സൗദിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; റെഡ് അലർട്ട്, കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകൾക്ക് ഇന്ന് ഓൺലൈൻ ക്ലാസുകൾ

Mail This Article
ദമാം∙ കിഴക്കൻ പ്രവിശ്യയിൽ ഇന്ന് (ചൊവ്വ) കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ എല്ലാ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകളായിരിക്കുമെന്ന് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വിവിധ ഇന്ത്യൻ സ്കൂളുകളിൽ ഇന്ന് പതിവ് സമയത്ത് ഓൺലൈൻ മുഖനേയാണ് ക്ലാസുകൾ നടക്കുകയെന്ന് രാത്രി വൈകി സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരിക്കുന്നതെന്ന് കിഴക്കൻ പ്രവിശ്യയിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ദേശീയ കാലാവസ്ഥാ കേന്ദ്രം മേഖലയെ ബാധിക്കുന്ന പൊടിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മേഖലയിലെ എല്ലാ ഗവർണറേറ്റുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കിഴക്കൻ മേഖലയിലെ കാഴ്ച മറയ്ക്കുന്ന വിധം ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.
അൽ ജൗഫിലെ ചില ഭാഗങ്ങൾ, നജ്‌റാൻ മേഖലയുടെ ചില ഭാഗങ്ങൾ, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലെ പൊടിക്കാറ്റിന് കാരണമാകുന്ന കാറ്റ് സജീവമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ജസാൻ, അസീർ മേഖലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.