10 രൂപയായിരുന്ന തിനയ്ക്ക് ഇപ്പോൾ 50 രൂപ; തൂക്കത്തിൽ തിന കുറവും കല്ലും മണ്ണും കൂടുതലും

Mail This Article
കിളിക്കൊഞ്ചലുകൾക്ക് കാതോർക്കാൻ പക്ഷികളെ വളർത്തുന്നവർ സ്ഥിരം വാങ്ങുന്ന ചെറുധാന്യമാണ് തിന. പക്ഷികൾ, പ്രത്യേകിച്ച് തത്ത ഗണത്തിൽ പെടുന്ന ബഡ്ജെറിഗാർ മുതലുള്ളവർക്ക് നൽകുന്ന പ്രധാന ഭക്ഷണവും ഈ ധാന്യമാണ്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷമായി തിനവില കുതിക്കുകയാണ്. 10 വർഷം മുൻപ് കിലോഗ്രാമിന് 10 രൂപയായിരുന്ന തിനയുടെ ഇപ്പോഴത്തെ വില 45–55 രൂപയാണ്. ചില പ്രദേശങ്ങളിൽ വില ഇതിലും കൂടും.
വില വർധിച്ചെങ്കിലും ഉൽപന്നത്തിന്റെ നിലവാരം കുറഞ്ഞതായി പക്ഷിപ്രേമികൾ ആരോപിക്കുന്നു. മുൻപൊക്കെ നല്ല തിന വന്നിരുന്നെങ്കിൽ ഇപ്പോൾ വരുന്നവയിൽ നല്ല ശതമാനവും പതിരാണ്. കൂടാതെ കല്ല്, മണ്ണ്, ചാണകക്കട്ട തുടങ്ങിയവ വേറെയും. ചുരുക്കത്തിൽ 45 രൂപ കൊടുത്തു വാങ്ങിക്കുമ്പോൾ അതിൽ തിന കുറവും കല്ലും മണ്ണും കൂടുതലുമാണ്. സാധാരണ പക്ഷികൾക്കു മാത്രം കൊടുക്കാനേ തിന ഉപയോഗിക്കാറുള്ളൂ.
ഇതരസംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് തിന എത്തുക. അവിടെനിന്ന് പായ്ക്ക് ചെയ്ത് എത്തുന്നതിനാൽ ഇവിടെത്തുമ്പോഴാണ് ചില്ലറ വ്യാപാരികൾ തിനയിലെ പാഴ്വസ്തുക്കൾ കാണുക. നഷ്ടം നികത്താൻ അവർ അതുംകൂടി ഉൾപ്പെടുത്തി ആവശ്യക്കാർക്ക് വിൽക്കുന്നു. തിന വിൽപനയിൽ പകൽക്കൊള്ളയാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരുപറ്റം പക്ഷിസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്. തിനയിലെ മാലിന്യത്തിന്റെ അളവ് കൂടുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പക്ഷിസ്നേഹികൾ.
English summary: Thina Price Hike