ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ; ഷൈനിയുടെ കുടുംബശ്രീയിലെ കടം വീട്ടി യുകെ മലയാളികൾ

Mail This Article
ലണ്ടൻ/തൊടുപുഴ∙ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കുടുംബശ്രീയിലെ കടം യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് വീട്ടി. ഷൈനിയും രണ്ട് പെൺമക്കളും ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു.
യുകെയിലെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച 945 പൗണ്ട് (103399 രൂപ) കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് വഴി കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറി. ബെന്നി പി. ജേക്കബ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ഷൈനിക്ക് കുടുംബശ്രീയിൽ 95,225 രൂപയാണ് കടമുണ്ടായിരുന്നത്. കടം വീട്ടിയ ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പുരോഗിയായ വരകിൽ വീട്ടിൽ വി.കെ ഷാജിക്ക് കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ബീന റോബി മുഖേന നൽകി.
ഷൈനിയുടെ കടം വീട്ടുന്നതിന് നടത്തിയ സഹായത്തിനെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ സഹകരിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കൺവീനർ സാബു ഫിലിപ്പ് നന്ദി അറിയിച്ചു. കൂലിപ്പണിക്കാരായ 13 കുടുംബശ്രീ കുടുംബങ്ങൾക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നതായിരുന്നു ഇടുക്കി ചാരിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ധനശേഖരണത്തിൽ സഹകരിച്ച യുകെയിലെ സൗത്ത് എൻഡിൽ താമസിക്കുന്ന റിട്ട. ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ ജിമ്മി ചെറിയാൻ, ലിവർപൂൾ ക്‌നാനായ കമ്മ്യൂണിറ്റി പ്രസിഡന്റ് ലാലു തോമസ്, ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവർക്ക് ഭാരവാഹികൾ നന്ദി പറഞ്ഞു. യുകെ മലയാളികളായ തമ്പി ജോസ്, സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് സംഘടനയുടെ ഭാരവാഹികൾ