കിട്ടാനില്ല, കുതിച്ചുപാഞ്ഞ് കുരുമുളകുവില; 200ലേക്ക് അടുത്ത് റബർ: ഇന്നത്തെ (14/3/25) അന്തിമ വില

Mail This Article
കുരുമുളക് കൂടുതൽ ശക്തിയാർജിക്കുന്നതു കണ്ട് വാങ്ങലുകാർ തിരക്കിട്ട് ചരക്കു സംഭരിക്കുന്നു. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക മേഖലകളിലും വിളവെടുപ്പ് പൂർത്തിയായിട്ടും വിപണികളിൽ വരവ് ചുരുങ്ങിയത് അന്തർസംസ്ഥാന വാങ്ങലുകാരെ പ്രതിസന്ധിലാക്കി. സീസണിൽ താഴ്‌ന്ന വിലയ്‌ക്ക് മുളകു സംഭരിക്കാമെന്ന കണക്കുകൂട്ടലിൽ രംഗത്തുനിന്ന് മാറി നിന്നിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വൻകിട സ്റ്റോക്കിസ്റ്റുകളും നിലവിൽ ചരക്കിനായി രംഗത്തുണ്ട്. കാത്തിരുന്നാൽ നിരക്ക് ഇനിയും ഉയരുമോയെന്ന ഭീതി അവരെ തിരക്കിട്ടുള്ള വാങ്ങലുകൾക്ക് പ്രേരിപ്പിച്ചതോടെ ഈ വാരം ഇതിനകം കുരുമുളക് വില ക്വിന്റലിന് 2200 രൂപ വർധിച്ച് അൺ ഗാർബിൾഡ് 68,400ലേക്ക് കയറി. കേരളത്തിൽ മാത്രമല്ല കർണാടകത്തിലും വിൽപ്പനക്കാർ കുറവാണ്.
രാജ്യാന്തര റബർ വിപണിയിൽ വാരമധ്യം അടലയടിച്ച വിൽപന സമ്മർദ്ദത്തിൽ നിരക്ക് കുത്തനെ ഇടിഞ്ഞത് ഊഹക്കച്ചവടക്കാരെ താഴ്‌ന്ന തലങ്ങളിൽ വിൽപ്പന തിരിച്ചു പിടിക്കാൻ പ്രേരിപ്പിച്ചു. ജാപ്പനീസ് വിപണിയിൽ കിലോ 350 യെന്നിൽനിന്ന് 330ലെ താങ്ങ് തകർത്ത് 326ലേക്ക് ഇടിഞ്ഞ റബർ സ്ഥിരത കൈവരിച്ചുകൊണ്ട് വാരാന്ത്യം 349 യെൻ വരെ തിരിച്ചുവരവ് നടത്തി. അനുകൂല വാർത്തകൾ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 205 രൂപയായി ഉയരാൻ അവസരം ഒരുക്കിയത് ഇന്ത്യൻ മാർക്കറ്റിലും ചലനമുളവാക്കി. നാലാം ഗ്രേഡ് കിലോ 198 രൂപയിൽ വിപണനം നടന്നു.

പാം ഓയിൽ ഇറക്കുമതിയിൽ സംഭവിച്ച ഇടിവ്, വെളിച്ചെണ്ണ വില സർവകാല റെക്കോർഡിലേക്ക് ഉയരാൻ ഈ വാരം വഴി ഒരുക്കി. ഉൽപാദന കേന്ദ്രങ്ങളിൽനിന്നുള്ള പച്ചത്തേങ്ങ നീക്കം വ്യവസായിക ഡിമാൻഡിന് അനുസൃതമായി ഉയരാഞ്ഞത് വില ഉയർത്തി കൊപ്ര ശേഖരിക്കാൻ മില്ലുകാരെ പ്രേരിപ്പിച്ചു. കൊപ്ര ക്വിന്റലിന് 15,700 രൂപയായും വെളിച്ചെണ്ണ വില 23,600 രൂപയായും വർധിച്ചു. ഗ്രാമീണ മേഖലകളിൽ പച്ചത്തേങ്ങ ലഭ്യത കുറഞ്ഞത് വിപണിയുടെ അടിത്തറയ്‌ക്ക് കരുത്തു പകർന്നു.