പ്രാദേശിക കാർഷിക മേഖലയ്ക്ക് പിന്തുണ; ലുലു ഗ്രൂപ്പിന് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ്

Mail This Article
അബുദാബി∙ യുഎഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സുസ്ഥിരത മുൻനിർത്തിയുള്ള മികച്ച പ്രവർത്തനങ്ങൾക്കും ലുലു ഗ്രൂപ്പിന് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലഭിച്ചു. എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹഖ് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലിക്ക് അവാർഡ് സമ്മാനിച്ചു. അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ലുലുവിന്റെ മികച്ച പ്രദർശനങ്ങളും പരിപാടികളും കൂടി പരിഗണിച്ചാണ് അവാർഡ് നൽകിയത്.
ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ യുഎഇയുടെ തനത് കാർഷിക ഉത്പന്നങ്ങളുടെ പ്രത്യേകം പ്രദർശനങ്ങളും സ്റ്റാളുകളും ലുലു ഒരുക്കിയിരുന്നു. യുഎഇയിലെ വ്യത്യസ്തയിനം പഴം ശേഖരങ്ങൾ, പച്ചക്കറി പഴം ഉത്പന്നങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ, സ്പെഷൽ പോൾട്രി വിഭാഗം, തേൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം എന്നിവ ലുലു അവതരിപ്പിച്ചു. കൂടാതെ, യുഎഇയുടെ പ്രൗഢമായ പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന ആകർഷകമായ പരിപാടികളും ഒരുക്കിയിരുന്നു. ഭാവിതലമുറയ്ക്കായി സുസ്ഥിരതയുടെ പ്രാധാന്യം കൂടി വ്യക്തമാക്കിയായിരുന്നു പരിപാടികൾ.
കൂടാതെ, യുഎഇയിലെ കാർഷിക ഉത്പന്നങ്ങളുടെ കൂടുതൽ വിപണനത്തിനായി ലുലു സ്റ്റോറുകളിൽ അൽ എമറാത്ത് അവ്വൽ സ്പെഷൽ സ്റ്റാളുകളും സജ്ജീകരിക്കുകയുണ്ടായി. യുഎഇയിലെ പഴം പച്ചക്കറി പാൽ പോൾട്രി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു സ്റ്റോറുകളിലുള്ളത്. യുഎഇയുടെ ഉത്പന്നങ്ങളുടെ വിപണനത്തിനൊപ്പം രാജ്യത്തെ കർഷകർക്ക് കൂടി കൈത്താങ്ങാകുന്നതാണ് ലുലുവിന്റെ ഈ പദ്ധതി.