Activate your premium subscription today
കാലാവസ്ഥയിലെ ഓരോ മാറ്റവും ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കുമെന്നാണ് പുതിയ പഠനങ്ങളും സംഭവവികാസങ്ങളും പറയുന്നത്. സമാധാനത്തോടെ ജീവിതം നയിച്ചിരുന്നവരെല്ലാം ഏതെങ്കിലും രീതിയിൽ കാലാവസ്ഥയുടെ ഭീതിജനകമായ മാറ്റങ്ങൾക്ക് ഇരയായേക്കുമെന്നാണ് മുന്നറിയിപ്പ്. മുൻപൊരിക്കലും പ്രതിസന്ധി നേരിട്ടില്ലാത്തവർ പോലും പേമാരിക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും ചുഴലിക്കാറ്റിനും ഇരയാകുന്നു. നിമിഷങ്ങൾക്കുള്ളിലാണ് കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നത്. രാജ്യാന്തരതലത്തിലെ കാലാവസ്ഥയിലെ വൻ മാറ്റങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയായേക്കാം എന്നാണ് പുതിയ ഗവേഷണ റിപ്പോർട്ടുകൾ പറയുന്നത്. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഗൾഫ് സ്ട്രീം ഉൾപ്പെടുന്ന അറ്റ്ലാന്റിക് സമുദ്ര പ്രവാഹങ്ങൾ. എന്നാൽ ഇതിലെ ഒരു നിർണായക സംവിധാനം 2030കളുടെ അവസാനത്തോടെ തകരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ ലോകത്തെ മൊത്തം കാലാവസ്ഥയും പരിസ്ഥിതിയും മാറിമറിയും. മാത്രവുമല്ല, അതിന്റെ പ്രതിഫലനം നൂറ്റാണ്ടോളം തുടരുകയും ചെയ്യും. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലോകത്തിലെ പ്രശസ്തരായ 41 പരിസ്ഥിതി ഗവേഷരുടെ കൂട്ടായ്മയാണ് നൽകിയിരിക്കുന്നത്.
‘രക്ഷിക്കണേ’യെന്ന് കേഴുന്നത് ഒരു നദിയാണെങ്കിലും മേധ പട്കർ വിളി കേൾക്കും. അങ്ങനെയാണ് അവർ നർമദ ബച്ചാവോ ആന്ദോളന് തുടക്കമിട്ടത്. നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം അണക്കെട്ടുകൾ നിർമിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു ആ സമരം. അന്ന് അണക്കെട്ട് കാരണം കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകുമായിരുന്ന ആദിവാസി വിഭാഗക്കാരും കർഷകരും മാത്രമല്ല സാമൂഹിക–പാരിസ്ഥിതിക പ്രവർത്തകരും മേധയ്ക്കൊപ്പം കൈപിടിച്ച് നദിക്കു വേണ്ടി നിലകൊണ്ടു. ഒരു ഘട്ടത്തിൽ നദിയിലേക്കിറങ്ങി അതിനു കാവലിരുന്നു. ഡിസംബർ ഒന്നിന് 70 വയസ്സാകും മേധയ്ക്ക്. ഇതിനോടകം അവർ ഏറ്റെടുത്ത പാരിസ്ഥിതിക സമരങ്ങളും സാമൂഹിക ഇടപെടലുകളും ഏറെയാണ്. അതിൽ മുംബൈയിലെ ചേരികളിലെ പ്രവർത്തനങ്ങൾ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ വരെയുണ്ട്. നർമദ സമരത്തോടെ ലോകമെങ്ങും ആ പേരെത്തുകയും ചെയ്തു. പ്ലാച്ചിമട സമരത്തിൽ ഉൾപ്പെടെ കേരളത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലപ്പോഴായി എത്തിയിട്ടുണ്ട് മേധ. പ്രകൃതിദുരന്തങ്ങൾ ഒന്നൊഴിയാതെ കേരളത്തിനു മേൽ പതിക്കുകയാണ്. പരിസ്ഥിതിക്ക് മുൻപെങ്ങുമില്ലാത്ത വിധം ചർച്ചകളിൽ ഇടം ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പാരിസ്ഥിതിക– സാമൂഹിക സാഹചര്യങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുള്ള മേധ പട്കർക്ക് കേരളത്തെക്കുറിച്ചും പറയാനേറെയുണ്ട്.
തവളകളുടെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നതു ജന്തുവിജ്ഞാനീയ പഠനശാഖയ്ക്കു വഴിത്തിരിവാകുമെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്നും പറയുകയാണ് ഫ്രോഗ്മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ.എസ്.ഡി.ബിജു (സത്യഭാമ ദാസ് ബിജു). കേരള വന ഗവേഷണ സ്ഥാപനത്തിലെത്തിയതായിരുന്നു യുഎസിലെ ഹാർവഡ് യൂണിവേഴ്സിറ്റി ഓർഗാനിക് ആൻഡ് ഇവല്യൂഷനറി ബയോളജി വിഭാഗത്തിൽ അസോഷ്യേറ്റായ അദ്ദേഹം. ജീവികളെ പ്രത്യേകമായി സംരക്ഷിക്കുന്ന നയത്തിനുപകരം ആവാസവ്യവസ്ഥയെ മൊത്തമായി പരിഗണിക്കുന്ന രീതി വന്നാലേ പശ്ചിമഘട്ടത്തിലെയും മറ്റും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാജ്യത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തവളകൾക്കു കടൽ നീന്തിക്കടക്കാൻ സാധ്യമല്ലാതിരുന്നിട്ടും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ഒരേ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ കണ്ടെത്തിയ ചില ഇനങ്ങൾ ഇന്ത്യയിലുമുണ്ട്. ഇത്തരം കണ്ടെത്തലുകൾ പ്രധാനമാണ്. ഡോ. എസ്.ഡി. ബിജു സംസാരിക്കുന്നു...
അല്ലിയാമ്പൽ കടവുകളെ അലങ്കരിക്കുന്ന ആമ്പൽ പൂക്കൾ അത്ര നിസ്സാരക്കാരല്ല, ബംഗ്ലദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ പുഷ്പമാണ്. പക്ഷേ ഈ രണ്ടു രാജ്യങ്ങളും പലപ്പോഴും വാർത്തകളിൽ നിറയുന്നത് കലാപങ്ങളുടെയും സംഘർഷങ്ങളുടെയും പേരിലാണെന്നു മാത്രം. പക്ഷേ, കേരളത്തിലെ ഈ സ്ഥലം അങ്ങനെയല്ല. ‘ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു കുഞ്ഞുഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ മലരിക്കൽ. നാട്ടുവഴികളിലൂടെയുള്ള യാത്രയും പൂത്തുനിൽക്കുന്ന പല വർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കുന്ന ഇടം. ഇവിടുത്തെ വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കൂടിയാകുമ്പോൾ ആമ്പൽക്കാഴ്ചയുടെ മാറ്റ് കൂടുകയാണ്. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഒഴുകിയെത്തുകയാണ് മലരിക്കലിലേക്ക്. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. മലരിക്കല് എന്ന് ഈ പ്രദേശത്തിന് പേരു വരാൻ ഒരു കാരണമുണ്ട്.
ആ മലകൾക്കു മുകളിൽ മനുഷ്യർക്കു വേണ്ടതെല്ലാം ഒരുക്കിവച്ചു. കാണുന്നിടത്തെല്ലാം മഞ്ഞും മലയും. പോകുന്നിടത്തെല്ലാം പുഴയും മഴയും. പിൻതലമുറ ആ നാടിനെ മേപ്പാടിയെന്നു വിളിച്ചു. മേപ്പാടിയെന്നാൽ വയനാട്ടിലെ പറുദീസ എന്നു മറുനാട്ടുകാർ വിളിച്ചു. കൊതിച്ചു പോകുന്ന കാലാവസ്ഥയാണ് എന്നും. കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകളാണ് എവിടെയും. മേപ്പാടിയിൽ പോയാൽ പിന്നെ എന്തിന് മൂന്നാറും ഊട്ടിയും പോകണം. എന്തും വിളയുന്ന മണ്ണ് ജനങ്ങളെ ഈ നാട്ടിലേക്ക് ആകർഷിച്ചു. കുടിയേറ്റം ആരംഭിച്ചതോടെ മേഖല കൃഷിഭൂമിയായി മാറി. എന്നാൽ എല്ലാം നൽകിയ സ്വന്തം നാടിന് പ്രകൃതി കാത്തു വച്ചത് ദുരന്തങ്ങളാണോ? കഴിഞ്ഞ 200 വർഷം മേപ്പാടിയുടെ ചരിത്രം തിരഞ്ഞാൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകളുടെ വരവും പോക്കും കാണാം. മലയുടെ നിൽപ്പും പുഴയുടെ പോക്കും നിർണയിച്ചതും ഈ ദുരന്തങ്ങളായിരുന്നു. അതേ സമയം 2018ന് ശേഷം
പാതിരാവിൽ ഉറങ്ങിക്കിടന്നിരുന്ന കുറേ സാധു മനുഷ്യരുടെ സ്വപ്നങ്ങള്ക്കും പ്രതീക്ഷകൾക്കും മേലെയായിരുന്നു ആ വൻമല ഹുങ്കാരശബ്ദത്തോടെ വന്നിടിഞ്ഞത്. എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലാക്കാനാകാതെ മണ്ണിലേക്ക് മരിച്ചു ചേർന്നു അവർ. കണ്ണീരിന്റെ പേരായിരിക്കുന്നു ഇന്ന് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങള്. ഉരുൾപൊട്ടലിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിന്റെ ഓർമയിൽ ഇപ്പോഴും ഞെട്ടിത്തരിക്കുന്നവരിൽ കുട്ടികളും മുതിർന്നവരുമുണ്ട്. എന്താണ് ഈ ഉരുൾപൊട്ടൽ? എങ്ങനെയാണ് അത് സംഭവിക്കുന്നത്? ഇൻഫോഗ്രാഫിക്സിന്റെ സഹായത്താൽ മനസ്സിലാക്കാം.
ലോകത്തെവിടെനിന്നുമുള്ള റിപ്പോർട്ടുകളും നോക്കിക്കോളൂ, കണ്ടൽക്കാടുകൾ എല്ലായിടത്തും നശീകരണ ഭീഷണിയിൽത്തന്നെയാണ്. ‘ദ് സ്റ്റേറ്റ് ഓഫ് ദ് വേൾഡ് മാൻഗ്രൂവ്സ്, 2022’ കണക്കു പ്രകാരം ലോകത്താകമാനം 1.47 ലക്ഷം ചതുരശ്ര കിലോമീറ്റർ കണ്ടൽ വിസ്തൃതി മാത്രമാണ് അവശേഷിക്കുന്നത്. 5245 ചതുരശ്ര കിലോമീറ്റർ 1996 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ നഷ്ടപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 590 കി.മീ. നീളത്തിൽ തീരദേശം ഉള്ള നമ്മുടെ കൊച്ചു കേരളത്തിലും സ്ഥിതിവിശേഷം മറ്റൊന്നല്ല. 70,000 ഹെക്ടർ ആയിരുന്നു 1975ലെ കേരളത്തിലെ കണ്ടൽ വിസ്തൃതിയെങ്കിൽ ഇന്നത് വെറും 1782 ഹെക്ടർ ആയി ആണ് ചുരുങ്ങിയത്. അതായത് ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ഉണ്ടായിരുന്നതിൽ വെറും 3 ശതമാനത്തിൽ താഴെ മാത്രമേ ഇന്ന് സംസ്ഥാനത്തു കണ്ടൽ കാടുകൾ അവശേഷിക്കുന്നുള്ളൂ. കേരളത്തിൽ എറണാകുളം ജില്ലയിലും കണ്ണൂരും ആണ് കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. എന്നാൽ
പോളർ സയൻസിൽ കുറച്ചു വർഷങ്ങളായി ഇന്ത്യ വലിയ മുന്നേറ്റമാണു നടത്തുന്നത്. 2018ൽ ആർട്ടിക് മേഖലയിലേക്കുള്ള ശൈത്യകാല പര്യവേക്ഷണങ്ങൾക്കു തുടക്കമിട്ട് ഏറെ വൈകാതെയാണ് അന്റാർട്ടിക്ക ഉടമ്പടിയുമായി (അന്റാർട്ടിക്ക ട്രീറ്റി) ബന്ധപ്പെട്ട സുപ്രധാനമായ യോഗത്തിനു രാജ്യം ആതിഥ്യം വഹിക്കുന്നത്. അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട രാജ്യാന്തര പാർലമെന്റാണു കൊച്ചിയിൽ നടക്കുന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം (എടിസിഎം). ശാസ്ത്രം, നയരൂപീകരണം, ഭരണനിർവഹണം, മറ്റു പദ്ധതികൾ തുടങ്ങി അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിന്റെയും അവസാനവാക്കാണ് എടിസിഎം. 2007ൽ ന്യൂഡൽഹിയിലാണു രാജ്യം ആദ്യമായി എടിസിഎമ്മിന് ആതിഥേയരായത്. ഇപ്പോൾ വീണ്ടും ആതിഥ്യം വഹിക്കുന്നത് അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ രാജ്യത്തിന്റെ പങ്കിനെ കൂടുതൽ ശ്രദ്ധേയമാക്കും. അന്റാർട്ടിക്ക ഉടമ്പടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിലും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം
പത്തനംതിട്ട കോന്നി ആനത്താവളത്തിൽ രാവിലെ സന്ദർശകരെത്തും മുൻപ് അത് കൊച്ചയ്യപ്പന്റെ ലോകമാണ്. ആനത്താവളത്തിലെ വിഐപിയാണവൻ. മറ്റ് നാല് ആനകൾ കൂടിയുണ്ടെങ്കിലും ഇപ്പോഴും താരം കൊച്ചയ്യപ്പൻതന്നെ. മൂന്നര വയസ്സേയുള്ളൂ ഇവന്. ആന ‘കുട്ടി’യാണെങ്കിലും രാവിലെ ചെയ്യേണ്ട കസർത്തിൽ കുട്ടിക്കുറുമ്പനും ഇളവില്ല. പരിപാലകരായ എൻ.ഷംസുദ്ദീനും അനിൽകുമാറിനുമൊപ്പം ആനത്താവളത്തിലെ എല്ലാ വഴികളിലൂടെയും 12 തവണ രാവിലെ തന്നെ നടക്കണം. മുന്നോട്ടും പിന്നിലേക്കും നടക്കാനും, കാലുയർത്താനും, സല്യൂട്ട് ചെയ്യാനുമൊക്കെയുള്ള കമാൻഡുകൾ കൊച്ചയ്യപ്പൻ പഠിച്ചു കഴിഞ്ഞു. ഇടയ്ക്ക് പാപ്പാന്റെ കയ്യിലെ വടിയെടുക്കാനും ചങ്ങലയിൽ തുമ്പിക്കൈ ചുറ്റാനും ശ്രമിക്കും. ‘അരുതാനേ’യെന്നുള്ള ഷംസുദ്ദീന്റെ വിളിയിൽ കൊച്ചയ്യപ്പൻ കുറുമ്പുകൾ നിർത്തും. പടികൾ കയറാൻ പരിശീലനം ഇപ്പോഴും കൊടുക്കുന്നുണ്ട്. ആറു മാസം പ്രായത്തിൽ അവശനായി
എണ്ണത്തിലും തീവ്രതയിലും ആകാശച്ചുഴികൾ വർധിച്ചു വരികയാണോ? സിംഗപ്പൂർ എയർലൈൻസ് (എസ്ക്യു321) ലണ്ടൻ–സിംഗപ്പൂർ ബോയിങ് 777–300 ഇആർ ഇനത്തിൽപ്പെട്ട വിമാനം മേയ് 21ന് ചുഴിയിൽ അകപ്പെട്ട സംഭവമാണ് വ്യോമയാന മേഖലയെ നേരിയ തോതിൽ ഉലയ്ക്കുന്ന ഈ ചോദ്യം ആദ്യം ഉയരാൻ ഇടയാക്കിയത്. മേയ് 26ന് ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കു പറന്ന ഖത്തർ എയർവേയ്സ് വിമാനവും തുർക്കിക്കു മുകളിൽ ആകാശച്ചുഴിയിൽപ്പെട്ടതോടെ ഈ ചോദ്യത്തിന്റെ തീവ്രത കൂടുതൽ ശക്തമായി. ലോക കാലാവസ്ഥയിലെ അതിതീവ്ര മാറ്റങ്ങളാണോ ഇതിനു കാരണം? വിമാനസഞ്ചാരത്തെ ഇതെങ്ങനെ ബാധിക്കും? സിംഗപ്പൂർ വിമാനം ചുഴിയിൽപ്പെട്ടപ്പോൾ, ഹൃദയാഘാതം മൂലം 73 വയസ്സുള്ള ബ്രിട്ടിഷ് പൗരൻ മരിക്കുകയും നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 22 യാത്രികർക്ക് നട്ടെല്ലിനും ആറുപേർക്ക് തലയ്ക്കും പരുക്കേറ്റ് അബോധാവസ്ഥയിലായെന്നാണ് വാർത്താ ഏജൻസികൾ നൽകുന്ന വിവരം. ബംഗാൾ ഉൾക്കടലിലെ ആൻഡമാൻസ് കടലും കടന്ന് മ്യാൻമറിന്റെ വ്യോമപരിധിയിലേക്കു കയറുമ്പോഴായിരുന്നു സംഭവം. പതിനായിരക്കണക്കിനു മണിക്കൂറുകളുടെ പറക്കൽ പരിചയസമ്പത്തുള്ള പൈലറ്റിനുപോലും മനസ്സിലാകാൻ കഴിയാത്ത തരത്തിലുള്ള ക്ലിയർ എയർ ടർബലൻസ് ആണ് ബംഗാൾ ഉൾക്കടലിനും മ്യാൻമറിനുമിടയിൽ 21ന് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം അറിയണമെങ്കിൽ മാസങ്ങൾതന്നെ എടുക്കും.
Results 1-10 of 52