മകന്റെ ഭാവി മുൻകൂട്ടി കണ്ട സോമനാഥിന്റെ മാതാപിതാക്കൾ; ചരിത്രപുരുഷനെക്കുറിച്ച് അവിസ്മരണീയ ഓർമകൾ പങ്കുവച്ച തോമസ് മാത്യു
Mail This Article
മലയാള മനോരമയുമായി എനിക്ക് പതിറ്റാണ്ടുകളായി അടുത്ത ബന്ധമുണ്ട്. അത് ഇപ്പോഴും നിർവിഘ്നം തുടരുന്നു. ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനോടൊപ്പം ദേശീയ സുരക്ഷാ ഉപദേശക ബോർഡിൽ പ്രവർത്തിച്ചിട്ടുള്ളതിനു പുറമേ അദ്ദേഹത്തിന്റെ മകൻ ജയന്ത് മാമ്മൻ മാത്യുവിനെയും എനിക്കറിയാം. കൊളംബിയ സർവകലാശാലയിൽ എന്റെ മകൻ പ്രഫ. ശ്രീനാഥ് ശ്രീനിവാസന്റെ ശിഷ്യനായിരുന്നു ജയന്ത്. മലയാള മനോരമ പത്രത്തിലും ഇയർ ബുക്കിലും ഓൺലൈനിലും ഞാൻ വർഷങ്ങളായി എഴുതാറുണ്ട്. മലയാള മനോരമ സംഘടിപ്പിക്കാറുള്ള വിദ്യാരംഭത്തിൽ കുറേക്കാലമായി ഞാനും ഗുരുവാണ്. അങ്ങനെ അനേകം കുഞ്ഞുങ്ങളെ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കാനും കഴിഞ്ഞുവെന്നത് എന്നെ സംതൃപ്തനാക്കുന്നു.
അടുത്ത കാലത്ത് മലയാള മനോരമ സംഘടിപ്പിച്ച മൂന്ന് പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എനിക്കു ലഭിച്ചു. മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യും മഴവിൽ മനോരമയും ഒരുക്കിയ താരനിശയായിരുന്നു അതിലൊന്ന്. മനോരമ ന്യൂസ് സംഘടിപ്പിച്ച ന്യൂസ് മേക്കർ 2023 ന്റെ പുരസ്ക്കാര ദാനമായിരുന്നു മറ്റൊന്ന്. യശശ്ശരീരനായ വ്യവസായ കുലപതി രത്തൻ ടാറ്റയെക്കുറിച്ച് ഡോ. തോമസ് മാത്യു ഐഎഎസ് രചിച്ച ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലുമായി ബന്ധപ്പെട്ട് മനോരമ ഓഫിസിൽ നടത്തിയ ചടങ്ങിലും പങ്കാളിയായി. കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ചെയർമാൻ സ്ഥാനം വഹിക്കുന്ന, ധനകാര്യസ്ഥാപനമായ കെഎൽഎം ആക്സിവയുമായി ചേർന്നാണ് മനോരമ ഈ ചടങ്ങ് സംഘടിപ്പിച്ചത്.
ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്. സോമനാഥിന് ന്യൂസ് മേക്കർ പുരസ്ക്കാരം സമ്മാനിച്ചത് പ്രശസ്ത ചലച്ചിത്രതാരവും ‘റോക്കട്രി’ എന്ന ചിത്രത്തിന്റെ സംവിധായകനുമായ മാധവനാണ്. ഐഎസ്ആർഒയും മലയാള മനോരമയും ഇന്ത്യയിൽ ഏറ്റവുമധികം വിശ്വാസ്യതയുള്ള രണ്ട് സ്ഥാപനങ്ങളാണെന്നും ഇവ രണ്ടും ഒരുമിക്കുമ്പോൾ കെഎൽഎം ആക്സിവ പോലെ വളർന്നുവരുന്ന സ്ഥാപനങ്ങളും അതിനൊപ്പം നിൽക്കുമെന്നും ആമുഖ ഭാഷണത്തിൽ ഞാൻ പറഞ്ഞു. കെഎൽഎം ആക്സിവ മുൻപും ഇങ്ങനെ സഹകരിച്ചിട്ടുണ്ടെന്നും ഈ ബന്ധം ഞങ്ങൾക്കു വിലമതിക്കാനാവാത്തതാണെന്നും ഓർമിച്ചു.
കഴിഞ്ഞ വർഷത്തെ ന്യൂസ് മേക്കറെ കണ്ടെത്താൻ മലയാള മനോരമ അധികം അന്വേഷണം നടത്തേണ്ടിവന്നില്ലെന്നു തോന്നുന്നു. കഴിഞ്ഞ വർഷം വാർത്തകളിൽ ഏറ്റവുമധികം നിറഞ്ഞുനിന്നത് ഐഎസ്ആർഒ തന്നെയായിരുന്നല്ലോ. മുൻഗാമികളിൽ നിന്ന് ഊർജം ഉൾക്കൊണ്ട ഡോ. സോമനാഥ് സ്ഥാപനത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തി. കാളപൂട്ടുന്ന ഇന്ത്യൻ കർഷകൻ ബഹിരാകാശരംഗത്തു വൻശക്തികളായ രാഷ്ട്രങ്ങളുടെ വാതിലിൽ മുട്ടുന്ന കാർട്ടൂണുകളുടെ കാലം കഴിഞ്ഞു. സ്വന്തം നിലയിൽ മുന്നേറിയ ഇന്ത്യ ഇന്ന് ഈ രംഗത്തെ വൻശക്തിയാണ്. ഡോ. സോമനാഥിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ഭാവി മുൻകൂട്ടി കണ്ടിരുന്നവരാണെന്നു തോന്നുന്നു. അവർ മകനിട്ട സോമന്റെ (ചന്ദ്രന്റെ) നാഥൻ എന്ന പേര് എത്രയോ അർഥവത്തായി.
ഇതിനിടെ, ഞാൻ ഐഎഫ്എസിൽ ചേർന്ന കാലത്തെ ആണവ നയതന്ത്രവും ബഹിരാകാശ നയതന്ത്രവും വീണ്ടും ഓർമയിൽ വന്നു. യൂറി ഗഗാറിൻ ബഹിരാകാശത്തിന്റെ വാതിൽ തുറന്നത് അതിന് അൽപം മുൻപായിരുന്നു. നമ്മുടെ പ്രിയങ്കരനായ കവി അയ്യപ്പപണിക്കർ ഗഗാറിനെ മാതൃകയാക്കി ബാഹ്യലോകത്തിന്റെ വാതായനങ്ങൾ തുറക്കാൻ മലയാളത്തിലെ കവികളോട് ആഹ്വാനം ചെയ്തു. അവിടെ ഗഗാറിൻ കണ്ടത് ദൈവങ്ങളെയും മാലാഖമാരെയുമല്ലെന്നു പണിക്കർ സാർ ഓർമിപ്പിച്ചു. മാനവരാശിയുടെ അടുത്ത കുത്തിച്ചുചാട്ടം നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയതായിരുന്നു. താമസിയാതെ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ‘ആര്യഭട്ട’ പഴയ സോവിയറ്റ് യൂണിയനിലെ വിക്ഷേപണനിലയത്തിൽ നിന്നു കുത്തിച്ചുയർന്നു. എന്നാൽ, ഏതാനും വർഷത്തിനു ശേഷം സോവിയറ്റ് ഗഗനചാരികളോടൊപ്പം ഒരു ഇന്ത്യക്കാരനെയും ബഹിരാകാശത്തേക്ക് അയയ്ക്കാമെന്ന സോവിയറ്റ് വാദ്ഗാനം അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി നിരാകരിച്ചു.
ഇന്ത്യയുടെ പ്രിയങ്കരിയായ ബഹിരാകാശ സഞ്ചാരി കൽപന ചൗളയുടെ കന്നിയാത്രയ്ക്ക് സാക്ഷിയാകാനും ആശംസകൾ അർപ്പിക്കാനും രാജ്യത്തെ പ്രതിനിധീകരിച്ച് ഞാനുണ്ടായിരുന്നു. ഈ രംഗത്ത് മറ്റു രാജ്യങ്ങളുമായി നാം പരമാവധി സഹകരിച്ചു മുന്നേറി. അതേസമയം, ബഹിരാകാശം ആയുധമത്സരത്തിന്റെ വേദിയാക്കുന്നതിനെ നഖശിഖാന്തം എതിർത്തു. നമ്മൾ സ്വന്തം നിലയിൽ നിർമിച്ച ബഹിരാകാശ പേടകത്തെ ചന്ദ്രനിൽ ഇറക്കാൻ കഴിഞ്ഞതാണ് ഈ രംഗത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റമെന്നു പറയാം. ആ ജൈത്രയാത്ര അനുദിനം പുതിയ തലത്തിലേക്കു വളരുകയാണ്. താമസിയാതെ നാം സ്വന്തം നിലയിൽ ശാസത്രകാരന്മാരെ ചന്ദ്രനിലേക്ക് അയയ്ക്കും. അതുകൊണ്ട്, സോമനാഥും ഐഎസ്ആർഒയും സൃഷ്ടിച്ചത് വാർത്ത മാത്രമല്ല, ചരിത്രം കൂടിയാണ്.
ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യയുടെ അംബാസഡർ എന്ന നിലയിൽ വിയന്നയിലായിരുന്നപ്പോൾ, മാധവൻ നായർ ഉൾപ്പെടെ ഐഎസ്ആർഒയുടെ മൂന്ന് ചെയർമാൻമാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എന്റെ സതീർഥ്യനായിരുന്നു മാധവൻ നായർ.
പുരസ്കാര വിതരണച്ചടങ്ങിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഞങ്ങളെല്ലാം മുംബൈയിൽ എത്തുകയായിരുന്നു. മല മുഹമ്മദിനെ തേടിച്ചെന്നതുപോലെ, ഐഎസ്ആർഒയിലെ ആ ദുരന്തകഥ അവിസ്മരണീയമാക്കിയ മാധവൻ എന്ന അതുല്യപ്രതിഭയെത്തേടി ഏവരുമെത്തി. ആ കഥാപാത്രത്തിന്റെ കാര്യത്തിൽ ഇപ്പോൾ നമ്പിയുടേക്കാൾ ആധികാരിക മുഖം മാധവനാണ്. അഭ്രപാളികളിൽ മഹാത്മാ ഗാന്ധിയെ അനശ്വരനാക്കിയ ബെൻ കിങ്സ്ലിയെപ്പോലെ. ഇതോടൊപ്പം, ചാർളി ചാപ്ലിനെ അനുകരിക്കാനുള്ള മത്സരത്തിൽ ആരുമറിയാതെ പങ്കെടുത്ത യഥാർഥ ചാർളി ചാപ്ലിൻ രണ്ടാമനായിപ്പോയ സംഭവകഥയും ഓർമവന്നു.
രത്തൻ ടാറ്റയെക്കുറിച്ച് തോമസ് മാത്യു എഴുതിയ ജീവചരിത്ര ഗ്രന്ഥത്തിന്റെ വായനയും ചർച്ചയും അവിസ്മരണീയമായിരുന്നു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവിന് നന്ദി പറഞ്ഞുകൊണ്ടാണ് ഞാൻ പ്രഭാഷണം തുടങ്ങിയത്. കെഎൽഎം ആക്സിവയും മലയാള മനോരമയും ചേർന്നു കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഞാൻ ഗ്രന്ഥകർത്താവ് ഡോ. തോമസ് മാത്യുവിനെ മുക്തകണ്ഠം പ്രശംസിച്ചു. രത്തൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് താമസിയാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് കൂടുതൽ ശ്രദ്ധേയമായെന്നും എനിക്കു തോന്നി.
രത്തൻ ടാറ്റയെന്ന അനന്യനായ വ്യക്തിയെക്കുറിച്ചു രചിച്ച കൃതിയും അനന്യമാണെന്നു നിസ്സംശയം പറയാം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടാറ്റയും ഗ്രന്ഥകാരനും നടത്തിയ മണിക്കൂറുകൾ നീണ്ട സംഭാഷണത്തിലൂടെയാണ് ഇതിന്റെ അടിത്തറ രൂപപ്പെട്ടത്. അധികം സംസാരിക്കാത്ത രത്തനെപ്പറ്റി കൂടുതൽ അറിയാൻ, സ്വന്തം നിലയിൽ തോമസ് മാത്യു നടത്തിയ യാത്രകളും ഗവേഷണവും അതിനു കൂടുതൽ ആധികാരികത നൽകുന്നു. ടാറ്റയെ അടുത്തറിയാവുന്ന അനേകം പേരെ നേരിൽക്കണ്ട് ലോകം മുഴുവൻ യാത്ര ചെയ്താണ് ഇതു തയാറാക്കിയിട്ടുള്ളത്.
ആഗോള വ്യവസായ രംഗത്ത് ടാറ്റ നടത്തിയ ജൈത്രയാത്രയുടെ നേർച്ചിത്രം ഈ കൃതിയിലുടനീളം കാണാം. ആധുനികവൽക്കരണവും ചെലവു ചുരുക്കലും വ്യവസായ സംരംഭങ്ങൾ രാജ്യത്തിനു പുറത്തേക്കു വ്യാപിപ്പിക്കാനുള്ള പദ്ധതികളും ഗുണമേന്മയെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചു നടത്തിയ നവീകരണ യത്നങ്ങളുമെല്ലാം അതിൽ വിവരിച്ചിട്ടുണ്ട്. മറ്റാരും പറയാത്ത ഈ കഥകൾ രാജ്യപുരോഗതി സ്വപ്നം കാണുന്ന ദശലക്ഷങ്ങൾ വരുംവർഷങ്ങളിലും ഓർമിക്കുമെന്ന് ഉറപ്പാണ്. അതോടൊപ്പം, ഈ കൃതിയുടെ പേരിൽ തോമസ് മാത്യുവും വരുതലമുറകളുടെ മനസ്സിൽ ഇടംനേടും. ഡോ. ജോൺസനെ അവിസ്മരണീയമാക്കിയ ജെയിംസ് ബോസ്വെലിനെപ്പോലെ.
പുസ്തകത്തിലെ മറക്കാനാവാത്ത The Life Changing Moment എന്ന ഒരധ്യായത്തെപ്പറ്റി മാത്രം ഞാൻ പറയാം. 26/11 മുംബൈ ഭീകരാക്രമണത്തിൽ നഗരത്തിന്റെ തിലകക്കുറിയായ താജ് ഹോട്ടലിലെ 11 ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. താജിൽ ജീവൻ ബലി കൊടുത്ത ജീവനക്കാരുടെ ആശ്രിതർക്കു മാത്രമല്ല, നഗരത്തിലെ മറ്റിടങ്ങളിൽ മരിച്ച നിരപരാധികളുടെ കുടുംബത്തിനും രത്തൻ ആശ്വാസവുമായെത്തി. ആക്രമണത്തിൽ തീപടർന്ന താജിന്റെ പഴയ പ്രതാപം അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് വീണ്ടെടുത്തു. ടാറ്റ കുടുംബത്തിന്റെ അനുകമ്പയും സഹാനുഭൂതിയും ലോകത്തിനു ബോധ്യമായ സന്ദർഭം കൂടിയായിരുന്നു അത്.
മഹാനായ ചരിത്രപുരുഷനെക്കുറിച്ച് പ്രതിഭാധനനായ തോമസ് മാത്യു രചിച്ച അവിസ്മരണീയമായ കൃതിയെപ്പറ്റി അദ്ദേഹത്തിൽ നിന്നു തന്നെ നമുക്കു കേൾക്കാം എന്നു പറഞ്ഞാണ് ഞാൻ ആ പ്രസംഗം ഉപസംഹരിച്ചത്.