ADVERTISEMENT

ചെറുതല്ലാത്ത ഒരു ചെറിയ കണക്കാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കഴിഞ്ഞ വർഷം 2923 ഇന്ത്യക്കാർക്കു ജീവൻ നഷ്ടപ്പെട്ടു. കൃഷി നശിച്ചത് ഏകദേശം 18.4 ഹെക്ടറിലേത്. ഒപ്പം മനുഷ്യർ ഉപജീവനത്തിനായി വളർത്തുന്ന 9 2,500 കന്നുകാലികളും ചത്തു. എന്താണ് കാലാവസ്ഥാ വ്യതിയാനത്തിനു കാരണം? വ്യവസായ വിപ്ലവത്തിനു തുടക്കം കുറിച്ചത് പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. അത് ചില രാജ്യങ്ങളെ സമ്പന്നരാക്കി. 

എന്നാൽ അവർ ഇന്ധനപ്പുകയുടെയും മറ്റും രൂപത്തിൽ പുറത്തുവിട്ട ഹരിതഗൃഹ വാതകങ്ങൾ ഭൂമിയുടെ താപനില വർധിപ്പിച്ചു. കാലാവസ്ഥയ്ക്ക് വ്യതിയാനങ്ങളുണ്ടായി. ഭൂമിയിൽ ഏതു രാജ്യം ഗ്രീൻഹൗസ് വാതകങ്ങൾ പുറത്തു വിട്ടാലും ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നത് എല്ലാവരും കൂടിയാണ്. സ്വാഭാവികമായി ഒരു ചോദ്യം ഉയരുന്നു. ‘നിങ്ങൾ പുറത്തു വിടുന്ന പുകയുടെ ഫലം ഞങ്ങൾ, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ മനുഷ്യരും മൃഗങ്ങളും പ്രകൃതിയും കൃഷിക്കാരുമൊക്കെ, അനുഭവിക്കുന്നതെന്തിന്?’ 2023 നവംബർ 30 മുതൽ ഡിസംബർ 13 വരെ കൂടിയ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ സമ്മേളനത്തിൽ (COP 28) ഉയരേണ്ടതും തുല്യാവകാശം അഥവാ ഇക്വിറ്റി എന്ന ആശയമുൾക്കൊള്ളുന്ന ഈ ചോദ്യമായിരുന്നു. ലോകത്തിൽ ഏറ്റവുമധികം  പെട്രോൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നിൽ നടന്ന സുപ്രധാനമായ സമ്മേളനം ഇക്കാര്യത്തിൽ പറഞ്ഞ ഉത്തരങ്ങളെന്താണ്? എന്തെങ്കിലും കാതലായ തീരുമാനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായോ? അവ നടപ്പിലാകുമോ?

A pigeon drinks at a public fountain during a heatwave, in Mulhouse, eastern France, on August 22, 2023. (Photo by SEBASTIEN BOZON / AFP)
A pigeon drinks at a public fountain during a heatwave, in Mulhouse, eastern France, on August 22, 2023. (Photo by SEBASTIEN BOZON / AFP)

കാലാവസ്ഥാ വ്യതിയാനം വിദൂര ഭീഷണിയല്ല

തീവ്രമഴയും കടുത്ത വേനലും ചുഴലിക്കാറ്റുകളും ഉരുൾപൊട്ടലും കൃഷിക്കുണ്ടാകുന്ന നാശനഷ്ടങ്ങളുമൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകങ്ങളായി കണക്കാക്കിയാൽ അതൊരു വിദൂര ഭീഷണിയല്ലെന്നും തൊട്ടടുത്തെത്തിയ അനുഭവമാണെന്നും മനസ്സിലാക്കാം. ഉത്തരേന്ത്യയിൽ ശൈത്യമെത്തുന്ന ഡിസംബറിൽ, പോയ വർഷം താപനില ശരാശരിയിലും കൂടുതലായിരുന്നു. നമ്മുടെ നാട്ടിലെ വൃശ്ചികത്തിനും ധനു മകരങ്ങൾക്കും കുളിരെത്രയുണ്ട്? നമ്മുടെ അയൽക്കാരായ തമിഴ്നാട്ടിലെ ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റ് കൊണ്ടുവന്നത് കനത്ത മഴയായിരുന്നു. 

കാലാവസ്ഥാ വ്യതിയാനം നമ്മുടെ കൺമുൻപിൽ അനുഭവവേദ്യമാകുന്ന സമയത്താണ് ദുബായിൽ ലോക രാഷ്ട്രങ്ങളുടെ ഉച്ചകോടി നടന്നത്. അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ ഉൽപാദനം നടക്കുന്ന ഒരു രാജ്യത്തു നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗം 2030 ആകുമ്പോഴേക്കും പരമാവധി കുറയ്ക്കാനുള്ള വഴികളാണ് ചർച്ച ചെയ്തതെന്ന കൗതുകമുണ്ട്. എന്തായാലും ഉറച്ച ചുവടുവയ്പുകൾ അനിവാര്യമാണെന്ന ചിന്ത മുൻപത്തേക്കാൾ ശക്തമാകുന്നുവെന്ന സൂചനകൾ ശുഭോദർക്കമാണ്.

ദുബായുടെ ബാക്കിപത്രങ്ങൾ

2022 ൽ ഈജിപ്തിൽ വച്ച നടന്ന COP 28 കാർബൺ, ഹരിതഗൃഹ വാതകങ്ങൾ എന്നിവയുടെ ഉത്സർജനം കുറയ്ക്കുന്നതു സംബന്ധിച്ച ചർച്ചയിൽ കാര്യമായ പുരോഗതിയൊന്നുമില്ലാതെയാണ് പിരിഞ്ഞത്. ഫോസിൽ ഇന്ധനങ്ങളുടെ ഉൽപാദനത്തിൽ മുൻപിൽ നിൽക്കുന്ന ഒപെക് രാജ്യങ്ങളിലെ മുഖ്യനായ യുഎഇ തന്നെ ഇത്തരമൊരു ഉച്ചകോടിക്ക് ആതിഥേയരാകുന്നതിന്റെ വൈരുധ്യം പലരും ചൂണ്ടിക്കാണിച്ചിരുന്നു. പാരിസ് ഉടമ്പടിയിൽ തീരുമാനിച്ചിരിക്കുന്നതു പോലെ, അന്തരീക്ഷ താപനിലയിലെ വർധന 1.5 ഡിഗ്രിയിൽ താഴെ നിലനിർത്തുക എന്നതാണ് നമ്മുടെ മുൻപിലുള്ള പ്രഥമവും പ്രധാനവുമായ ലക്ഷ്യം. ഇതിനായി കൽക്കരി, പ്രകൃതിവാതകം, എണ്ണ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരുകയോ നിർത്തി വയ്ക്കുകയോ ചെയ്യേണ്ടതുണ്ട്. എന്നാൽ ദുബായ് മീറ്റിങ്ങിൽ അതുണ്ടായില്ല. പകരം നിർത്തണോ അതോ കുറയ്ക്കണോ എന്ന വാക്കിൽ ചുറ്റിപ്പറ്റി തർക്കങ്ങൾ തുടർന്നു. ഒടുവിൽ. ഊർജോൽപാദനരംഗത്ത് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം 2030 എത്തുമ്പോഴേക്കും കുറച്ചു കൊണ്ടുവരണമെന്ന ആഹ്വാനം മാത്രമാണ് ഉണ്ടായത്. ആഹ്വാനങ്ങൾക്കൊപ്പം പ്രവർത്തനം കൂടിയില്ലെങ്കിൽ 2050-ൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യം തീർത്തും അസാധ്യമാകകും. കാർബൺ കാപ്ചർ സാങ്കേതിക വിദ്യകൾ നടപ്പിലാക്കണമെന്നതാണ് മറ്റൊരു ആഹ്വാനം. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യ ഫലങ്ങൾ നേരിടാൻ നൽകേണ്ട ധനസഹായം എകദേശം 700 ബില്യൻ ഡോളർ ആണ്. 250 ദശലക്ഷം ഡോളർ ഈയിനത്തിൽ നൽകാൻ വികസിത രാജ്യങ്ങൾ തയാറായി എന്നത് ശ്രദ്ധേയമാണ്. എങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആകെ ആഗോള നഷ്ടം കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം 1.5 ലക്ഷം കോടി ഡോളറായതിനാൽ ഇതൊരു ചെറിയ തുകയാണെന്നു പറയാം. കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും എന്ന വിഷയം കാര്യമായി ചർച്ച ചെയ്യപ്പെട്ടതും സ്വാഗതാർഹമായി കണക്കാക്കപ്പെട്ടു. ഫോസിൽ ഇന്ധനങ്ങൾ കുറച്ചതുകൊണ്ടു മാത്രം കാര്യമായില്ല എന്ന തിരിച്ചറിവ് ഇനിയും വന്നിട്ടില്ല എന്നതും ചർച്ചകളുടെ പ്രാധാന്യം കുറച്ചു. കാർബൺ പുറന്തള്ളലും ആഗിരണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തി കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുകയാണ് പ്രധാനം. ഇതിനായി വനങ്ങൾ, മണ്ണ്, സമുദ്രങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ കാർബൺ സിങ്കുകൾ സംരക്ഷിക്കപ്പെടണം. എന്നാൽ ഇക്കാര്യങ്ങളിൽ കാര്യമായ ചർച്ചയുണ്ടായില്ല.

A pigeon drinks at a public fountain during a heatwave, in Mulhouse, eastern France, on August 22, 2023. (Photo by SEBASTIEN BOZON / AFP)
(Photo: Sebastian Bozon / AFP)

ഇന്ത്യയെന്തു ചെയ്യും?

Image Credit: Jo Raphael/Istock
Image Credit: Jo Raphael/Istock

കാലാവസ്ഥാ ദുരന്തങ്ങൾ കൺമുന്നിലെത്തിക്കഴിഞ്ഞ സ്ഥിതിക്ക് കാത്തിരിക്കാൻ ഇന്ത്യയ്ക്കാവില്ല. വമ്പൻ രാജ്യങ്ങളുടെ തീരുമാനങ്ങൾക്കായി നോക്കിയിരിക്കാൻ സമയവുമില്ല. ഇന്ത്യയുടെ പാരമ്പര്യേതര ഊർജ ഉൽപാദന ശേഷി  132 ജിഗാവാട്ടിലെത്തുകയാണെങ്കിലും ഇന്ത്യയുടെ ഊർജ ആവശ്യം 241 ജിഗാവാട്ടാണ്. വൈദ്യുതിയുടെ മുക്കാലും കൽക്കരി ഉപയോഗിക്കുന്ന താപനിലയങ്ങളിലാണ് ഉൽപാദിപ്പിക്കുന്നത്. വളർച്ചയിൽ കുറവില്ലാതെ കൽക്കരി ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടേണ്ടി വരും. കാറ്റ്, സൗരോർജം, ആണവോർജം, ജൈവ ഇന്ധനങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ സാധ്യതകൾ കൂടുതലായി പരിഗണിക്കണം. വാഹന ഗതാഗതം വൈദ്യുതിയിലേക്കു മാറ്റണം. എല്ലാ മേഖലകളിലും മലിനീകരണം കുറഞ്ഞ ഗ്രീൻ സാങ്കേതിക വിദ്യകളെ പ്രോൽസാഹിപ്പിക്കണം. ഇനി മുതൽ കാലാവസ്ഥാ വ്യതിയാനം ചർച്ചകളുടെയല്ല, കർമ പദ്ധതികളുടെ ഭാഗമാകണം.

English Summary:

COP28 Spotlight: Addressing Equity in Climate Change as India Faces Soaring Human & Agricultural Losses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com