പുതിയ സ്വിഫ്റ്റ് വാങ്ങാൻ 5 കാരണങ്ങൾ
Mail This Article
പുതിയ സ്വിഫ്റ്റ് പുതുമയാണ്. രണ്ടു ദശകം പിന്നിട്ടിട്ടും തെല്ലും വാട്ടമില്ലാതെ നിൽക്കുന്ന ബ്രാൻഡ് മൂല്യം. 29 ലക്ഷം സ്വിഫ്റ്റുകൾ ഇതു വരെ ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ടെന്നത് നിസ്സാരമല്ല. ഇവരെല്ലാം മാരുതി പറയും പോലെ ‘ഹാപ്പി കസ്റ്റമേഴ്സാ’ണെന്നു വിശ്വസിച്ചു പോകും. കാരണം മോഡലുകൾ മാറി മാറി വരുമ്പോൾ സ്വിഫ്റ്റിനു പ്രീതിയേറി വരികയാണ്. പുതിയ സ്വിഫ്റ്റ് എങ്ങനെയുണ്ട്? വാങ്ങാമോ? ഇതാ അഞ്ചു കാരണങ്ങൾ:
1. സ്വിഫ്റ്റ് ലെഗസി...
വെറുമൊരു കാറു മാത്രമല്ല, ലെഗസിയാണ് സ്വിഫ്റ്റ്. മാരുതി കുഞ്ഞു കുഞ്ഞു കാറുകൾ മാത്രമുണ്ടാക്കാനറിയാവുന്ന നിർമാതാക്കളായിരുന്നുവെന്നു കരുതപ്പെട്ടിരുന്ന കാലത്ത് 2005 ൽ യൂറോപ്യൻ നിലവാരത്തിൽ സ്വിഫ്റ്റ് എത്തി. ജനം സ്വീകരിച്ചു. കാലം പിന്നിടുമ്പോൾ സ്വിഫ്റ്റ് ഒരു പൈതൃകമായി മനസ്സിലുറയ്ക്കുന്നു. നാലാം തലമുറ കാറും ഈ പൈതൃകത്തിന്‍റെ ശേഷിപ്പാണ്.
2. യുവത്വം, ലാളിത്യം, സൗകര്യപ്രദം
ഒതുക്കമുള്ള കുടുംബ കാറിന് യുവത്വം തെല്ലും ചോരുന്നില്ല. ഏറ്റവും പുതിയ സ്വിഫ്റ്റിന് കുറെ കൂടുതൽ സൗകര്യങ്ങളുണ്ടെങ്കിലും ലാളിത്യവും നശിക്കുന്നില്ല. പ്രീമിയം കാറിലുള്ള എല്ലാ സൗകര്യങ്ങളും 10 ലക്ഷം രൂപയിൽത്താഴെ വിലയുള്ള ടോപ് മോഡലിലുണ്ട്. അതേ കാർ 6.5 ലക്ഷം രൂപയ്ക്ക് സാധാരണക്കാരന്റെ കാറായും ലഭിക്കും. സൗകര്യങ്ങൾ തെല്ലു കുറയുമെന്നു മാത്രം.
3. സുരക്ഷ
മാരുതിക്കു സുരക്ഷ പോരെന്ന പ്രചാരം സ്വിഫ്റ്റ് കാറ്റിൽപ്പറത്തുന്നു. അടിസ്ഥാന മോഡലിലടക്കം എല്ലാ സുരക്ഷ സംവിധാനങ്ങളുമുണ്ട്. 6 എയർബാഗ്, ഇ എസ് പി, ഹിൽ ഹോൾഡ്, എ ബി എസ്, എല്ലാ സീറ്റിനും ത്രീ പോയിൻറഡ് ബെൽറ്റുകൾ. ഡ്രൈവറും യാത്രക്കാരും സ്വിഫ്റ്റിൽ പരിപൂർണ സുരക്ഷിതർ.
4. മാരുതി നെറ്റ് വർക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കൾ ഏറ്റവും വലിയ വിൽപന, സര്‍വീസ് ശൃംഖലയും നൽകുന്നു. അയ്യായിരത്തോളം വരുന്ന മാരുതി കേന്ദ്രങ്ങൾ ഇന്ത്യ മുഴുവൻ പടർന്നു പന്തലിക്കുന്നു. മറ്റു പല നിർമാതാക്കൾക്കും നൽകാനാവാത്ത സൗകര്യം. കുറഞ്ഞ വിലയ്ക്ക് സ്പെയർ പാർട്സും സർവീസും. മികച്ച സെക്കൻഡ് ഹാൻഡ് മൂല്യം.
5. പുതിയ എൻജിൻ
പുതിയ സ്വിഫ്റ്റിന്റെ ഏറ്റവും വലിയ പുതുമകളിലൊന്നാണ് പുതിയ സീ സീരീസ് എൻജിൻ. 1197 സി സി എൻജിനിന്റെ പ്രത്യേകത അത്യാധുനിക സാങ്കേതികൾ. 81.58 പിഎസ്. 112 എൻ എം ടോർക്ക്. എജിഎസ് മോഡലിന് 25.75 കിമിയും 5 സ്പീഡ് മാനുവലിന് 24.80 കി.മീ. ഡ്രൈവിങ് എങ്ങനെയുണ്ട്. മൂന്നു സിലണ്ടറേയുള്ളെന്നതും പഴയ മോഡലിനെക്കാൾ ബിഎച്ച്പി തെല്ലു കുറവാണെന്നതും ഡ്രൈവിങ്ങിനെ ബാധിക്കുമോ?
വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് വായിക്കാം.