‘ലക്ഷദ്വീപിന്റെ മുഖച്ഛായ മാറും’: രണ്ട് ആഡംബര റിസോര്‍ട്ടുമായി ടാറ്റ ഗ്രൂപ്പ്
Mail This Article
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ വിവാദമായ ലക്ഷദ്വീപിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികളാണ് അണിയറയില്‍ നടക്കുന്നത്. 2026 നു മുൻപ് ടാറ്റ ഗ്രൂപ്പിന്റെ രണ്ട് ആഡംബര റിസോര്‍ട്ടുകള്‍ ലക്ഷദ്വീപില്‍ ഉയരും. ലക്ഷദ്വീപ് - മാലദ്വീപ് വിവാദം ഉയര്‍ന്നതിന് പിന്നാലെ ലക്ഷദ്വീപിനെ മാലദ്വീപിനേക്കാള്‍ മനോഹരമായ സ്ഥലമായി പലരും ഉയര്‍ത്തിക്കാണിച്ചിരുന്നു. ലക്ഷദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയുള്ള ആശങ്കയും ഇതിനൊപ്പം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിയാണ് രണ്ട് താജ് ബ്രാന്‍ഡഡ് റിസോര്‍ട്ടുകള്‍ ലക്ഷദ്വീപില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചത്. 'ലക്ഷദ്വീപിന്റെ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് ധാരണയുണ്ട്. മനോഹരമായ ബീച്ചുകളും പവിഴപ്പുറ്റുകളുമെല്ലാം ദേശീയ - രാജ്യാന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും' എന്നാണ് IHCL എംഡിയും സിഇഒയുമായ പുനീത് ചാത്വാല്‍ ലക്ഷദ്വീപിനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചത്.
36 ദ്വീപുകളുള്ള ലക്ഷദ്വീപിലെ അഗത്തി, ബംഗാരം, മിനിക്കോയി, കവരത്തി, സുഹേലി, കടമത്ത് എന്നിങ്ങനെയുള്ള പല ദ്വീപുകളും ഇപ്പോള്‍ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഇതില്‍ കടമത്ത് ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ ഡൈവ് സെന്ററാണ്. സുഹേലിയില്‍ നിര്‍മിക്കുന്ന താജിന്റെ റിസോര്‍ട്ടില്‍ 110 മുറികളും 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളുമുണ്ട്. കടമത്തിലെ താജ് ഹോട്ടലില്‍ 110 മുറികളും 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളുമുണ്ട്. ലക്ഷദ്വീപിന്റെ വാട്ടര്‍സ്‌പോര്‍ട്ട് സാധ്യതകളും പ്രയോജനപ്പെടുത്താന്‍ താജ് ഗ്രൂപ്പിന് പദ്ധതികളുണ്ട്.
ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അവിടേക്ക് യാത്രികരെ ക്ഷണിച്ചതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ജനുവരി നാലിനായിരുന്നു ലക്ഷദ്വീപിലെ ചിത്രങ്ങള്‍ സഹിതമുള്ള മോദിയുടെ പോസ്റ്റ്. ലക്ഷദ്വീപില്‍ സ്‌നോര്‍ക്കലിങ് ചെയ്യുന്ന ചിത്രങ്ങളും മോദി എക്‌സില്‍ പോസ്റ്റു ചെയ്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ലക്ഷദ്വീപിനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റുകള്‍ മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണെന്ന് ആരോപിച്ച് മന്ത്രിമാരടക്കം രംഗത്തു വന്നതോടെ വിവാദം പുതിയ തലത്തിലേക്കെത്തി.
നരേന്ദ്ര മോദിയുടെ പോസ്റ്റിനെതിരെ മാലദ്വീപ് ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കൂട്ടത്തില്‍ മറിയം ഷിയുന മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നും പറഞ്ഞിരുന്നു. വിവാദമായതോടെ ഇവര്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇത് ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരിച്ച മാലദ്വീപ് സര്‍ക്കാര്‍ മൂന്നു മന്ത്രിമാര്‍ക്കെതിരെയും നടപടിയെടുക്കുകയും ചെയ്തിരുന്നു.
മറിയം ഷിയുനയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയില്‍ 'മാലദ്വീപിനെ ബഹിഷ്‌കരിക്കൂ, ഇന്ത്യന്‍ ദ്വീപുകളെ കൂടുതലറിയൂ' എന്ന ആഹ്വാനം ഉയര്‍ന്നിരുന്നു. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളില്‍ ഇന്ത്യക്കാരാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷം 2,09,198 ഇന്ത്യക്കാരാണ് മാലദ്വീപിലെത്തിയത്. തൊട്ടുപിന്നില്‍ റഷ്യയും(2,09,146) മൂന്നാം സ്ഥാനത്ത് ചൈനയുമുണ്ട്(1,87,118). മാലദ്വീപിന്റെ പുതിയ പ്രധാനമന്ത്രിയും സര്‍ക്കാരും ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്‌വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. തുര്‍ക്കിയും യു.എ.ഇയും സന്ദര്‍ശിച്ച ശേഷം മാലദ്വീപ് പ്രസിഡന്റ് ചൈനയിലേക്കും എത്തിയിരുന്നു.
അതേസമയം മാലദ്വീപിലേക്കുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ കൂട്ടത്തോടെ റദ്ദാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് മൈക്ക് മൈ ട്രിപ്പ് സ്ഥാപകന്‍ ദീപ് കല്‍റ പ്രതികരിച്ചിരുന്നു. ലക്ഷക്കണക്കിനു രൂപ ചിലവാക്കിയാണ് പലരും ഇത്തരം യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത്. പെട്ടെന്ന് അത് റദ്ദാക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കും. അതേയമയം പുതിയ വിവാദങ്ങളെ തുടര്‍ന്ന് മാലദ്വീപിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രകള്‍ കുറയാന്‍ സാധ്യതയുണ്ട്. അടുത്ത 20-25 ദിവസങ്ങള്‍ക്കുള്ളില്‍ മാലദ്വീപിനെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങളെ ഇന്ത്യന്‍ യാത്രികര്‍ എങ്ങനെയാണ് എടുത്തിട്ടുള്ളതെന്ന് അറിയാനാവുമെന്ന് ദ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപറേറ്റേഴ്‌സ് പറയുന്നുണ്ട്.
അതേസമയം മാലദ്വീപ് യാത്രയെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വലിയ തോതില്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപറേറ്റേഴ്‌സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'മുന്‍കൂട്ടി ബുക്കു ചെയ്തവര്‍ മാലദ്വീപ് യാത്ര റദ്ദാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ പുതിയ യാത്രികര്‍ മാലദ്വീപിനെ തിരഞ്ഞെടുക്കുന്നില്ലെന്ന സൂചനയാണ് ലഭിക്കുന്നത്' എന്നാണ് IATO പ്രസിഡന്റ് രാജിവ് മെഹ്‌റ പറഞ്ഞത്.