അവതാർ ജ്വല്ലറി തട്ടിപ്പ് ; പൊലീസിനെ ആക്രമിച്ച് പ്രതി സ്റ്റേഷനിൽ നിന്നു കടന്നുകളഞ്ഞു

Mail This Article
ചാവക്കാട് ∙ പൊലീസിനെ ആക്രമിച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നിന്നു പ്രതി കടന്നുകളഞ്ഞു . അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വിവിധ ഷോറൂമുകളിൽ നിക്ഷേപിച്ച കോടിക്കണക്കിന് രൂപയും സ്വർണവും തട്ടിയ കേസിലെ പ്രതിയായ ജ്വല്ലറി ഡയറക്ടർ പാലക്കാട് തൃത്താല ഉൗരത്തൊടിയിൽ അബ്ദുല്ലയാണ് (57) സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി കാറിൽ കടന്നുകളഞ്ഞത്. പിടിക്കാനെത്തിയ ഉദ്യോഗസ്ഥനെ കാറിടിപ്പിക്കാൻ ശ്രമിച്ചു.
സിപഒ നന്ദന് (44) കാലിനു പരുക്കേറ്റു. ഇന്നലെ വൈകിട്ട് 3.15 നാണ് സംഭവം. പണം തട്ടിയ 13 കേസുകളാണ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഉണ്ടായിരുന്നത്. ഹൈക്കോടതിയിൽ നിന്നു ജാമ്യമെടുത്ത അബ്ദുല്ലയെ സ്റ്റേഷനുള്ളിൽ നിർത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കുമ്പോഴാണ് ഓടിയത്. കുന്നംകുളം സ്റ്റേഷനിലെ മറ്റൊരു കേസിൽ ഇയാൾക്ക് ജാമ്യമില്ലാ വാറന്റ് ഉണ്ട്.
ഇതു മനസ്സിലാക്കിയ പ്രതി സ്റ്റേഷനു മുന്നിലേക്ക് സുഹൃത്ത് എത്തിച്ച കാറിൽ കടന്നുകളയുകയായിരുന്നു. കാറിന്റെ ഡോറിൽ പൊലീസ് പിടിച്ചതിനെ തുടർന്ന് തുറന്ന ഡോറുമായി കാർ ഗുരുവായൂർ–കുന്നംകുളം റോഡിലൂടെ ഓടിച്ചുപോയി. പൊലീസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു.