ADVERTISEMENT

"ഹലോ ചേച്ചി വന്നൂട്ടോ", എന്ന് അവൾ സന്തോഷത്തോടെ ഫോണിൽ കൂടി പറഞ്ഞപ്പോൾ... ആര്, എന്ന്, എപ്പോൾ, എവിടെ... എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപേ തന്നെ വിഷയം മാറി പോയതിനാൽ, എന്തായാലും ഈ ഫോൺ സംഭാഷണം ഏകദേശം ഒന്ന് - ഒന്നര മണിക്കൂറിന്‍റെ ആയതു കൊണ്ട് സാവധാനം കണ്ടു പിടിക്കാമെന്ന് വിചാരിച്ചു. അവളുടെ 'ഫോൺ കാൾ' എന്റെ പൊതുവായ ജ്ഞാനം വിപുലീകരിക്കാൻ വളരെയധികം സഹായിക്കാറുണ്ട്. പ്രത്യേകിച്ച് പ്രാദേശിക തലത്തിൽ. ഏതൊക്കെ കടയിൽ ഡിസ്‌കൗണ്ട് നടക്കുന്നു അവയിൽ ക്വാളിറ്റിയുള്ളവ എവിടെയാണ്, പുതിയ ഭക്ഷണശാലകൾ വല്ലതും തുറന്നുവോ... പോരാത്തതിന് കമ്പ്യൂട്ടർ ആൻഡ് മൊബൈലിലെ എന്റെ സംശയങ്ങൾ തീർത്തു തരുന്നതും അവളാണ്. എല്ലാം കൊണ്ടും അവളുടെ ഫോൺ കാളുകൾ എനിക്ക് വളരെ പ്രാധാന്യമുള്ളതാണ്. 

അവളുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സിൽ വന്നത് ആരായിരിക്കും എന്ന ചോദ്യമായിരുന്നു. അവളുടെ ഭർത്താവിന്റെ അച്ഛനുമമ്മയുമായിരിക്കുമോ? അവരാണെങ്കിൽ എനിക്ക് വ്യക്തിപരമായി അടുപ്പം ഉള്ളവരാണ്. ലോകത്തിലുള്ള എല്ലാത്തരം അസുഖങ്ങളേയും അവർ രണ്ടുപേരും പങ്ക് വെച്ചത് പോലെയാണ്. എന്തായിരിക്കും അവർക്ക് ഉണ്ടാക്കി കൊടുക്കേണ്ടത്, ഞാൻ അങ്ങനെ ഒരു ഫുൾ സ്റ്റോപ്പ് ഇല്ലാത്ത മട്ടിൽ ചിന്തിച്ചു കൂട്ടുകയാണ്.

ഞങ്ങളുടെ സംഭാഷണത്തിൽ നന്ദുവിന്റെ ജോലിക്കാര്യത്തെപ്പറ്റിയും ആതിരയുടെ പഠിപ്പും പരീക്ഷയുടെ മാർക്കുകളും സുമയുടെ കല്യാണ ആലോചനകളെക്കുറിച്ചും സംസാരിക്കാറുണ്ട്. ചിലപ്പോൾ സുമയുടെ കല്യാണത്തിനായി മുട്ടിപ്പായി ഞാനും പ്രാർഥിക്കാറുണ്ട്. ഇവരൊക്കെ ആരാണെന്നോ അവളുമായിട്ടുള്ള ബന്ധം എന്താണെന്നോ എനിക്കറിയില്ല. എന്നാലും അവളുമായി ചങ്ങാത്തം കൂടിയപ്പോൾ മുതൽ ഇവരുടെയൊക്കെ വിശേഷങ്ങൾ ഞങ്ങൾ കൈമാറുന്നതാണ്. ഓരോത്തരുടെയും സ്വഭാവ വിശേഷതകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പത്ത് മാസം കഴിഞ്ഞിട്ടും പ്രസവിക്കാൻ കഴിയാത്ത അവളെ പറ്റി കൂട്ടുകാരി പകുതി തമാശയോടെയാണ് പറഞ്ഞത്. പല യാഥാര്‍ഥ്യങ്ങളേയും മാറ്റി മറിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, വല്ല ഗിന്നസ് ബുക്ക് ലക്ഷ്യമാക്കിയായിരിക്കും എന്നാണ് വിചാരിച്ചത്. അതിനിടയ്ക്ക് കഥയിൽ ഉണ്ടായ വഴിത്തിരിവ് കാരണം പ്രത്യാശനിർഭരമായ ആ കാത്തിരിപ്പ് അനന്തമായി നീണ്ടു പോവുകയാണ്. കുഞ്ഞു പുറത്തു വന്നിട്ട് വേണം പിതൃത്വത്തെക്കുറിച്ചുള്ള സസ്പെൻസ് തുടങ്ങാൻ എന്നൊക്കെ കൂട്ടുകാരി കളിയാക്കി പറഞ്ഞപ്പോൾ, ഞാനും ആ തമാശയിൽ പങ്കുചേരുകയാണ് ചെയ്തത്. സീരിയൽ കാണുന്നതോടെ പ്രാരാബ്ധക്കാരും കഷ്ടപ്പെടുന്നവരും അവരുടെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും മറക്കുകയാണോ ചെയ്യുന്നത്, ഒരിക്കലും മനസ്സിലാകാത്ത കാര്യങ്ങളാണ്.

ഏതോ ചെറിയ കാര്യത്തിനായി പിണങ്ങി കൽക്കട്ടയിലേക്ക് പോയ അവളുടെ സഹായി, സീരിയലിനെ കുറിച്ചുള്ള അത്യുല്‍ക്കണ്‌ഠ കാരണം പിണക്കമെല്ലാം മറന്ന് വീണ്ടും കൂട്ടുകാരിയുടെ വീട്ടിൽ എത്തിയ കാര്യം അറിഞ്ഞപ്പോൾ, വിചിത്രമായ സംഭവങ്ങളെ അവർ കഥകളാക്കി ആഖ്യാനം ചെയ്യുകയാണല്ലോ, അത് ഇപ്പോൾ മലയാളി ആണെങ്കിലും ബംഗാളി ആണെങ്കിലും സീരിയൽ കഥകളെല്ലാം ഒരു പോലെ തന്നെ. എന്തായാലും പലപ്പോഴും പലതിന്റേയും മാധുര്യവും മഹത്വവും നമ്മൾ മനസ്സിലാക്കുന്നത് അത് കൈമോശം വന്നതിനു ശേഷം മാത്രമാണ്, സഹായിയുടെ അഭാവം ഉദോഗ്യസ്ഥയായ കൂട്ടുകാരിക്ക് വളരെ പ്രയാസമായിരുന്നു. സ്വന്തം വീട് എന്ന തരത്തിലായിരുന്നു സഹായി കണ്ടും നോക്കിയും ചെയ്തിരുന്നത് പ്രത്യേകിച്ച് അവളുടെ നഴ്‌സറിയിൽ പഠിക്കുന്ന കുഞ്ഞിന്റെ കാര്യത്തിൽ.

അവരുടെ തിരിച്ചു വരവ് കൂട്ടുകാരിക്ക് മാത്രമല്ല എനിക്കും ഒരു ആശ്വാസം തന്നെയാണ്. നഴ്‌സറിയിൽ പഠിക്കുന്ന മകനെ സ്‌കൂൾ കഴിഞ്ഞ് 'ഡേ -കെയർ ' ആക്കാറാണ് പതിവ്. അവിടെയുള്ളവർ കണ്ണുരുട്ടിയും പേടിപ്പിച്ചും എല്ലാ കുട്ടികളേയും നിർബന്ധിച്ച് ഉറക്കും. അതോടെ മകന്റെ രാത്രിയിലുള്ള ഉറക്കം പാതിരാത്രി കഴിഞ്ഞാലും തഥൈവ അപ്പോഴെല്ലാം വീട്ടിലുള്ളവർ എല്ലാം ഉണർന്നിരിക്കണം. സാധാരണ ആ സമയത്താണ് കൂട്ടുകാരി എന്നെ ഫോൺ വിളിക്കാറുള്ളത്. അതോടെ എന്റെ ഉറക്കവും തഥൈവ. അവളുടെ നിസ്സഹായത മനസ്സിലാക്കി ക്ഷമ കൈവരുത്തുകയാണ് പതിവ്. അവളുടെ സന്തോഷവാർത്തയിൽ പങ്കുചേർന്നെങ്കിലും സീരിയൽ കാണാൻ വേണ്ടി തിരിച്ചു വന്ന അവളുടെ വാർത്ത ശരിക്കും ആശ്ചര്യകരമായിരുന്നു. ഇതാ പറയുന്നത്, ആരേയും കുറ്റം പറയരുത് അതിപ്പോൾ സീരിയലാണെങ്കിൽ പോലും.

English Summary:

Malayalam Short Story ' Vannootto ' Written by Rita

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com