നൈപുണ്യ വികസനം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമാണ് ആവശ്യം: ഡോ. ഖാദർ മങ്ങാട്ട്
Mail This Article
ദോഹ ∙ ഇന്ത്യയിൽ നൈപുണ്യ വികസനം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം വ്യാപകമാക്കണമെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ഖാദർ മങ്ങാട്ട് അഭിപ്രായപ്പെട്ടു. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ പ്രതിമാസ 'എക്സ്പെർട്ട് ടോക്ക്' പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം കേൾക്കുക, പിന്നീട് സംസാരിക്കുക, തുടർന്ന് വായിക്കുക, ഒടുവിൽ എഴുതുക എന്നതാണ് സ്വാഭാവികമായ ഭാഷാ പഠന രീതി. കൊച്ചു കുട്ടികൾ മാതൃഭാഷ സ്വായത്തമാക്കുന്നത് ഇങ്ങനെയാണ്. എന്നാൽ ആദ്യം എഴുതിയും പിന്നീട് വായിച്ചും പുതിയൊരു ഭാഷ പഠിപ്പിക്കുന്നത് കൊണ്ടാണ് നമ്മുടെ നാട്ടിലെ ഭാഷ പഠനം പരാജയപ്പെടുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ പരിപാടിയിൽ ആധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ കെ.ടി, അഹമ്മദ് മുസ്തഫ, അലി ചാലിക്കര എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഡോ. ഖാദർ മങ്ങാട്ടിനും മീഡിയ വൺ ബിസിനസ് എക്സലൻസ് അച്ചീവ്‌മെന്റ് അവാർഡ് നേടിയ അമീർ ഷാജിക്കുമുള്ള ഉപഹാരങ്ങൾ ഷമീർ വലിയവീട്ടിൽ സമ്മാനിച്ചു. വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെട്ട സദസ്യരുടെ ഏതാനും ചോദ്യങ്ങൾക്ക് ഡോ. ഖാദർ മങ്ങാട്ട് മറുപടി പറഞ്ഞു.