ADVERTISEMENT

തൃശൂർ ∙ സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എതിർപ്പുയർന്നു. പ്രചാരണത്തിന് ഇറങ്ങിയപ്പോൾ ‘വരത്തൻ വാദം’ നേരിട്ടു. ഒന്നിലേറെ എക്സിറ്റ് പോളുകളിൽ തോൽവി പ്രവചിക്കപ്പെട്ടു. വോട്ടെണ്ണിത്തുടങ്ങുമ്പോൾ പിന്നിലായി. ഭൂരിപക്ഷം ഉറപ്പിക്കാനുള്ള അവസാന നിമിഷങ്ങളിൽ വോട്ടിങ് മെഷീനുകൾ പണിമുടക്കി. ഇത്രയേറെ വെല്ലുവിളികൾ നേരിട്ടപ്പോഴും പതിവു പുഞ്ചിരി വിടാതിരുന്ന സനീഷ് കുമാർ ജോസഫിനു ചാലക്കുടി മണ്ഡലത്തിൽ ഉശിരൻ വിജയം.

സ്ഥാനാർഥി പ്രഖ്യാപനത്തിന് രണ്ടാഴ്ച മുൻപു വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കുകയും പിന്നീടു പാർട്ടിവിട്ടു കേരള കോൺഗ്രസിലെത്തി എൽഡിഎഫ് സ്ഥാനാർഥിയാകുകയും ചെയ്ത ഡെന്നീസ് കെ. ആന്റണിക്കു നേരിടേണ്ടിവന്നതു വൻ തോൽവി. പുതുക്കാട് മണ്ഡലത്തിലെ കല്ലൂരിൽ നിന്നു മണ്ഡലം മാറിയെത്തിയ പുതുമുഖ സ്ഥാനാർഥി സനീഷിനു ചാലക്കുടിയിൽ ഹൃദ്യമായ സ്വീകരണമല്ല ആദ്യം ലഭിച്ചത്. സഹപ്രവർത്തകർക്കിടയിൽ നിന്നുയർന്ന പ്രതിഷേധം സനീഷിനെ തളർത്തിയില്ല.

ബെന്നി ബഹനാൻ എംപിക്കൊപ്പം ചേർന്നു പ്രവർത്തകരെ മെല്ലെ തന്നിലേക്ക് അടുപ്പിച്ചു. കോൺഗ്രസ് വിട്ടെത്തിയ സ്ഥാനാർഥിക്കു സീറ്റ് നൽകിയത‍ിൽ സിപിഐയിൽ പരസ്യമായും സിപിഎമ്മിൽ രഹസ്യമായും ഉയർന്ന എതിർപ്പ് സനീഷിനു ഗുണകരമായി. തൊട്ടുമുൻപത്തെ തിരഞ്ഞെടുപ്പിൽ ബി.ഡി. ദേവസി എൽഡിഎഫിന് 26,648 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്ത സ്ഥാനത്ത് ഇത്തവണ 28,000ഓളം വോട്ട് നഷ്ടപ്പെട്ടു.

രാവിലെ 9ന് ആദ്യവട്ട ഫലസൂചന പുറത്തുവന്നപ്പോൾ 12 വോട്ടിനു സനീഷ് മുന്നിലെത്തിയെങ്കിലും പിന്നീട് ഡെന്നീസ് 784 വോട്ടിനു മുന്നിൽ കയറി. 10.45ന് 1240 വോട്ട് ആയി ഭൂരിപക്ഷമുയർന്നു. എന്നാൽ, 12 മണിയോടെ സനീഷ് മുന്നിലെത്തി. അവസാന നിമിഷങ്ങളിൽ ഉദ്വേഗം കത്തിനിൽക്കെ വോട്ടിങ് യന്ത്രം പണിമുടക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com