700 വർഷം പഴക്കം, നിരവധി സിനിമകൾ; നഷ്ടപ്രതാപത്തിന്റെ ഓർമകളിൽ പാരിപ്പള്ളി ഇല്ലം
Mail This Article
700 വർഷം പഴക്കമുള്ള ഒരില്ലം കൊല്ലം ജില്ലയിലെ പാരിപള്ളിയില്‍ ഉണ്ടെന്നു അറിയാമോ ? പാരിപ്പള്ളി ഇല്ലം എന്ന പേരിലറിയപ്പെടുന്ന ഈ തറവാട് പഴയ എട്ടുകെട്ട് രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി സിനിമകളും സീരിയലുകളും ചിത്രീകരിച്ച ഈ അതിപുരാതന ഇല്ലം ഇന്ന് വേണ്ട പരിചരണം ലഭിക്കാതെ നശിച്ച അവസ്ഥയിലാണ് എന്നതാണ് സങ്കടകരം.
പഴയ അറയും പുരയും പത്തായപ്പുരയും എല്ലാം ചേര്‍ന്നതാണ് ഈ വീട്. പ്രധാനവാതിലിനു പുറത്തായി ഇവിടെ ഒരു തെക്കിനിയുമുണ്ട്. അത്യപൂര്‍വ്വമായ കൊത്തുപണികള്‍ ചെയ്തതാണ് ഇവിടുത്തെ തടികളും തൂണുകളും. എട്ടുകെട്ട് ആയതിനാല്‍ ഈ വീട്ടില്‍ രണ്ടു നടുമുറ്റങ്ങള്‍ ഉണ്ട്. പതിനാലു തലമുറകളില്‍ കൂടുതല്‍ കഴിഞ്ഞ ഈ വീട് ഇന്ന് നല്ലൊരു മഴ പെയ്താല്‍ നിലം പൊത്തുന്ന ശോചനീയ അവസ്ഥയിലാണ്. മഴ പെയ്താല്‍ അകത്തു മുഴുവന്‍ വെള്ളം കയറുന്ന സ്ഥിതിയാണ്.
സര്‍പ്പക്കാവ്, നിലവറ, കുളം എന്നിവയും വീടിനോട് ചേര്‍ന്നുണ്ട്. കാവില്‍ ദിവസവും വിളക്ക് വെച്ച് പ്രാര്‍ഥനയുണ്ട്. കാലമേറെയായെങ്കിലും എവിടെയൊക്കെയോ ശേഷിക്കുന്ന പഴമയുടെ പ്രൗഢി ഇപ്പോഴും ഈ ഇല്ലത്തിനുണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഇല്ലത്തിന്റെ ഇപ്പോഴത്തെ അവകാശികളായ ഗൃഹനാഥനും കുടുംബവും പ്രായമായ മാതാവുമാണ് ഇന്നിവിടുത്തെ താമസക്കാര്‍. ദിവസവും ഈ ഇല്ലത്തെ കുറിച്ച് കേട്ടറിഞ്ഞു കാണാനും ചിത്രം പകര്‍ത്താനും നിരവധി പേര് എത്താറുണ്ട്.
English Summary- Parippally Illam Kollam