ADVERTISEMENT

ആഗ്ര- ഡൽഹി- മസൂറി യാത്രയ്ക്കിടയിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ഋഷികേശ് കടന്നുവരുന്നത്. ഒരു തീർഥാടനമല്ല യാത്രയുടെ ലക്ഷ്യമെന്ന് പലകുറി മനസ്സിൽ പറഞ്ഞുവച്ചെങ്കിലും യാത്ര കഴിഞ്ഞപ്പോൾ മനസ്സിനെ ഏറ്റവുമധികം കീഴ്പ്പെടുത്തിയത് ഋഷികേശിന്റെ മാസ്മരികത തന്നെയായിരുന്നു.

ഡൽഹിയിൽനിന്ന് ഡെറാഡൂണിലെ ജോളി ഗ്രാൻഡ് വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ ഉത്തരാഖണ്ഡ് എന്ന സംസ്ഥാനത്തെപ്പറ്റി വലിയ അറിവുകളൊന്നുമുണ്ടായിരുന്നില്ല.  ചെറുതെങ്കിലും വൃത്തിയുള്ള പരിസരവും ആതിഥ്യമര്യാദയുള്ള സ്റ്റാഫും അതിഥികൾക്ക് പ്രസാദാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ധാരാളം വിദേശീയരും തദ്ദേശീയരുമായ ടൂറിസ്റ്റുകളെയും സോളോ വുമൺ യാത്രക്കാരെയും വിമാനത്താവളത്തിൽ കണ്ടു. ജോളി ഗ്രാൻഡ് എയർപോർട്ടിൽനിന്ന് ഇരുപത് കിലോമീറ്ററോളം ദൂരെയാണ് ഋഷികേശ്. പ്രീ പെയ്ഡ് ടാക്സിയിൽ കയറുമ്പോൾ ഇതുവരെ കാണാത്ത, അറിയാത്ത ഉത്തരാഖണ്ഡ് എന്ന ആവേശം മനസ്സിൽ നിറഞ്ഞിരുന്നു. ഒപ്പം ലോകത്തിന്റെ യോഗ തലസ്ഥാനം എന്ന് കേൾവികേട്ട ഋഷികേശും.

rishikesh-travel

ഋഷികേശിൽ ഗംഗാനദിക്കു തൊട്ടരികിലെ ഹോട്ടലിൽ എത്തിയപ്പോൾ വേറൊരു ലോകത്ത് എത്തിയ പ്രതീതിയായിരുന്നു. മാർച്ച്‌ മാസത്തിന്റെ ചൂടിലും ഋഷികേശിലെ കാലാവസ്ഥ പ്രസന്നമായിരുന്നു. വേനൽ അല്പം തളർച്ച ഏൽപിച്ചിരുന്നെങ്കിലും ഗംഗയിൽ അപ്പോഴും നല്ല ഒഴുക്കുണ്ടായിരുന്നു. വായിച്ചും കേട്ടുമുള്ള ഗംഗയുടെ രൂപഭാവങ്ങളല്ല ഋഷികേശിലെ ഗംഗയ്ക്കുണ്ടായിരുന്നത്. ദൂരെയുള്ള പർവതനിരകൾക്കിടയിലൂടെ തെളിമയോടെ ഒഴുകിയിറങ്ങുന്ന 'ഗംഗ മാ' ശരിക്കും ദേവലോകത്തു നിന്നെത്തിയ പുണ്യവാഹിനിയായിത്തന്നെ അനുഭവപ്പെട്ടു.

ഋഷികേശിലെ ഗംഗാ ആരതിക്കു പേരുകേട്ട ത്രിവേണി ഘട്ടിനടുത്തായിരുന്നു ഞങ്ങൾ താമസിച്ച ഹോട്ടൽ. വൈകുന്നേരം ഹോട്ടലിൽനിന്ന് ത്രിവേണി ഘട്ടിലേക്കും തിരിച്ചുമുള്ള നടത്തം മനസ്സ് കുളിർപ്പിച്ചു. അസ്തമയസൂര്യന്റെ ചുവപ്പ് പകർന്നെടുത്ത ഗംഗ മായെ കണ്ടുകൊണ്ട്, മറുകരയിലെ രാജാജി നാഷനൽ പാർക്കിന്റെ പച്ചപ്പും ആസ്വദിച്ച് നദിക്കരയിലെ നടപ്പാതയിലൂടെയുള്ള യാത്ര വേറിട്ട ഒരനുഭവം തന്നെയായിരുന്നു. ത്രിവേണി ഘട്ടിലേക്ക് അടുക്കുംതോറും ഗംഗയുടെ വന്യമായ സൗന്ദര്യം കൂടിക്കൂടി വന്നു. ഒപ്പം ഭക്തിയും ആത്മീയതയും ചുറ്റുമുള്ള വായുവിൽ പോലും നിറഞ്ഞുനിൽക്കുന്നതായി തോന്നി. നടപ്പാതയുടെ വൃത്തിയും സുരക്ഷിതത്വവും അതിശയിപ്പിക്കുന്നത് തന്നെയായിരുന്നു. യാത്രക്കാരുടെയും തീർഥാടകരുടെയും ആധിക്യമുള്ള ഒരിടത്തെ ഇത്രയും ഭംഗിയായി സംരക്ഷിക്കുന്നതിൽ അവിടുത്തെ ഭരണകർത്താക്കളെ പ്രശംസിച്ചേ മതിയാവൂ.

rishikesh-travel1

ത്രിവേണി ഘട്ടിൽ ശരിക്കും ഞാനറിഞ്ഞത് മറ്റൊരു ലോകത്തെയായിരുന്നു. സന്ധ്യയ്ക്കുള്ള ഗംഗാ ആരതിക്കായി വലിയൊരു ആൾക്കൂട്ടം തന്നെ അവിടെ എത്തിച്ചേർന്നിരുന്നു. ഒപ്പം മറ്റു യാത്രികരും സ്വാമിമാരും പൂക്കളും ചെറിയ ദീപങ്ങളും വിൽക്കുന്ന സ്ത്രീകളും കുട്ടികളുമെല്ലാം ചേർന്ന് ഭക്തിനിർഭരമായ ഒരു അന്തരീക്ഷം. ഗംഗ ആരതി കാണേണ്ട കാഴ്ചയും അനുഭവിച്ചറിയേണ്ട അനുഭവവും തന്നെയാണ്. കൈകളിലെ വിളക്കുകൾ 'ജയ് ഗംഗേ മാതേ' എന്ന പാട്ടിന്റെ താളത്തിനൊപ്പം ചലിപ്പിച്ചുകൊണ്ട് ഗംഗയെ പൂജ ചെയ്യുന്ന പുരോഹിതരും ചെറിയ പാള കൊണ്ടുള്ള പാത്രങ്ങളിൽ പൂക്കളും കത്തിച്ചു വച്ച ദീപങ്ങളും ഗംഗയിലേക്ക് ഒഴുക്കി ഭക്തിനിർഭരം ഗംഗയെ ധ്യാനിക്കുന്ന ഭക്തരും ഒരു സംസ്കാരത്തിന്റെ പ്രതിനിധാനമായി മനസ്സിൽ ആഴ്ന്നുപോകുന്നു. പൈതൃകവും സംസ്കാരവും മനസ്സ് നിറയ്ക്കുമ്പോഴും ചുറ്റും കണ്ട ദാരിദ്ര്യത്തിന്റെ ദയനീയ മുഖങ്ങൾ ഒരു നോവായി ഉള്ളിൽ ചേക്കേറിയെന്നും പറയാതെ വയ്യ. ഭാരതത്തിന്റെ വൈവിധ്യമാർന്ന മുഖങ്ങൾ ഇതൊക്കെത്തന്നെയല്ലേ...

ഗംഗയിലൂടെ ഒഴുകുന്ന ചെറു ദീപങ്ങൾ കണ്ടുകൊണ്ടുള്ള മടക്കയാത്ര മറക്കാനാവില്ല ഒരിക്കലും. ഒഴുകുന്ന നദിയുടെ കളകളാരവവും അകലെയുള്ള മലകൾക്കും കാടുകൾക്കും ഇരുട്ടിൽ കൈവരുന്ന ഗൂഢമായ സൗന്ദര്യവും ആത്മീയതയും ഭക്തിയും നിറഞ്ഞ അന്തരീക്ഷവും പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതി പകർന്നുനൽകി.

rishikesh-travel-experience
Peppy Graphics/shutterstock

ഋഷികേശിലെ പ്രഭാതത്തിന് ഒരു പ്രത്യേക ചാരുതയായിരുന്നു. ഉദയസൂര്യന്റെ പൊൻ കിരണങ്ങൾ ഗംഗയെ അതീവ സുന്ദരിയാക്കുന്നു. ഗംഗാ നദിക്കരയിലൂടെയുള്ള പ്രഭാതസവാരിയും മനസ്സ് കുളിർപ്പിക്കുന്നതായിരുന്നു. നദിക്ക് അക്കരെയുള്ള രാജാജി നാഷനൽ പാർക്കിൽനിന്ന് നദിക്കരയിലേക്കു പറന്നെത്തുന്ന പലതരം പക്ഷികളും യാത്രികർക്ക് വിസ്മയക്കാഴ്ചകൾ ഒരുക്കുന്നു. നദിയുടെ ഒഴുക്കിന് ഈണവും താളവുമുണ്ടെന്നു തോന്നിപ്പിക്കും വിധം മാന്ത്രികതയുള്ളതായിരുന്നു അവിടുത്തെ അന്തരീക്ഷം.

ഋഷികേശ് യാത്രയുടെ രണ്ടാം ദിവസമായിരുന്നു ഞങ്ങൾ അവിടുത്തെ പല പ്രധാന സ്ഥലങ്ങളും സന്ദർശിച്ചത്. റാം ജ്ഹൂല, ലക്ഷ്മൺ ജ്ഹൂല, ജാനകി സേതു എന്നിങ്ങനെ ഗംഗയ്ക്കു കുറുകെയുള്ള മൂന്ന് തൂക്കുപാലങ്ങൾ ഋഷികേശിലെ പ്രധാന ആകർഷണങ്ങളാണ്. പ്രഭാത സവാരിക്കും ഭക്ഷണത്തിനും ശേഷം ഞങ്ങൾ ആദ്യം പോയത് ജാനകി സേതു സന്ദർശിക്കാനായിരുന്നു. ഋഷികേശിലെ വിനോദ സഞ്ചാരികളുടെ പ്രധാന യാത്രാമാർഗ്ഗം ഓട്ടോറിക്ഷകളാണ്. ഇന്ത്യയുടെ സ്വന്തം വാഹനമായ, വിദേശസഞ്ചാരികളുടെ പോലും ഇഷ്ട സഞ്ചാര മാർഗ്ഗമായ ടുക് ടുക്കിൽ തന്നെ ഞങ്ങളും യാത്ര ആരംഭിച്ചു.

coronavirus-lockdown-video-of-clear-blue-ganga-near-lakshman-jhoola-in-rishikesh

മറ്റേതൊരു ഉത്തരേന്ത്യൻ ചെറുപട്ടണത്തിലൂടെയുമുള്ള യാത്ര പോലെതന്നെയായിരുന്നു ഋഷികേശിലെ യാത്രയും. യോഗ തലസ്ഥാനം എന്ന പേര് അന്വർഥമാക്കും വിധം വഴിയിലുടനീളം ധാരാളം യോഗ കേന്ദ്രങ്ങൾ കാണുവാൻ കഴിഞ്ഞു. ഋഷികേശിന്റെ മറ്റൊരു പ്രത്യേകത അവിടെ മാംസഭക്ഷണവും മദ്യവും നിരോധിച്ചിട്ടുണ്ടെന്നുള്ളതാണ്. ഋഷികേശിലേക്കു പോകും മുൻപ് മനസ്സിൽ കുറിച്ചിടേണ്ട കാര്യമാണ് ഇത്. വിനോദത്തിലുപരി മനസ്സിലെ ആത്മീയത തേച്ചുമിനുക്കിക്കൊണ്ടാകണം ഋഷികേശിലേക്ക് കാലുകുത്തേണ്ടത്. അല്ലെങ്കിൽ നിരാശയാവും ഫലം.

ഏകദേശം 350 മീറ്റർ നീളമുള്ള ജാനകിസേതു എന്ന തൂക്കുപാലത്തിന് ഉത്തരാഖണ്ഡിന്റെ വിനോദഭൂപടത്തിലും ആഭ്യന്തര ഭൂപടത്തിലും ഒരുപോലെ പ്രാധാന്യമുണ്ട്. ഉത്തരാഖണ്ഡിലെ ടെഹ്റി, പൗറി എന്നീ ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം 2020 ലാണ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മാത്രം അനുവാദമുള്ള ഈ പാലത്തിൽ നിന്നുള്ള കാഴ്ചകൾ നയനാനന്ദകരമാണ്. ഇരുവശങ്ങളിലും ഗംഗയുടെ വന്യതയും വശ്യതയും ആസ്വദിച്ചുകൊണ്ടൊരു യാത്ര... അതാണ് ജാനകിസേതുവിലൂടെയുള്ള യാത്ര. പാലം കടന്ന് അക്കരെയെത്തുമ്പോൾ ഒരു ക്ഷേത്രനഗരിയിലെ ഇടുങ്ങിയ വീഥികളിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ്. അക്കരെ നദിക്കരയിലൂടെയുള്ള ചെറുവഴിയിലൂടെ ഞങ്ങൾ ഋഷികേശിലെ മറ്റൊരു ആകർഷണമായ രാം ജ്ഹൂല ലക്ഷ്യമിട്ട് നടന്നു. ചെറുവഴിയിലുടനീളം ചെറുതും വലുതുമായ ആശ്രമങ്ങൾ കാണാമായിരുന്നു. കരകൗശലവസ്തുക്കൾ വിൽക്കുന്ന കടകളും ധാരാളമുണ്ട് അവിടെ. ഇടുങ്ങിയ വഴിയിൽ യാത്രികരും തീർഥാടകരും സ്വാമിമാരും മാത്രമല്ല കാളക്കൂറ്റൻമാരും സ്വൈരവിഹാരം നടത്തുന്നു. മറ്റേതോ ഒരു ലോകത്തിൽ എത്തിയ പ്രതീതിയോടെ, അദ്ഭുതത്തോടെ, ആകാംക്ഷയോടെ ഞങ്ങളും അവരിലൊരാളായി മാറി.

ഋഷികേശിന്റെ പ്രധാന ആകർഷണങ്ങളാണ് റാം ജ്ഹൂലയും ലക്ഷ്മൺ ജ്ഹൂലയും. ഗംഗ നദിക്കു കുറുകെയുള്ള ഈ രണ്ടു തൂക്കു പാലങ്ങളും ചരിത്രപ്രാധാന്യമുള്ളവയാണ്. ഋഷികേശിന്റെ പ്രകൃതിസൗന്ദര്യം മുഴുവൻ ഒപ്പിയെടുത്തു യാത്രികർക്കായി കാഴ്ചവയ്ക്കുന്നവയാണ് ഈ രണ്ടു തൂക്കുപാലങ്ങളും.

Haridwar--Rishikesh-Trip4

ജാനകിസേതുവിൽനിന്ന് റാം ജ്ഹൂല വരെയുള്ള യാത്ര ശരിക്കും ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെയുള്ള യാത്ര തന്നെയായി അനുഭവപ്പെട്ടു. ജനത്തിരക്കുള്ള ചെറിയ വീഥികളിൽ ഭക്തിയും യുക്തിയും ഒരുപോലെ നിറഞ്ഞുനിൽപ്പുണ്ടെന്ന് തോന്നിപ്പിച്ചു. ഒരുവശത്തു ഭക്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഭക്തരും മറുവശത്തു ജീവിക്കാനുള്ള തത്രപ്പാടിലോടുന്ന മനുഷ്യരും ഒരുപോലെ അലിഞ്ഞുചേർന്ന വഴികൾ.

റാം ജ്ഹൂലയിൽ നിന്നുള്ള ഗംഗാനദിയുടെ കാഴ്ചകൾ മനസ്സിനും ചിന്തകൾക്കും കുളിർമയേകുന്നതായിരുന്നു. വേനലിൽ മെലിഞ്ഞുപോയിരുന്നെങ്കിലും ഗംഗയുടെ വശ്യസൗന്ദര്യത്തിന് മാറ്റ് കുറഞ്ഞിരുന്നില്ല. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും മാത്രം പ്രവേശനമുള്ള വീതി കുറഞ്ഞ ചെറിയ പാലമാണ് റാം ജ്ഹൂല. 1986 ലാണ് ഈ പാലം നിർമിക്കപ്പെടുന്നത്. ടെഹ്റി ജില്ലയിലെ ശിവാനന്ദനഗറിനെയും പൗറി  ജില്ലയിലെ സ്വർഗ്ഗാശ്രമം ഭാഗത്തെയും ബന്ധിപ്പിക്കുന്ന  ഈ പാലം തദ്ദേശവാസികൾക്കും കച്ചവടക്കാർക്കും യാത്രികർക്കുമെല്ലാം ഒരുപോലെ ഉപയോഗപ്രദമാണ്. രാത്രിയിൽ ദീപാലങ്കാരങ്ങളാൽ തിളങ്ങി നിൽക്കുന്ന റാം ജ്ഹൂല അതിമനോഹരമായ ഒരു ദൃശ്യവിരുന്ന് തന്നെയാണ്.

റാം ജ്ഹൂലയിലെ കാഴ്ചകൾക്കും അല്പം പടമെടുപ്പിനും ശേഷം ഞങ്ങൾ ലക്ഷ്മൺ ജ്ഹൂലയിലേക്ക് പുറപ്പെട്ടു. ലക്ഷ്മൺ ജ്ഹൂല അഞ്ചാറ് കിലോമീറ്റർ അകലെയായതിനാൽ വീണ്ടും ഓട്ടോറിക്ഷയിലായി യാത്ര. ലക്ഷ്മൺ ജ്ഹൂല റാം ജൂഹ്‌ലയെക്കാൾ പുരാതനവും മനോഹരവുമാണ്. രാമ- രാവണ യുദ്ധത്തിന് ശേഷം രാമൻ ഗംഗാനദിയിൽ കുളിക്കുകയും ലക്ഷ്മണൻ രണ്ടു കയറുകളുടെ മാത്രം സഹായത്തോടെ ഗംഗാനദിക്കു കുറുകെ ഒരു പാലം നിർമിക്കുകയും ചെയ്തത്രേ. ലക്ഷ്മൺ ജ്ഹൂല എന്നറിയപ്പെട്ട ഈ പാലം കാലങ്ങളോളം ഗംഗ നദി മുറിച്ചുകടക്കാൻ ഉപയോഗിക്കപ്പെട്ടിരുന്നുവത്രെ. ഇവിടെയുണ്ടായിരുന്ന കയർപാലം 1924 ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോവുകയും പിന്നീട് 1939 ൽ ഇതേ സ്ഥാനത്തു ഇരുമ്പ് കൊണ്ടൊരു തൂക്കു പാലം നിർമിക്കപ്പെടുകയുമുണ്ടായി.

ലക്ഷ്മൺ ജ്ഹൂലയിൽ നിന്നുള്ള കാഴ്ചകളും അതീവഹൃദ്യമാണ്. ശരിക്കും പ്രകൃതിയുടെ മടിത്തട്ടിൽ എന്ന വിശേഷണം ഏറ്റവും അനുയോജ്യമായ ഒരിടമാണ് ഇവിടം. മലനിരകൾക്ക് ഇടയിലൂടെ ഒഴുകിയിറങ്ങി എത്തുന്ന ഗംഗയുടെ തെളിനീർ ഏറ്റവും ഭംഗിയായി കാണാൻ കഴിയുന്ന ഒരിടം ഒരുപക്ഷേ ഇതാവാം. ഒപ്പം അല്പം രൗദ്രഭാവത്തിൽത്തന്നെ ഒഴുകുന്ന ഗംഗയിലൂടെ സാഹസികയാത്രികർ നടത്തുന്ന റിവർ റാഫ്റ്റിങ്ങും ഇവിടെനിന്ന് കാണാൻ കഴിയും.

ലക്ഷ്മൺ ജൂഹ്‌ലയിലെ അവിസ്മരണീയമായ കാഴ്ചവിരുന്നിന് ശേഷം ഞങ്ങൾ അടുത്ത ലക്ഷ്യമായ ബീറ്റിൽസ് ആശ്രം കാണാനായി പുറപ്പെട്ടു. 1968 ൽ ഇംഗ്ലിഷ് റോക്ക് ബാൻഡായ ബീറ്റിൽസ് യോഗ അഭ്യസിക്കാനായി ഋഷികേശിലെത്തി. മഹർഷി മഹേഷ്‌ യോഗിയുടെ ആശ്രമത്തിൽ താമസിച്ചു യോഗയും ധ്യാനവും അഭ്യസിച്ചിരുന്ന ആ കാലഘട്ടത്തിലാണ് അവർ അവരുടെ ഏറ്റവും പ്രസിദ്ധമായ പല പാട്ടുകളും രചിച്ചത്. അങ്ങനെ ബീറ്റിൽസിലൂടെ പാശ്ചാത്യലോകത്തിനും യോഗയും ഋഷികേശും ഏറെ പ്രിയപ്പെട്ടതായി മാറി. കാലക്രമേണ വനാതിർത്തിയിലുള്ള ഈ ആശ്രമം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇന്നും ഋഷികേശിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന ആകർഷണമാണ് 'ബീറ്റിൽസ് ആശ്രം'. കാടിന്റെ ശബ്ദവും മണവും നിറവുമുള്ള ഈ ആശ്രമം വേറിട്ടൊരു അനുഭവവും അനുഭൂതിയും തന്നെയായിരുന്നു. ആശ്രമത്തിന്റെ ചുവരുകളിലെ വാൾ ആർട്ടും ധ്യാനത്തിനായുള്ള ചെറിയ കുടിലുകളും ഏറെ വിസ്മയിപ്പിച്ച കാഴ്ചകളായിരുന്നു. നട്ടുച്ചയ്ക്കും കൂടി കുളിർകാറ്റ് വീശുന്ന ശാന്തമായ അന്തരീക്ഷം ആരുടെ മനസ്സിലും ഉറങ്ങിക്കിടക്കുന്ന ആത്മീയ ചിന്തകളെ തൊട്ടുണർത്തും. ആശ്രമത്തിൽ അൽപ്പ സമയം ചെലവിട്ട് ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.

ഋഷികേശിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉള്ളിൽ വല്ലാത്ത നഷ്ടബോധം നിറഞ്ഞു നിന്നിരുന്നു. രണ്ട് ആഴ്ചയെങ്കിലും അനുഭവിച്ചു തീർക്കേണ്ട വിസ്മയത്തെ രണ്ടു ദിവസത്തിൽ ഒതുക്കേണ്ടി വന്നതിൽ മനസ്സ് അസ്വസ്ഥമായിരുന്നു. എങ്കിലും വീണ്ടുമൊരു വരവുണ്ട് എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങൾ അവിടെ നിന്ന് അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു...ഒരു ആയുഷ്കാലം മറക്കാൻ കഴിയാത്ത മനോഹരമായ ഓർമകളുമായി...

English Summary: Rishikesh Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com