കപ്പയിൽ കുമിൾ രോഗം, ആശങ്ക; കപ്പ പിഴുതുകളഞ്ഞു തുടങ്ങി
Mail This Article
കൂത്താട്ടുകുളം∙ ജില്ലയുടെ കിഴക്കൻ മേഖലയിൽ കപ്പയിൽ കുമിൾ രോഗം വ്യാപിക്കുന്നു. കൂത്താട്ടുകുളം നഗരസഭ, പാലക്കുഴ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. കൂത്താട്ടുകുളം കാളശേരിൽ കെ. രാജന്റെ 40 സെന്റിൽ കൃഷി ചെയ്ത 120 ചുവട് കപ്പ അഴുകി നശിച്ചു. കൃഷി ഓഫിസർ അമിത കെ. ജോർജിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. പൈറ്റക്കുളത്തും പാലക്കുഴ പഞ്ചായത്തിലെ മനയ്ക്കപ്പാടം, കരിമ്പന, കാരമല തുടങ്ങിയ മേഖലയിലും കുമിൾ രോഗം റിപ്പോർട്ട് ചെയ്തു. കർഷകർ രോഗം ബാധിച്ച കപ്പ പിഴുതു കളഞ്ഞു തുടങ്ങി.
ഫ്യൂസേറിയം ഫംഗസ് ബാധ മൂലം കപ്പയുടെ ചുവടുഭാഗം ചീഞ്ഞ് അഴുകുന്ന രോഗാവസ്ഥയാണിത്. നൈട്രജൻ കൂടുതലുള്ള മണ്ണിനെയാണ് ഫ്യൂസേറിയം കുമിൾ കൂടുതൽ ബാധിക്കുന്നത്. നടീൽ വസ്തു, മണ്ണ്, വെള്ളം എന്നിവയിലൂടെയാണ് രോഗസംക്രമണം. പല കർഷകരും കരാർ നൽകി കപ്പ വിൽപന നടത്തിയ ശേഷമാണ് രോഗബാധ അറിയുന്നത്. ഇതോടെ വാങ്ങിയ പണം തിരിച്ചു നൽകേണ്ട സ്ഥിതിയാണ്.
കുറഞ്ഞ ചെലവിൽ കൃഷി സാധ്യമാകും എന്നതിനാലാണ് കപ്പക്കൃഷി തിരഞ്ഞെടുത്തതെന്ന് കർഷകർ പറഞ്ഞു. നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. പാലക്കുഴ പഞ്ചായത്തിൽ വാഴയിലും പൈനാപ്പിൾ ചെടിയിലും രോഗം കണ്ടെത്തി. വാഴയിൽ വ്യാപകമായി പോള ചീയുന്നതും പൈനാപ്പിൾ ചെടിയുടെ ഇല കരിയുന്നതുമാണ് രോഗലക്ഷണം.