കടലിൽ മുങ്ങിത്താഴ്ന്ന് യുവതി, സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോ ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷയുടെയോ?; സത്യം അറിയാം

Mail This Article
പിറ്റ്‌സ്‌ബർഗ്∙ ദുരൂഹ സാഹചര്യത്തിൽ കാണാതായ പിറ്റ്‌സ്‌ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കി മുങ്ങിമരിക്കുന്ന ദൃശ്യങ്ങൾ എന്ന രീതിയിൽ സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിക്കുന്നു. കടൽക്കരയിൽ നിൽക്കുന്ന യുവതിയും യുവാവും തിരമാലകളിൽപ്പെടുന്നതും യുവതിയെ രക്ഷിക്കാൻ യുവാവ് ശ്രമിക്കുന്നതും പിന്നീട് യുവതി മുങ്ങിത്താഴുന്നതുമാണ് വിഡിയോയിലുള്ളത്.
∙ വിഡിയോയുടെ സത്യാവസ്ഥ?
ഇന്ത്യൻ വംശജയായ കൊണങ്കിയെ (20) ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനയിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് കാണാതായത്. മാർച്ച് 6ന് പുലർച്ചെ 4.50 ഓടെ റിയു റിപ്പബ്ലിക്ക റിസോർട്ട് ബീച്ചിലാണ് അവസാനമായി കണ്ടത്. അധികൃതർ ചോദ്യം ചെയ്തപ്പോൾ കൊണങ്കിക്കൊപ്പമുണ്ടായിരുന്ന ജോഷ്വ റീബ് വിവരിച്ച സംഭവങ്ങളുമായി ഈ വിഡിയോയ്‌ക്ക് സാമ്യമുണ്ട്. എന്നാൽ കൊണങ്കിയെ മുങ്ങിമരണത്തിൽനിന്നു രക്ഷിച്ചെന്നും ഉപ്പുവെള്ളം കുടിച്ചതിനെത്തുടർന്ന് തന്റെ ബോധം മറഞ്ഞെന്നുമാണ് റീബ് പറഞ്ഞത്.
എന്നാൽ, പ്രചരിക്കുന്ന വിഡിയോ തെറ്റായ വിവരണം നൽകിയാണ് പ്രചരിപ്പിക്കുന്നതെന്ന് എഎഫ്‌പി (AFP) നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ചിൽ കണ്ടെത്തി. മാസങ്ങൾ പഴക്കമുള്ളതാണ് ഈ വിഡിയോ. റഷ്യയിലെ സോചിയിലെ സ്‌ത്രീയുടെയും പുരുഷന്റെയും ദൃശ്യങ്ങളാണ് ഇവ. 2024 ജൂൺ 16ന് റിവിയേറ ബീച്ചിൽ ഡയാന ബെല്യാവ (20) എന്ന സ്ത്രീ ഒഴുക്കിൽപ്പെട്ട് മരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്.
ഗൂഗിൾ മാപ്‌സിലെയും റഷ്യയിലെ യാൻഡെക്‌സ് മാപ്‌സിലെയും ചിത്രങ്ങൾ റിവിയേറ ബീച്ചിലെ തീരപ്രദേശവുമായി സാമ്യമുള്ളതായി എഎഫ്‌പി ചൂണ്ടിക്കാട്ടി. കൊണങ്കിയെ കാണാതായ ഡൊമിനിക്കൻ റിപ്പബ്ലിക് ബീച്ചിന്റെ ചിത്രങ്ങൾ ഇതിൽനിന്നും വ്യത്യസ്തമാണ്.