ADVERTISEMENT

ദുബായ്∙ ഈ 'പറക്കും പയ്യന്' പറക്കൽ ഒരു അഭിനിവേശം മാത്രമല്ല, അതൊരു ദൗത്യമാണ്.  19 വയസ്സുകാരനായ ഏഥൻ ഗുവൊ കുട്ടികളിലെ അർബുദ ഗവേഷണത്തിനും ‘ബിഗ് സി’ യോദ്ധാക്കളുടെ ചികിത്സകൾക്കുമായി ഒരു ചെറിയ വിമാനത്തിൽ ഏഴ് ഭൂഖണ്ഡങ്ങളിലും ഒറ്റയ്ക്ക് പറന്ന്  ഫണ്ട് ശേഖരിക്കുന്നു. 

ഇത്തരത്തിൽ ചെറു വിമാനത്തിൽ ഏഴ് ഭൂഖണ്ഡങ്ങളിൽ ഒറ്റയ്ക്ക് പറക്കുന്ന ഏഥാൻ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ലോക റെക്കോർഡ്സിൽ സമീപ ഭാവിയിൽ ഇടം പിടിക്കും. അതിന് മുൻപ്  അദ്ദേഹം പറന്നിറങ്ങുന്ന മിക്കവാറും രാജ്യങ്ങളിലെയും ആശുപത്രികൾ സന്ദർശിച്ച് യുവ രോഗികളുമായി കൂടിക്കാഴ്ച നടത്തി 10 ലക്ഷം യുഎസ് ഡോളർ സമാഹരിക്കാൻ ശ്രമിക്കുന്നു.   കുട്ടികളിലെ അർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധ, ചികിത്സാ രീതികൾ കണ്ടെത്തുന്നതിനുള്ള ഗവേഷണ ശ്രമങ്ങൾ വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ബോധ്യപ്പെടുത്താൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കാൻ ലക്ഷ്യമിടുന്നതായി ഏഥൻ പറയുന്നു. 

ഏഥൻ ഗുവൊ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.
ഏഥൻ ഗുവൊ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.

കുട്ടികളെ അർബുദം ബാധിക്കരുതെന്നാണ് അത്മാർഥമായി ആഗ്രഹിക്കുന്നത്. ഈ യാത്ര എന്നെ ഇതുവരെ ലോകത്തിന്‍റെ പല സ്ഥലങ്ങളിലും എത്തിച്ചിട്ടുണ്ട്. ഞാൻ പഠിച്ചത് ആളുകൾ എല്ലായിടത്തും നല്ലവരാണെന്നും ഞാൻ കണ്ടുമുട്ടുന്ന എല്ലാവരും ലോകത്തെ ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ ആഗ്രഹിക്കുന്നു എന്നുമാണ്. അവരെല്ലാം അവരുടെ കഴിവിനുള്ളിൽ ശ്രമിക്കുന്നു. ഒരുമിച്ച് നമുക്ക് അദ്ഭുതങ്ങൾ ചെയ്യാൻ കഴിയും. ഏഥന്‍റേത് പ്രതീക്ഷകൾ തിളങ്ങുന്ന ഉറച്ചവാക്കുകൾ. 

ഏഥൻ ഗുവൊ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.
ഏഥൻ ഗുവൊ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.

തന്‍റെ ധനസമാഹരണത്തിന്‍റെ ഭാഗമായി ഏഥൻ ഇപ്പോൾ സൗദിയിലെ റിയാദിലാണ്. അദ്ദേഹത്തിന്‍റെ അടുത്ത ലക്ഷ്യം ഖത്തറിലെ ദോഹ. അവിടെനിന്ന് ഈ മാസം 19 ന് ദുബായിലെത്തും. റിയാദിനെക്കുറിച്ച് പറയാൻ ഏഥന് നൂറുനാവ്. ഇവിടുത്തെ ആളുകളുടെ  ആതിഥ്യമര്യാദയും ഊഷ്മളതയും ദയയും എന്നെ ശരിക്കും സ്പർശിച്ചു.  ഇപ്പോഴിതാ ദുബായ് സന്ദർശനത്തിനായി കാത്തിരിക്കുകയാണ്. യുഎഇയിലെ ആളുകളെ ആഴത്തിൽ പരിചയപ്പെടാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവര്‍ അതിഥികളെ  ഊഷ്മളമായി സ്വാഗതം ചെയ്യുന്നവരും പിന്തുണക്കുന്നവരുമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്– ഏഥൻ പറഞ്ഞു.

ഏഥൻ ഗുവൊ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.
ഏഥൻ ഗുവൊ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.

∙ ഇതിഹാസ യാത്ര;150 ദിവസങ്ങൾക്കുള്ളിൽ 60 രാജ്യങ്ങളിൽ പറന്നിറങ്ങും
സ്വിറ്റ്സർലൻഡിലെ ജനീവയിൽ നിന്ന് പറന്നുയർന്ന ശേഷം 150 ദിവസങ്ങൾക്കുള്ളിൽ 60 രാജ്യങ്ങളിൽ പറന്നിറങ്ങുക എന്ന പദ്ധതിയാണ് ഏഥൻ ആസൂത്രണം ചെയ്തത്. ഈ യാത്ര 80,000 കിലോമീറ്റര്‍ താണ്ടും. ഈജിപ്ത്, സൗദി, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ അദ്ദേഹത്തിന്‍റെ സ്റ്റോപ്പുകളിൽ ഉൾപ്പെടുന്നു. 

ഏഥൻ ഗുവൊ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.
ഏഥൻ ഗുവൊ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.

വടക്കൻ പസഫിക് അലാസ്കയിലേയ്ക്ക് കടക്കുന്നതിന് മുന്‍പ്  കാനഡയിലൂടെയും യുഎസിലൂടെയും പറക്കുകയും ഒടുവിൽ തെക്കേ അമേരിക്കയിലും അന്‍റാർട്ടിക്കയിലും എത്തുകയും ചെയ്യുന്നു. പരിഷ്‌ക്കരിച്ച സെസ്‌ന 182 ചെറുവിമാനത്തിലാണ് പറക്കുന്നത്. ഒരു അധിക ഇന്ധന ടാങ്ക് സ്ഥാപിക്കുന്നതിനായി പിൻ സീറ്റുകൾ നീക്കം ചെയ്യുക, ഒരു സമയം 17 മണിക്കൂർ വരെ വായുവിൽ തുടരാൻ സാധിക്കുക എന്നിങ്ങനെയുള്ള അസാധാരണ നടപടികളിലൂടെ ഏഥൻ തന്‍റെ സുരക്ഷ ഉറപ്പാക്കി. 

ഞാൻ കാനഡയിൽ നിന്ന് ഗ്രീൻലാൻഡിന്‍റെ പടിഞ്ഞാറൻ തീരത്തേക്ക് എട്ട് മണിക്കൂറാണ് സഞ്ചരിച്ച പരമാവധി സമയം. എന്നാൽ ജപ്പാനിൽ നിന്ന് അലാസ്കയിലേയ്ക്കുള്ള 15 മണിക്കൂർ യാത്രയാണിപ്പോഴത്തേത്. എന്‍റെ ഗ്രൗണ്ട് ടീമുമായി സാറ്റലൈറ്റ് കണക്ഷൻ നിലനിർത്തുകയും മൂന്ന് എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററുകൾ വിമാനത്തിലുൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

∙ പ്രിയ ബന്ധുവിന് അർബുദം ഉണ്ടെന്നറിഞ്ഞപ്പോഴുള്ള യാത്ര
 13-ാം വയസ്സിലാണ് ഏഥന്  വ്യോമയാന അഭിനിവേശമുണ്ടായത്. 17-ാം വയസ്സിൽ  തന്നെ  സ്വകാര്യ പൈലറ്റ് ലൈസൻസ് നേടി. 700 മണിക്കൂറിലേറെ ഫ്ലൈറ്റ് സമയം പൂർത്തിയാക്കി.  ബന്ധുവിന് അർബുദം ബാധിച്ചപ്പോഴാണ്  ഏഥൻ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. ഈ വിനാശകരമായ രോഗത്തെ ചെറുക്കുന്നതിന് അവബോധവും ഫണ്ടും സ്വരൂപിക്കുന്നതിനായി യാത്ര ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്‍റെ കസിന് 18 വയസ്സുള്ളപ്പോൾ ബ്ലഡ് കാൻസർ ബാധിച്ചു. അതേക്കുറിച്ച് അറിഞ്ഞപ്പോൾ ഈ രോഗത്തെക്കുറിച്ച് കൂടുതൽ പഠിച്ച് ഒരു മാറ്റം വരുത്താൻ  ചിന്തിച്ചു. ഫണ്ട് സ്വരൂപിക്കുന്നതിനായി ലോകമെങ്ങും ഒറ്റയ്ക്ക് ഒരു യാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് എന്‍റെ മാതാപിതാക്കളോട് സംസാരിച്ചു. ആദ്യം അമ്മ സമ്മതിച്ചില്ല. അവരെ ബോധ്യപ്പെടുത്താൻ എനിക്ക് ആറ് വർഷമെടുത്തു. എന്നാൽ എന്‍റെ പിതാവ് മികച്ച പിന്തുണ നൽകി. ഈ ഉദ്യമത്തിലൂടെ  ഒരു ലോക റെക്കോർഡ് സ്ഥാപിക്കാൻ മാത്രമല്ല, കുട്ടികളിലെ അർബുദത്തെക്കുറിച്ച് ലോകത്ത് അവബോധം സൃഷ്ടിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കൗമാര പൈലറ്റ്.

English Summary:

For this 'flying boy', flying is a mission, not just a passion. 19-year-old Ethan Guo is raising funds for children's cancer by flying solo across seven continents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com