ബോധരഹിതനായി പൈലറ്റ്; വിമാനത്തിന് അടിയന്തര ലാൻഡിങ്

Mail This Article
ബര്‍ലിന്‍∙ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള യാത്രക്കിടെ പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ലുഫ്താന്‍സ വിമാനം അടിയന്തരമായി ക്യുബെക്കിലെ മോൺട്രിയലിൽ ഇറക്കി.
മിയാമിയിൽ നിന്ന് ഫ്രാങ്ക് ഫർട്ടിലേക്ക് പോയ ജർമൻ എയർലൈൻ ആയ ലുഫ്താൻസയുടെ എൽഎച്ച്–463 വിമാനമാണ് (DABYF റജിസ്ട്രേഷനുള്ള ബോയിങ് 747–8 വിമാനമാണിത്) അടിയന്തരമായി നിലത്തിറക്കിയത്. പൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് 2 മണിക്കൂർ 20 മിനിറ്റിന് ശേഷം മറ്റ് സങ്കീർണതകളൊന്നുമില്ലാതെ വിമാനം സുരക്ഷിതമായി മോൺട്രിയലിൽ ഇറക്കുകയായിരുന്നു. മുതിർന്ന സഹ പൈലറ്റ് ആണ് വിമാനം നിയന്ത്രിച്ചത്.
വിമാനത്തിനുള്ളിൽ ജീവനക്കാർക്കുള്ള വിശ്രമ ഏരിയയിലാണ് പൈലറ്റ് ബോധരഹിതനായി വീണത്. മറ്റ് ജീവനക്കാർ ഉടൻ തന്നെ പൈലറ്റിന് പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് മോണ്‍ട്രിയലില്‍ ഇറങ്ങാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയും ലാന്‍ഡിങ്ങിന് മുൻപ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ ഇന്ധനം വറ്റിക്കുകയും ചെയ്തു.
ന്യൂഫൗണ്ട്ലാൻഡിലെ ഗാന്‍ഡറില്‍ നിന്ന് ഏകദേശം 260 കിലോമീറ്റര്‍ പടിഞ്ഞാറ് 10.6 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് സംഭവം. കനേഡിയന്‍ ഏവിയേഷന്‍ സേഫ്റ്റി ബോര്‍ഡ് (ടിഎസ്ബി) സംഭവം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജനുവരി 19 ന് നടന്ന സംഭവം ഇന്നലെയാണ് പുറത്തുവരുന്നത്.