മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്കു തുറക്കുന്ന, വായു നിറഞ്ഞ അറകളാണ് സൈനസ്. അവയുടെ ഉൾഭാഗത്തുണ്ടാകുന്ന നീരുവീഴ്ചയാണ് സൈനസൈറ്റിസ്. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയുടെ ബാധ മൂലവും അലർജി മൂലവുമാമാണ് സാധാരണ സൈനസൈറ്റിസ് ഉണ്ടാകാറ്. മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വളവും ഇതിനു കാരണമായി പറയുന്നുണ്ട്. കണ്ണിനു താഴെ, കണ്ണിനു മുകളിൽ, മൂക്കിന്റെ വശങ്ങളിൽ, മൂക്കിനു പിറകിൽ തലച്ചോറിനു തൊട്ടു താഴെയായി, കണ്ണിനും മൂക്കിനും ഇടയ്‌ക്ക് ഇങ്ങനെയാണു സൈനസുകളുടെ സ്ഥാനം. ഏതു ഭാഗത്തുള്ള സൈനസിനാണ് അണുബാധ എന്നതനുസരിച്ച് രോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.