ടില്ലെന്നു തിരിച്ചറിയുന്നത് അപ്പോഴാകും. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിൽ കോളജുകൾ, അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചു വിവിധ കോഴ്സുകൾ നടത്തുന്നത്. സംസ്ഥാനത്തെ നാനൂറിലേറെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ അസാപിന്റെ നേതൃത്വത്തിൽ നൈപുണ്യ വികസനകേന്ദ്രങ്ങൾ തുടങ്ങുകയാണ്. അസാപിന്റെ ചില കോഴ്സുകൾ പരിചയപ്പെടാം.
സൈബർ സെക്യൂരിറ്റി മുതൽ എഐ വരെ
എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, മാത്‌സ് ബിരുദധാരികൾക്കായി നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന്റെ ലവൽ 5 കോഴ്സുകളായ സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് അനലിറ്റിക്സ് എന്നിവ അസാപ് ഓൺലൈനായി ലഭ്യമാക്കുന്നുണ്ട്. ഐഐടി പാലക്കാടിന്റെ സർട്ടിഫിക്കറ്റാണു ലഭിക്കുക. 6 മാസമാണു കോഴ്സ്. പഠനത്തിനൊപ്പം ഈ കോഴ്സുകൾ കൂടി പഠിക്കുന്നത് ക്യാംപസ് പ്ലേസ്മെന്റിൽ മുൻഗണന ലഭിക്കാൻ സഹായകരമാണ്. കോളജുകളിൽ അസാപിന്റെ ട്രെയിനർമാരുണ്ടെങ്കിൽ ഓഫ്‌ലൈൻ പഠനവുമാകാം.
സർട്ടിഫൈഡ് ഡ്യൂ ഡിലിജൻസ് പ്രഫഷനൽ
സാമ്പത്തിക പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ കമ്പനികളെ സഹായിക്കുകയാണ് ഡ്യൂ ഡിലിജൻസ് (Due diligence) സ്പെഷലിസ്റ്റിന്റെ ജോലി. ഏതു വിഷയത്തിൽ ബിരുദം ഉള്ളവർക്കും കോഴ്സ് ചെയ്യാമെങ്കിലും എംകോം, ബികോം, എംബിഎ ഫിനാൻസ് തുടങ്ങിയവ പഠിച്ചവർക്കാണു കൂടുതൽ ജോലിസാധ്യതയുള്ളത്. ബഹുരാഷ്ട്ര കമ്പനികളിൽ ഡ്യൂ ഡിലിജൻസ് പ്രഫഷനൽ തസ്തികയിലേക്കു ജോലി നേടാൻ സഹായിക്കുന്ന ഈ കോഴ്സും ഓൺലൈനായി ലഭ്യമാണ്.
ലോജിസ്റ്റിക്സ് പഠിക്കാം
വിഴിഞ്ഞത്ത് അസാപിന്റെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ വിഴിഞ്ഞം തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് രൂപകൽപന ചെയ്ത ലോജിസ്റ്റിക്സ് കോഴ്സ് ഉടൻ ആരംഭിക്കും. കയറ്റുമതി സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി ലഭിക്കാൻ സഹായിക്കുന്ന ലോജിസ്റ്റിക്സ് കോഴ്സിനു ബിരുദമാണു യോഗ്യത. കൊമേഴ്സ് പശ്ചാത്തലമുള്ളവർക്കു കൂടുതൽ അനുയോജ്യം.
ഇതിനുപുറമേ കണ്ടെയ്നർ ലോറി ഡ്രൈവർമാരാകാൻ സർട്ടിഫിക്കറ്റ് നൽകുന്ന ഐടിവി ട്രക്ക് ഓപ്പറേറ്റർ കോഴ്സും അസാപ്പും അദാനി ഗ്രൂപ്പും ചേർന്നു വിഴിഞ്ഞത്തു നടത്തുന്നുണ്ട്. ഇതിൽനിന്ന് ഇതുവരെ 36 പേർക്ക് വിഴിഞ്ഞം തുറമുഖത്തു ജോലി ലഭിക്കുകയും ചെയ്തു.
ഫിനിഷിങ് & പോളിഷിങ്
ഇംഗ്ലിഷിൽ പ്രാവീണ്യം കൂട്ടാനും അഭിമുഖങ്ങൾക്കായി ഒരുങ്ങാനുമുള്ള കോഴ്സുകളും അസാപ് നടത്തുന്നുണ്ട്. ബിരുദ അവസാനവർഷ വിദ്യാർഥികൾക്ക് ഇത്തരം കോഴ്സുകൾ പ്രയോജനപ്രദമാണ്. ഒരു മാസം മുതൽ ദൈർഘ്യമുള്ള ഇംഗ്ലിഷ് കോഴ്സുകൾ ഓൺലൈനായുണ്ട്. കോളജുകളിലെ അസാപ് പരിശീലനകേന്ദ്രങ്ങൾ വഴിയും ഫിനിഷിങ് കോഴ്സുകൾ നടത്തുന്നുണ്ട്.
4 വർഷ ബിരുദ വിദ്യാർഥികൾക്ക് 6 ക്രെഡിറ്റ് പോയിന്റ് ലഭ്യമാക്കുന്ന 120 മണിക്കൂർ കോഴ്സും ‘ഐലൈക്ക്’ എന്ന പേരിൽ ലഭ്യമാക്കുന്നുണ്ട്. അറുപതിലേറെ വിഷയങ്ങളിൽനിന്ന് ഇഷ്ടമുള്ള മൊഡ്യൂളുകൾ തിരഞ്ഞെടുക്കാം.
ആയുർവേദ തെറപ്പിസ്റ്റ്, വെർച്വൽ റിയാലിറ്റി ഡവലപ്പർ തുടങ്ങി ഒട്ടേറെ കോഴ്സുകളും അസാപ് നടത്തുന്നുണ്ട്. അസാപ്പിന്റെ കോഴ്സുകളെക്കുറിച്ച് അറിയാനും ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾക്കും: https://connect.asapkerala.gov.in/events?cat=20466&search=%7B%7D