ADVERTISEMENT

വിയന്ന/കോട്ടയം ∙ തൊണ്ണൂറുകളിൽ കടലും കരയും താണ്ടി മലപ്പുറത്തെ കർഷകകുടുംബത്തിൽ നിന്നും  യൂറോപ്പിലെ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെത്തിയ പ്രിൻസ് പള്ളിക്കുന്നേലിന്റെ പക്കൽ പിതാവ് നൽകിയ 100 ഡോളറായിരുന്നു ആകെയുണ്ടായിരുന്നത്. വിയന്നയിലെ യൂണിവേഴ്സിറ്റി പഠനത്തോടൊപ്പം ഒരു ചെറിയ ജോലിയും ലഭിച്ചു. അതിൽ നിന്നും ലഭിച്ച വരുമാനം കൂട്ടിവച്ച് മറ്റൊരാളോടൊപ്പം ഒരു ചെറിയ ഇന്ത്യൻ ഷോപ്പിലൂടെ ആണ് ബിസിനസിന്റെ തുടക്കം. ഇന്ന് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയുടെ ഹൃദയഭാഗത്തായി പ്രതാപത്തോടെ പ്രോസി (PROSI) അതിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. 

∙ പ്രോസിയുടെ പിറവി
1960 കളിൽ  തൊടുപുഴയിൽ നിന്നും മലപ്പുറത്തെ കരുവാരക്കുണ്ടിലേക്ക് കുടിയേറിയ ഒരു കർഷകനായിരുന്നു പ്രിൻസിന്റെ അച്ഛൻ. ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം മലപ്പുറത്ത് തന്നെ. മഞ്ചേരി എൻ എസ് എസ് കോളജിൽ നിന്നും എംകോം പാസായ ശേഷം, സിഎ പഠനത്തിനിടെ ബാലുശ്ശേരി ഹയർസെക്കൻഡറിയിൽ കൊമേഴ്സ് ലക്ചററായി ജോലി ലഭിച്ചു. അതിനിടയിലാണ് വിയന്ന യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി അഡ്മിഷൻ ലഭിക്കുന്നത്. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

വിയന്നയിലെത്തി രണ്ടു വർഷത്തിനുള്ളിൽ ഒരു ചെറിയ സംരംഭം ആരംഭിച്ചു. നാട്ടിൽ നിന്നുള്ള പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും പത്രമാസികകളും വിയന്നയിലെത്തിച്ച്  വിൽക്കും.  ആ ചെറിയ സംരംഭം പിന്നീട് 1999 -ൽ പ്രോസി എക്സോട്ടിക്ക് സൂപ്പർമാർക്കറ്റായി വളർന്നു. പൊളൈറ്റ്‌നെസ്സ് (P) റെസ്‌പെക്ട് (R) ഒബിഡിയൻസ് (O) സർവീസ് (S) ഇന്റിമസി (I), ഇവയെല്ലാം കൂട്ടി ചേർത്ത് 25 വർഷങ്ങൾക്കു മുൻപ് പ്രിൻസ് തന്നെ നെയ്തെടുത്ത പേരാണ് പ്രോസി. ഭക്ഷ്യ സാധനങ്ങളുടെ വിപണന കേന്ദ്രങ്ങളോടൊപ്പം ഒരു കോസ്മെറ്റിക് ഷോപ്പും സൗത്ത് ഇന്ത്യൻ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഒരു റസ്റ്ററന്റുമുണ്ട്. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ 25 ന്റെ നിറവിൽ ഒരു 'സൂപ്പർ'മാർക്കറ്റ്
ഓസ്ട്രിയയിലെ ഏറ്റവും ആദ്യത്തെ എക്സോട്ടിക് സൂപ്പർമാർക്കറ്റ് ആയ പ്രോസി, ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിഭവങ്ങളുടെ ഒരു കലവറയാണ്. ലോകത്തെ വിവിധകോണിലുള്ള വിഭവങ്ങളും അനുഭവങ്ങളും ഒന്നിച്ചു ഒരിടത്ത്  കാണാൻ സാധിക്കും, അതാണ് പ്രോസി. പ്രാദേശികഷോപ്പിങ് അനുഭവത്തെ മറ്റൊരു തലത്തിൽ വിയന്നയിലെ ജനതയ്ക്ക് പരിചയപെടുത്തിയത് ഈ മറുനാടൻ മലയാളിയാണ്. വെറുമൊരു സൂപ്പർമാർക്കറ്റ് എന്നതിലുപരിയായി ആളുകൾക്ക് വ്യത്യസ്ത പാചക പാരമ്പര്യങ്ങളുമായി ബന്ധപ്പെടാനും അവരുടെ ഭക്ഷണശൈലികൾ  വിശാലമാക്കാനും കഴിയുന്ന ഒരിടം കൂടിയായി പ്രോസി. വിയന്നയിലെ ഏറ്റവും ജനപ്രിയ ബിസിനസ് സംരംഭത്തിനുള്ള വിയന്ന ചേംബർ ഓഫ് കൊമേഴ്‌സ് ഏർപ്പെടുത്തിയ 2024 ലെ ഗെനൂസ് അവാർഡ് (GENUSS AWARD 2024)എന്ന നേട്ടം പ്രോസി എക്സോട്ടിക് സൂപ്പർ മാർക്കറ്റ് സ്വന്തമാക്കി. പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ മൽസ്യം, മാംസം, എന്നിവയ്ക്ക് പുറമെ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ ഉൾപ്പടെ 60 രാജ്യങ്ങളിൽ നിന്നും 15,000ൽ പരം ഉൽപ്പന്നങ്ങൾ വിയന്നയിൽ എത്തിക്കുന്ന 'എക്സോട്ടിക്'  അനുഭവത്തിനാണ് പ്രോസിക്ക് അവാർഡ് നൽകുന്നത് എന്നാണു പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടത്.   

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ പാചകവും പഠിക്കാം
ഭക്ഷ്യവസ്തുക്കൾ തേടി പ്രോസിയിലെത്തുന്നവർക്ക് വ്യത്യസ്ത അനുഭവത്തിനായി സൂപ്പർ മാർക്കറ്റിനൊപ്പം കുക്കിങ് ക്ലാസുകളും ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഏഷ്യൻ ആഫ്രിക്കൻ ലാറ്റിൻ അമേരിക്കൻ രുചികളും പ്രോസിയിൽ നിന്ന് കണ്ടെത്താം. 65 രാജ്യങ്ങളിൽ നിന്നുള്ള രുചി വൈവിധ്യങ്ങൾ ഈ പാചക ക്ലാസിൽ ഇതിനോടകം പഠിപ്പിച്ചു കഴിഞ്ഞു. ഇതിനു ആവശ്യമായ എല്ലാ ചേരുവകളും സാമഗ്രികളും പ്രോസിയിൽ തന്നെ ലഭ്യമാണ്. സ്വന്തം നാടിന്റെ വിഭവങ്ങൾ തേടിയെത്തുന്നവർക്ക് മറ്റു നാടുകളെയും സംസ്കാരങ്ങളെയും അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 

പാചകം ചെയ്ത ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്നു ആസ്വദിക്കാനും മറക്കില്ല. ഓരോ രാജ്യത്തെയും വ്യത്യസ്തമായ രുചികൾ അറിയുമ്പോൾ ഉപഭോക്താക്കൾ അത് തേടി വീണ്ടും പ്രോസിയിലെത്തും. തുടക്കത്തിൽ 10 ശതമാനമായിരുന്നു ഓസ്ട്രിയയിൽ നിന്നുള്ള ഉപഭോക്താക്കളെങ്കിൽ ഇന്ന് അത് 30 ശതമാനമായി വളർന്നു. 

എക്സോട്ടിക്  രുചികളുടെ ഗവേഷണത്തിന് പ്രിൻസ് പള്ളിക്കുന്നേലിന്‌ ഡോക്ടറേറ്റ് ലഭിച്ചത്  ഒരു സ്വാഭാവികത മാത്രമായിരുന്നു.  "ഓസ്ട്രിയയിലെ എക്സോട്ടിക് ഭക്ഷണസംസ്കാരവും സാംസ്കാരിക വൈവിധ്യവും (Exotic Food Culture & Cultural Diversity in Austria )" എന്നതായിരുന്നു അദ്ദേഹത്തിന്റെ  ഗവേഷണ പ്രബന്ധ വിഷയം. ഉപരിപഠനത്തിനായിട്ടാണ് വിയന്നയിൽ എത്തിയതെങ്കിലും മറ്റുത്തരവാദിത്വങ്ങൾക്കിടയിൽ പ്രിൻസിന് പഠനതുടർച്ചയ്ക്ക് തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ എക്‌സോട്ടിക് വിഭവങ്ങളോടുള്ള പ്രിൻസിന്റെ താൽപ്പര്യവും അതേക്കുറിച്ചുള്ള പഠനവുമാണ് പിന്നീട് അദ്ദേഹത്തിന് ഡോക്ടറേറ്റ് നേടി കൊടുത്തത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ സംസ്‌കാരങ്ങളുടെ ആഘോഷം
എല്ലാ വർഷവും വിയന്നക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവൽ. 2000 ലാണ് ഈ ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. പ്രോസി എക്സോട്ടിക് ഫെസ്റ്റിവൽ –ഒരു തെരുവ് മുഴുവൻ പ്രോസിക്കൊപ്പം ആഘോഷിക്കും. ഭക്ഷണവും  സംഗീതവും കലയുമെല്ലാം ഒത്തുചേരുന്ന മാമാങ്കം. ഫുഡ് സ്റ്റാളുകൾ, സംഗീതവും നൃത്തവും നിറഞ്ഞ ഷോകൾ, കൈകൊണ്ടു നിർമിച്ച അപൂർവ കരകൗശല വസ്തുക്കളുടെ സ്റ്റാളുകൾ, തുടങ്ങിയവ തെരുവിനെ വർണാഭമാക്കും. 'സംസ്‌കാരങ്ങളുടെ ആഘോഷം' അതാണ് പ്രോസി എക്സോട്ടിക് ഫെസ്റ്റിവൽ. വിയന്നയുടെ അകത്തും പുറത്തുനിന്നുമായി പതിനായിരത്തിലധികം പേരാണ് വർഷാവർഷം 'പ്രോസിയുടെ സ്വന്തം തെരുവിൽ' രണ്ടു ദിവസമായി നടക്കുന്ന ഈ ഫെസ്റ്റിവലിൽ ഒത്തു ചേരുന്നത്. ഇത് കൂടാതെ സർക്കാരിന്റെ പിന്തുണയോടെ മത സൗഹാർദ സമ്മേളനവും പ്രോസി നടത്തി വരുന്നു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ പ്രോസി ഗ്ലോബൽ ചാരിറ്റി
സമൂഹത്തിൽ അർഹരായവർക്ക് സഹായമെത്തിക്കാൻ പ്രോസി മാനേജ്മെന്റിന് സാധിച്ചിരുന്നു. അതിനായി 2011ൽ പ്രോസി ഗ്ലോബൽ ചാരിറ്റി എന്ന പേരിൽ ചാരിറ്റി ഫൌണ്ടേഷൻ സ്ഥാപിച്ചു. പല ഭൂഖണ്ഡങ്ങളിൽ പല രാജ്യങ്ങളിലായി പ്രോസി സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഏകദേശം 150 ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രോസിയുടെ ഗുണഭോക്താക്കൾ. പെറു, ഘാന, നമീബിയ, നേപ്പാൾ, ബംഗ്ലദേശ്, മൊസാമ്പിക്‌, നൈജീരിയ, ഇന്ത്യയിലെ ഇൻഡോർ, തുടങ്ങി കേരളത്തിലെ പലയിടങ്ങളിൽ പ്രോസി ഗ്ലോബൽ ചാരിറ്റിയുടെ പ്രവർത്തനങ്ങളുടെ ഗുണങ്ങൾ കിട്ടിയവരുണ്ട്. ഡോ. പ്രിൻസ് പള്ളിക്കുന്നേൽ തന്നെ നേരിട്ട് ചെല്ലുകയും ഒരു മാസമെങ്കിലും അവരുടെ കൂടെ തങ്ങി വീടുകൾ, സ്കൂളുകൾ മുതലായവ നിർമിച്ച് നൽകുക എന്നതാണ് രീതി. ടോഗോയിൽ 300 കുട്ടികൾക്ക് പഠിക്കാനുള്ള സ്കൂൾ സ്ഥാപിച്ചു നൽകിയതാണ് ഏറ്റവും ഒടിവിൽ ചെയ്ത പ്രവർത്തനം. 

2025 ൽ സാംബിയയിൽ കുട്ടികൾക്കായി ഒരു സ്കൂൾ നിർമിച്ചു നൽകുന്നതാണ് അടുത്ത പദ്ധതി. ഈ സഹായങ്ങളൊന്നും മറ്റുള്ളവരിൽ നിന്ന് ധനസമാഹരണം നടത്തിയല്ല നൽകുന്നത്. മറിച്ച് പ്രോസിയുടെ ബിസിനസിന്റെ ലാഭവിഹിതത്തിൽ നിന്നാണ്. കൂടാതെ "ഹോപ്പ് ഫോർ ദി ബെസ്റ്റ്" എന്ന പേരിൽ ഓസ്ട്രിയയിൽ വഴിയോരങ്ങളിൽ ഉള്ളവർക്ക് ഒരു നേരത്തെ ഭക്ഷണവും ഒപ്പം സംഗീതവും ഒരുക്കാൻ പ്രോസിക്ക് സാധിക്കുന്നു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ വേൾഡ് മലയാളി ഫെഡറേഷൻ
ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരു സംഘടനയും പ്രിൻസ് രൂപികരിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ (WMF). ലോകത്തെ പ്രവാസി മലയാളികളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യമാണ് സംഘടനയ്ക്കുള്ളത്. ഇന്ന് 166 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള, ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ കുടുംബപങ്കാളിത്തം
ബിസിനസിലും കുടുംബപങ്കാളിത്തം ഉറപ്പു വരുത്തുന്നുണ്ട് പ്രിൻസ് പള്ളിക്കുന്നേൽ. ഇന്ന് ബിസിനസിൽ പ്രിൻസിനെ സഹായിക്കാൻ സഹോദരങ്ങളായ സിജിമോൻ ഭാര്യ ഷൈനി, സിറോഷ് ഭാര്യ റാണി, സഹോദരി ബെറ്റി ഭർത്താവ് ഷാജി, പ്രിൻസിന്റെ ഭാര്യ ഷിജി, മകൾ ഗ്രേഷ്മ തുടങ്ങി കുടുംബാംഗങ്ങൾ എല്ലാവരും സജീവമായി കൂടെയുണ്ട്.

ജീവിതത്തെ സൂക്ഷിച്ചു നിരീക്ഷിച്ചാൽ ചിലപ്പോഴൊക്കെ അതൊരു വിസ്മയ കഥപോലെ അനുഭവപ്പെടും. നമ്മുടെ കൊച്ചു കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും യൂറോപ്പിന്റെ സാംസ്‌കാരിക ചരിത്രമുറങ്ങുന്ന, ഹിറ്റ്ലർ, മോസാർട്ട് തുടങ്ങിയ ചരിത്രപുരുഷന്മാർ ജനിച്ച, ഓസ്ട്രിയൻ മണ്ണിലെത്തി അവിടെ ഒരു വിജയഗാഥ രചിക്കുക എന്നത് അത്തരമൊരു വിസ്മയകരമായ ജീവിതരേഖയാണ്. കഠിനാധ്വാനം കൊണ്ട് യൂറോപ്പ്യൻ മണ്ണിൽ പൊന്നു വിളയിപ്പിച്ച ഒരു മലയാളിയുടെ ജീവിതരേഖ, ഒപ്പം ഓസ്ട്രിയയുടെ മനം കവർന്ന പ്രോസി പ്രസ്ഥാനങ്ങളുടെയും!

English Summary:

The Success Story Of Malappuram Native Dr. Prince Pallikunnel who Started the PROSI Exotic Supermarket in Vienna, Austria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com