ADVERTISEMENT

അപ്രീലിയയുടെ ചെറിയ സ്പോർട്സ് ബൈക്ക് എത്തുമെന്നു കരുതി ആരാധകർ അടുപ്പത്തു വെള്ളം വച്ചിട്ടു നാളേറെയായി. ഇന്നു വരും നാളെ വരുമെന്നു കരുതി പ്രതീക്ഷ അസ്തമിച്ച് ആ വെള്ളം അങ്ങു വാങ്ങി വച്ചേക്കാം എന്നു കരുതിയപ്പോഴാണ് അപ്രീലിയയുടെ പുതിയ ചുവട്.  അപ്രീലിയയുടെ ഇന്ത്യൻ സൈറ്റിൽ 125 സിസി ട്യൂണോയുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നു. ഇതോടെ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. ട്യൂണോ എത്തുമെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട. അപ്പോൾ ട്യൂണോയുടെ ഡീറ്റെയിൽസ് ഒന്നു നോക്കാം.

aprilia-tuono-1

സൂപ്പർ ലുക്ക്

അപ്രീലിയയുടെ സൂപ്പർ സ്പോർട്സ് ബൈക്കായ 1100 വി4 ന്റെ മിനിയേച്ചർ എന്നു വിളിക്കാം ട്യൂണോ 125 നെ. എതിരാളികളായ ഡ്യൂക്ക് 125, യമഹ എംടി 15 എന്നിവരെക്കാളും രൂപകൽപനയിൽ ഒരുപടി മുന്നിൽ നിൽക്കുന്നു എന്നു പറയാം. സെമി നേക്കഡ് ഡിസൈനാണ്. സ്പോർട്ടി ഗ്രാഫിക്സും കൂടിയാകുമ്പോൾ കാഴ്ചയിൽ ട്യൂണോ സൂപ്പർ താരമാകുന്നു. 

ഇരട്ട ഹെഡ്‌ലാംപ്, മൾട്ടി സ്പോക്ക് അലോയ് വീൽ, സ്പോർട്ടി അണ്ടർ ബെല്ലി എക്സോസ്റ്റ്, ഗ്രാബ് റെയിൽ ബോഡി പാനലിൽ ഇണക്കിച്ചേർത്ത ടെയിൽ സെക്‌ഷൻ, വീതിയേറിയ ടയറുകൾ,  വീതിയേറിയ ഉയർന്ന ഹാൻഡിൽ ബാർ എന്നിങ്ങനെ പോകുന്നു സവിശേഷതകൾ. മികച്ച നിയന്ത്രണവും കിടിലൻ പെർഫോമൻസും കാഴ്ചവയ്ക്കാൻ സഹായിക്കുന്ന ഭാരം കുറഞ്ഞ അലൂമിനിയം പെരിമീറ്റർ ഫ്രെയ്മിലാണ് നിർമണം. 

aprilia-tuono-2

മികച്ച സസ്പെൻഷൻ സെറ്റപ്പാണ് ട്യൂണോ 125 ൽ നൽകിയിരിക്കുന്നത്. 40 എംഎം യുഎസ്ഡി ഫോർക്കാണ് മുന്നിൽ. പിന്നിൽ പ്രീ ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കൂം. ഇരു വീലുകളിലും ഡിസ്ക് ബ്രേക്കുണ്ട്. മുന്നിൽ 300 എംഎം. പിന്നിൽ 218 എംഎം. വിദേശ വിപണിയിലെ ട്യൂണോ 125 നു ഡബിൾ ചാനൽ എബിഎസ് ആണുള്ളത്. എന്നാൽ ഇന്ത്യൻ മോഡലിനു സിംഗിൾ ചാനലേ കാണാൻ സാധ്യതയുള്ളൂ. 

എൻജിൻ

124.5 സിസി ഫോർവാൽവ്, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്. ഫ്യൂവൽ ഇൻജക്‌ഷനാണ്. കൂടിയ കരുത്ത് 10500 ആർപിഎമ്മിൽ 15 പിഎസ്. ടോർക്ക് 8250 ആർപിഎമ്മിൽ 11 എൻഎം.  ഭാരം 136 കിലോഗ്രാം. 810 എംഎം ഉയരമുണ്ട് സീറ്റിന്.

English Summary: Aprilia Tuono Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com