അന്വേഷണങ്ങളെല്ലാം നിലച്ചു, സെൻട്രൽ ജയിൽ ഇപ്പോൾ വിവാദങ്ങളുടെ കൂടാരം
Mail This Article
കണ്ണൂർ∙ചപ്പാത്തി നിർമാണ കേന്ദ്രത്തിൽ നടന്ന മോഷണമടക്കം സെൻട്രൽ ജയിലിലെയും സ്പെഷൽ സബ് ജയിലിലെയും വിവാദ സംഭവങ്ങളിലും ക്രമക്കേട് ആരോപണങ്ങളിലും അന്വേഷണം നിലച്ചു. ഒരു വർഷം മുൻപാണു ചപ്പാത്തി നിർമാണ കേന്ദ്രത്തിന്റെ പൂട്ടു പൊളിച്ച് 2 ലക്ഷത്തോളം രൂപ മോഷ്ടിച്ചത്. ടൗൺ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ പ്രതിയാരാണെന്നു കണ്ടെത്തിയിട്ടില്ല.
ചപ്പാത്തി നിർമാണ കേന്ദ്രത്തിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പോലും നടന്നിട്ടില്ല. സദാസമയവും സിസിടിവി നിരീക്ഷണത്തിലുള്ള സെൻട്രൽ ജയിലിൽ നടന്ന മോഷണം ജയിൽ വകുപ്പിനു നാണക്കേടുണ്ടാക്കിയിരുന്നു. പൊലീസ് നായ, ജയിൽ ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സിനു നേർക്കാണ് ഓടിയത്. അതിനപ്പുറം പൊലീസ് അന്വേഷണം പോകാതിരുന്നത് ഉന്നതതല സമ്മർദത്തെ തുടർന്നാണെന്ന് ആരോപണമുണ്ട്.
ക്വാർട്ടേഴ്സുകൾ പൊളിച്ചു,ക്രമക്കേടുകൾ ഉയർന്നു
ജയിൽ പരേഡ് ഗ്രൗണ്ടിനു സമീപത്തുള്ള 14 പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചു വിറ്റതു സംബന്ധിച്ച ക്രമക്കേട് ആരോപണവും ജയിൽ വകുപ്പ് അവഗണിച്ചു. 20,000 രൂപയ്ക്കാണു 14 ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കാൻ കരാർ നൽകിയത്.
പൊളിച്ചു കിട്ടുന്ന കല്ല്, ഇഷ്ടിക, മര ഉരുപ്പടികൾ, ഓട് തുടങ്ങിയവയെല്ലാം പൊളിക്കൽ കരാറുകാരനു ലഭിക്കും. ആദ്യം കരാറെടുത്തയാൾ, 2 ലക്ഷത്തിന് അപ്പോൾ തന്നെ ഇതു മറിച്ചു വിൽക്കുകയായിരുന്നുവെന്നും തുച്ഛ വിലയ്ക്ക് കരാറുറപ്പിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപണമുയർന്നിരുന്നു.
സിക്കയിലെ നിർമാണത്തിൽ ക്രമക്കേടിനു പരിശീലനമോ ?
ജയിൽ ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ‘സിക്ക’യിലെ ചില നിർമാണ പ്രവർത്തനങ്ങൾക്കു കരാറുകാരനു വേണ്ടി ചില തടവുകാരെ ജോലിക്കു നിയോഗിക്കുകയും ഇതിനു ജയിൽ വകുപ്പിൽ നിന്നു കൂലി നൽകുകയും ചെയ്തതായും ആരോപണമുണ്ട്.
കൂലിയിനത്തിൽ കരാറുകാരനു പതിനായിരക്കണക്കിനു രൂപയുടെ ലാഭമുണ്ടായതായും ഇതിന്റെ ഒരു ഭാഗം ചില ജയിൽ ഉദ്യോഗസ്ഥർ പറ്റുകയും ചെയ്തതായുമുള്ള ആരോപണത്തെപ്പറ്റിയും അന്വേഷണം നടന്നിട്ടില്ല.‘സിക്ക’യിലെ ഒരു കെട്ടിട നിർമാണ പദ്ധതിയുടെ കരാറുകാരനിൽ നിന്ന് കമ്മിഷനായി, ലക്ഷക്കണക്കിനു രൂപ ചില ഉദ്യോഗസ്ഥർ കൈപ്പറ്റിയെന്ന ആരോപണവും അന്വേഷണ വിധേയമായില്ല.
തുരപ്പനെത്തിയത് വിവാദമായി
പെരിങ്ങോത്തെ ഒരു നഴ്സറിയിൽ നിന്ന് പൂച്ചെടികളും പൂച്ചട്ടികളും മോഷ്ടിച്ച് തുരപ്പൻ സന്തോഷ് എന്ന സ്ഥിരം മോഷ്ടാവ് സെൻട്രൽ ജയിലിനു സമീപമെത്തിയ സംഭവം ഏറെ വിവാദമായിരുന്നു. ഒരു ജയിൽ ഉദ്യോഗസ്ഥൻ നിരദേശിച്ച പ്രകാരമാണു പൂച്ചട്ടി മോഷ്ടിച്ചതും സെൻട്രൽ ജയിലിനു സമീപമെത്തിച്ചതുമെന്നാണ് തുരപ്പൻ സന്തോഷ് പൊലീസുകാരോട് ആദ്യം പറഞ്ഞത്. പക്ഷേ, ഇക്കാര്യത്തിൽ തുടരന്വേഷണം നടന്നതേയില്ല.