ഇഫ്താർ വിരുന്നിൽ 'മനസ്സ് തുറന്ന് ' അബുദാബി, ദുബായ് കിരീടാവകാശികൾ

Mail This Article
ദുബായ് ∙ യുഎഇയുടെ സമഗ്ര വികസന യാത്രയെക്കുറിച്ചുള്ള ഹൃദ്യമായ ചർച്ചകളിൽ മുഴുകി അബുദാബി, ദുബായ് കിരീടാവകാശികൾ. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാദ് അൽ ഷെബ റിട്രീറ്റിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കവെയാണ് മനസ്സ് തുറന്നത്.
ദുബായിയുടെ ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
യുഎഇയെ പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളെയും നിലവിലുള്ള പദ്ധതികളെയും കുറിച്ചും രാജ്യത്തെ എല്ലാ അംഗങ്ങൾക്കും വികസനത്തിന്റെ നേട്ടങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് പൗരന്മാരുടെ ക്ഷേമവും ജീവിത നിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.


വ്രതമാസത്തിന്റെ സുകൃതത്തിൽ യുഎഇ നേതൃത്വത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ജനങ്ങളുടെ സുസ്ഥിര പുരോഗതിക്കും സമൃദ്ധിക്കും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും അനുഗ്രഹങ്ങൾ, നന്മ, സമാധാനം എന്നിവയ്ക്കു വേണ്ടി പ്രാർഥിച്ചു.
യോഗത്തിൽ ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹമന്ത്രി ഷെയ്ഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഷെയ്ഖുമാർ, മുതിർന്ന സൈനിക കമാൻഡർമാർ, ഉദ്യോഗസ്ഥർ, പ്രാദേശിക പ്രമുഖർ എന്നിവർ പങ്കെടുത്തു.