കോടതിയിലിഴഞ്ഞെത്തി, ‘കക്ഷി ചേരാനല്ലെന്നേ..’

Mail This Article
തൃശൂർ ∙ ഉച്ചഭക്ഷണത്തിനുശേഷം ചേർന്ന വിജിലൻസ് കോടതിയെ മണിക്കൂറുകളോളം മുൾമുനയിലാക്കി പാമ്പ്. ഓഫിസ് സ്റ്റാഫ് ഇരിക്കുന്ന സെക്‌ഷനിലെ റേക്കിൽ ഫയലുകൾക്കിടയിൽ മൂന്നോടെയാണ് പാമ്പിനെ കണ്ടത്. കോടതിമുറിക്കു പുറത്തിരുന്ന സാക്ഷിയാണ് റേക്കിൽ എന്തോ ഇഴയുന്നത് ആദ്യം കാണുന്നത്.
പിന്നാലെ പാമ്പിന്റെ തലയും കണ്ടതോടെ ജീവനക്കാരെ വിവരമറിയിച്ചു. ബെഞ്ച് ക്ലാർക്ക് വിവരം ജഡ്ജിയെ അറിയിച്ചതോടെ കോടതിപ്രവർത്തനം തൽക്കാലം നിർത്തി. കോടതിക്കു സമീപം പ്രവർത്തിക്കുന്ന സോഷ്യൽ ഫോറസ്ട്രി ഓഫിസിലേക്കും പിന്നീട് അവിടെനിന്ന് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ വിങ്ങിലേക്കും വിവരം കൈമാറി.
വനംവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്നേക് ക്യാച്ചർമാരുടെ വാട്സാപ് ഗ്രൂപ്പായ ‘സർപ്പ’യിൽ വിവരം പങ്കുവച്ചതോടെ ക്യാച്ചർ റോയ് ചിയ്യാരം മിനിറ്റുകൾക്കകം കോടതിയിലെത്തി. ഫയലുകൾ നീക്കി പാമ്പിനെ വാലിൽ പിടികൂടാൻ ശ്രമം നടത്തുന്നതിനിടെ പാമ്പ് കൂടുതൽ ഉള്ളിലേക്കു കയറിയെങ്കിലും താമസിയാതെ പിടികൂടി. മൂന്നടിയോളം നീളമുള്ള ചേരപ്പാമ്പായിരുന്നു കോടതിയെ മുൾമുനയിൽ നിർത്തിയ കക്ഷി! പാമ്പിനെ കാട്ടിൽ തുറന്നുവിടാൻ കൊണ്ടുപോയ ശേഷമാണ് കോടതി നടപടികൾ പുനരാരംഭിച്ചത്.