ADVERTISEMENT

ബ്രാംപ്ടൺ (കാനഡ)∙ പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്‌ക്കായി പ്രവർത്തിച്ച നേതാവും ഫില്ലോർ സംവരണ മണ്ഡലത്തിൽനിന്നുള്ള സിപിഎം മുൻ പാർലമെന്റ് അംഗവുമായ ഭഗത് റാം (84) അന്തരിച്ചു. മൂന്നു പതിറ്റാണ്ടോളമായി മക്കൾക്കൊപ്പം കാനഡയിൽ താമസിക്കുകയായിരുന്ന ഭഗത് റാം ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു. ലോക്സഭയിലേക്ക് ആറുതവണയും നിയമസഭയിലേക്ക് ഒരുതവണയും മത്സരിച്ചിരുന്നെങ്കിലും ഒരിക്കൽ മാത്രമാണ് വെന്നിക്കൊടി പാറിച്ചത്. 1977 മുതൽ 1980 വരെയായിരുന്നു ലോക്സഭാംഗമായിരുന്നത്.

കമ്യൂണിസ്റ്റ് പതാക കാണണമെന്നും തന്റെ ശരീരത്തിൽ പുതപ്പിക്കണമെന്നും മരണത്തിന് രണ്ടു ദിവസം മുൻപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പതാകയായി വാങ്ങാൻ സാഹചര്യമില്ലാതിരുന്നതിനാൽ കൊച്ചുമകൻ അമോൽ മെഹ്മി ചുവന്ന തുണി സംഘടിപ്പിച്ച് അരിവാൾ ചുറ്റിക പെയിന്റ് ചെയ്ത് ആശുപത്രി കിടക്കയിൽ മുത്തച്ഛന് കാണിച്ചു കൊടുത്തു. നിറകണ്ണുകളോടെയാണ് കുടുംബാംഗങ്ങൾ ഈ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ 12ന് മിസ്സിസാഗയിലെ സെന്റ് ജോൺസ് സെമിട്രി ആൻഡ് ക്രിമറ്റോറിയത്തിൽ നടക്കും.

 പതാകയായി വാങ്ങാൻ സാഹചര്യമില്ലാതിരുന്നതിനാൽ കൊച്ചുമകൻ അമോൽ മെഹ്മി ചുവന്ന തുണി സംഘടിപ്പിച്ച് അരിവാൾ ചുറ്റിക പെയിന്റ് ചെയ്ത് ആശുപത്രി കിടക്കയിൽ മുത്തച്ഛന് കാണിച്ചു കൊടുത്തു.
പതാകയായി വാങ്ങാൻ സാഹചര്യമില്ലാതിരുന്നതിനാൽ കൊച്ചുമകൻ അമോൽ മെഹ്മി ചുവന്ന തുണി സംഘടിപ്പിച്ച് അരിവാൾ ചുറ്റിക പെയിന്റ് ചെയ്ത് ആശുപത്രി കിടക്കയിൽ മുത്തച്ഛന് കാണിച്ചു കൊടുത്തു.

16 വർഷത്തോളം മിഡിൽ സ്കൂൾ അധ്യാപകനായും പിന്നീട് ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുള്ള ഭഗത് റാം, മാസ്റ്റർ ഭഗത് റാം എന്നാണ് അറിയപ്പെട്ടിരുന്നത്. അധ്യാപന ജോലി രാജിവച്ച് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത് ഭഗത് റാം രാഷ്ട്രീയപരമായും മറ്റും ഏറെ ഭീഷണി നേരിട്ടിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ കാലാവധിയും പിരിച്ചുവിടലും റാങ്ക് കുറയ്ക്കലും സംബന്ധിച്ച 310, 311 അനുഛേദങ്ങൾക്കെതിരെ ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതിലൂടെയാണ് പാർലമെന്റിൽ ശ്രദ്ധേയനായത്. 

യൂണിയൻ നേതാക്കളെ പിരിച്ചുവിടാൻ ഈ നിയമം സർക്കാരുകൾ ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. സോമനാഥ് ചാറ്റർജി, ജി. പി. മാവ്‌ലാങ്കർ, പാർവതി കൃഷ്ണൻ തുടങ്ങിയവർക്കൊപ്പം അന്ന് ചർച്ചകളിൽ കേരളത്തിൽനിന്നുള്ള വയലാർ രവിയും എ. സുന്നാസാഹിബുമൊക്കെ സജീവമായി പങ്കെടുത്തിരുന്നതായി സഭാരേഖകളിലുണ്ട്. നാലു സിറ്റിങ്ങുകളിലായി അഞ്ചു മണിക്കൂറോളമാണ് ഭേദഗതി ചർച്ച ചെയ്തത്. വോട്ടിനിട്ട പ്രമേയം പക്ഷേ തള്ളിപ്പോയിരുന്നു. അന്ന് അവതരിപ്പിച്ച ഭേദഗതികളും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കഴിഞ്ഞ വർഷം പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു.

ഭഗത് റാം ആശുപത്രിയിൽ
ഭഗത് റാം ആശുപത്രിയിൽ

പഞ്ചാബിലെ ആദ്യ പാസ്പോർട്ട് ഓഫിസ് ജലന്ധറിൽ കൊണ്ടുവന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നതായി ബന്ധുമിത്രാദികൾ ഓർക്കുന്നു. ജലന്ധറിൽനിന്ന് നൂറുകണക്കിന് ആളുകൾ വിദേശങ്ങളിലേക്ക് പോകാൻ തുടങ്ങുന്ന കാലമായിരുന്നു അത്. അന്നൊക്കെ ചണ്ഡീഗഡിലെ പാസ്പോർട്ട് ഓഫിസായിരുന്നു ആശ്രയം. ഗ്രാമീണർക്കൊപ്പമായിരുന്നു ഏറെ സമയവും ചെലവഴിച്ചത്. ലോക്സഭാംഗമായിരിക്കെ സൈക്കിൾ യാത്രകളിലൂടെയും ശ്രദ്ധേയനായിരുന്നു. പഞ്ചാബ് നൗജവാൻ സഭ കൺവീനർ, ഗവ. ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ജീവിതം സമർപ്പിച്ച ഭഗത് റാമിന് വായനയും ട്രേഡ് യൂണിയൻ പ്രവർത്തനവുമായിരുന്നു ഏറെ പ്രിയം. അധ്യാപക് ലെഹർ മാസികയുടെ എഡിറ്ററായിരുന്നു.

കാനഡയിൽ 1995ൽ എത്തിയ ഭഗത് റാം ആദ്യകാലത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ടൊറന്റോ വിമാനത്താവളത്തിലും മറ്റും ജോലി ചെയ്തിരുന്നു. തിരിച്ചറിഞ്ഞവരൊക്കെ ഇതെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നെങ്കിലും തൊഴിലിനോടുള്ള പ്രതിബദ്ധത നിറഞ്ഞ പുഞ്ചിരിയായിരുന്നു പലപ്പോഴും മറുപടി. സുരക്ഷാകാരണങ്ങളാലും മറ്റും കാനഡയിൽ പൊതുരംഗത്ത് സജീവമായിരുന്നില്ല. പഞ്ചാബിലെ സിപിഎം നേതാക്കളുമായി അവസാനകാലം വരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. കഴിഞ്ഞ മേയിലാണ് അവസാനമായി നാട്ടിൽ പോയത്. പുതിയ പാർലമെന്റ് സന്ദർശിക്കാനും അന്ന് സമയം കണ്ടെത്തി.

ബാറു റാമിന്റെയും ധൻദേവിയുടെയും മകനായി പഞ്ചാബ് ജലന്ധറിലെ ദാലിവാൽ കാദിയാനിൽ 1942 നവംബർ രണ്ടിനായിരുന്നു ജനനം. ഭാര്യ: പരേതയായ സത്യ ദേവി. പ്രൊമിള ജാക്കു (ബ്രാംപ്ടൺ), റീതാ അഹിർ (ബ്രാംപ്ടൺ), സുർജിത് മെഹ്മി (ജലന്ധർ), തെജിന്ദർ മെഹ്മി (ബ്രാംപ്ടൺ, കാനഡ) എന്നിവരാണ് മക്കൾ. കൊച്ചുമകൻ: അമോൽ മെഹ്മി.

മതപരമായ ചടങ്ങുകൾ ഉണ്ടാകില്ലെങ്കിലും, ഭഗത് റാമിന്റെ ആഗ്രഹപ്രകാരം തയാറാക്കിയ ചെങ്കൊടി പുതപ്പിച്ചാകും അന്ത്യയാത്ര.

English Summary:

Former MP Bhagat Ram Passes Away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com