'നിങ്ങളുടെ ഒരു സഹായവും എനിക്കിനി ആവശ്യമില്ല'; ജോലി കിട്ടിയശേഷം വാദിച്ചു ജയിക്കാനായി മാത്രമുള്ള ഒന്നാക്കി ജീവിതത്തെ ഭാര്യ മാറ്റി

Mail This Article
തെറ്റുകുറ്റങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന തമ്പുരാനേ എന്നോട് പൊറുക്കേണമേ. ആരോടെന്നില്ലാതെ ആകാശത്തിലേക്ക് നോക്കി അയാൾ പ്രാർഥിച്ചു. അയാളുടെ പ്രാർഥനകൾ ഏതെങ്കിലും ദൈവങ്ങൾ കേൾക്കണമെന്ന് അയാൾക്ക് നിർബന്ധമൊന്നുമില്ല. ഈ പ്രപഞ്ചമാകെ പരമമായ ഊർജ്ജം നിലനിൽക്കുന്നെന്നും, നന്മകളുടെ ഊർജ്ജം അയാളിലേക്ക് ഒഴുകിവരുമെന്നും അയാൾ വിശ്വസിക്കുന്നു. എല്ലാതവണയും വലിയ ശബ്ദത്തോടെ ആക്രോശങ്ങളോടെ നിങ്ങൾ എന്നെ അടിച്ചിരുത്തുവാനാണ് ശ്രമിക്കുന്നത് - ആ വാക്കുകളിൽ അവരുടെ പുച്ഛവും, ദേഷ്യവും, വെറുപ്പും, വിദ്വേഷവും, അസ്വസ്ഥതകളും നിറഞ്ഞു നിന്നിരുന്നു.
ആ വാക്കുകൾ അയാളെ പിന്തുടർന്നുകൊണ്ടേയിരുന്നു. അതാണോ താൻ ചെയ്തത്? തന്നെ ചോദ്യം ചെയ്തപ്പോൾ തന്റെ ഭാഗം ന്യായീകരിക്കുക മാത്രമല്ലേ താൻ ചെയ്തത്. ശരിയാണ്, എത്ര ശാന്തനായി ജീവിക്കാൻ ശ്രമിച്ചാലും, ചിലപ്പോൾ താൻ പെട്ടെന്ന് പ്രക്ഷുബ്‌ധനാകുന്നുണ്ട്. വേണ്ട, വേണ്ട എന്ന് കരുതുമ്പോഴും ഒന്നോരണ്ടോ വാക്കുകളിൽ തന്റെ ക്ഷമയുടെ നെല്ലിപ്പലക പൊളിച്ചുകളയാൻ അവർക്കാകുന്നുണ്ട്. (സത്യത്തിൽ അതവരുടെ ഒരു കഴിവായി താൻ അംഗീകരിക്കേണ്ടതാണ്, എങ്കിൽപ്പോലും തന്നോട് പറയുന്നതുപോലെ മറ്റുള്ളവരോടും പ്രതികരിച്ചാൽ ചിലപ്പോൾ മറ്റുള്ളവരുടെ കൈത്തലം അവരുടെ കവിളത്ത് പതിച്ചിരിക്കും).
താൻ മനസ്സിൽ ചിന്തിക്കാത്ത കാര്യങ്ങൾപോലും, നടന്നു എന്ന രീതിയിൽ അവർ അവതരിപ്പിക്കുമ്പോൾ തനിക്ക് സർവ്വ സഹനശക്തിയും, ക്ഷമയും നശിച്ചു കലിയിളകുന്നത്, തന്റെ കഴിവുകേട് തന്നെയാണ്. കാലം കുറെയായിട്ടും, താനതിനെ മറികടക്കാൻ പഠിച്ചില്ല. (അതുകൊണ്ടാണ് തന്നെ മനുഷ്യനെന്ന് വിളിക്കുന്നതെന്ന് ആരോ കുറച്ചകലെ നിന്ന് പറയുന്നുണ്ട്, ചിലപ്പോൾ പ്രഭാതസൂര്യൻ പിറകിൽ മറച്ച എന്റെ തന്നെ നിഴൽ ആകാം). ആരോടും ഒന്നിനോടും പൊരുതാതെ തന്റെ ബാക്കി ജീവിതം തീർക്കുക എന്നതാണ് അയാൾ മനസ്സിൽ എപ്പോഴും ചിന്തിക്കുന്നത്. വഴക്കു കൂടിയിട്ട് എന്ത് നേട്ടം? എട്ട് പൊരുത്തം ഉണ്ടായിരുന്നത്രെ, എന്ത് കാര്യം. എട്ടു പൊരുത്തക്കേടുകൾ ആയിരിക്കണം, പണിക്കർക്ക് തെറ്റിയതാകാം.
എന്തിന് പണിക്കരെ കുറ്റംപറയണം, തനിക്കല്ലെ അവരെ സ്വന്തമാക്കണമെന്ന് നിർബന്ധമായിരുന്നത്. നിനക്കറിയാതെയാണ്, അധിക സ്വാതന്ത്ര്യം കൊടുത്താൽ അവർ നമ്മുടെ ചുമലിൽ കയറിയിരുന്ന് ചെവി തിന്നുകൊണ്ടിരിക്കും. വരച്ചവരയിൽ നിർത്തണം. പേടി വേണം പേടി. കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നത് നമ്മുടെ കഴിവുകേടായി കാണുന്നവരാണ് ഭൂരിപക്ഷവും. അപ്പപ്പോൾ ശക്തമായ മറുപടികൾ കൊടുക്കാതെ മൗനമായി ഇരിക്കുമ്പോൾ, നാം ദുർബലർ എന്നാണ് അവർ കരുതുക - ഇങ്ങനെ എത്രയധികം ഉപദേശങ്ങൾ. അയാൾ അവരുടെ സ്വാതന്ത്ര്യത്തിന് തന്നെയാണ് മുൻതൂക്കം കൊടുത്തത്. സ്വയം തീരുമാനങ്ങൾ എടുത്ത് കാര്യങ്ങൾ നടത്തട്ടെ. നാളെ താൻ ഈ ഭൂമിയിൽ ഇല്ലെങ്കിലും ജീവിക്കാൻ കഴിയണം.
അയാൾ തിരിച്ചു ചുട്ട മറുപടികൾ കൊടുക്കാതിരുന്നത്, അവർ സ്വചിന്തകളെ സ്വയം പരിശോധിക്കട്ടെ എന്ന് കരുതിയാണ്. എന്നാൽ അവർ കരുതിയിരുന്നത് അയാൾക്ക് ഉത്തരങ്ങൾ ഇല്ലെന്നും, അയാൾ തന്റെ മുന്നിൽ തോറ്റുപോയ ഒരാളെന്നുമാണ്. ആ വിജയങ്ങൾ അയാളെ കൂടുതൽ രൂക്ഷമായി ആക്രമിക്കാൻ അവരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കാരണം അവർക്കു വിജയിച്ചുകൊണ്ടേയിരിക്കണമായിരുന്നു. അയാളെ തോൽപ്പിച്ചുകൊണ്ടേയിരിക്കണമായിരുന്നു. ചിലപ്പോഴെങ്കിലും അയാൾ പൊട്ടിത്തെറിച്ചു. അവരും തിരിച്ചടിച്ചു. പിന്നെ അവിടെ പ്രേതവിചാരണയാണല്ലോ നടക്കുക. അകത്തുകിടക്കുന്ന വിഷമെല്ലാം രണ്ടുപേരും പുറത്തൊഴുക്കും.
തോറ്റതാര് വിജയിച്ചതാര് എന്ന് നിർണ്ണയിക്കാനാവാതെ, നിർവ്വചിക്കാതെ എപ്പോഴോ യുദ്ധം നിർത്തും. രണ്ടുപേരും തോൽക്കുന്ന യുദ്ധങ്ങളെയാണല്ലോ നാം ജീവിതം എന്ന ഓമനപ്പേരിട്ട് എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം നേരെയാകും എന്നുതന്നെയാണ് അയാൾ വിശ്വസിച്ചുകൊണ്ടിരുന്നത്. താനത്ര മോശം മനുഷ്യൻ ഒന്നുമല്ലല്ലോ? പിന്നെ എന്തുകൊണ്ട് തനിക്കീ വിധി വന്നു എന്ന് ചോദിച്ചാൽ, താൻ എടുത്ത് തലയിൽ വെച്ചു, അത്ര തന്നെ. അവർ അടുത്ത വിചാരണ തുടങ്ങുന്നതിന് മുമ്പേ അയാൾ പറഞ്ഞു. ഇഷ്ടമുള്ളത് ചെയ്യൂ. ശരിയെന്ന് തോന്നിയാൽ ചെയ്യൂ. അതിന് നമ്മൾ തമ്മിൽ ശണ്ഠ കൂടേണ്ട കാര്യമില്ല.
'എനിക്ക് നിങ്ങളോട് പറയാതിരിക്കാൻ ആകില്ലല്ലോ?' 'അതും ശരിയാണ്. പക്ഷെ തീരുമാനിച്ചുറപ്പിച്ച ഒരു കാര്യത്തിന് പിന്നെ അഭിപ്രായങ്ങൾ ചോദിക്കരുത്.' 'ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ ഒരിക്കലെങ്കിലും അംഗീകരിച്ചിട്ടുണ്ടോ?' 'അതും ശരിയായിരിക്കാം. തന്നിലെ പുരുഷമേധാവിത്വം താനറിയാതെയോ, അറിഞ്ഞോ പ്രവർത്തിക്കുന്നുണ്ടാകാം.' 'സത്യം സത്യമായി പറയണമല്ലോ. നിങ്ങൾ എപ്പോഴും എന്റെ സ്വന്തം വീടിനെയും, നിങ്ങളുടെ വീടിനെയും താരതമ്യം ചെയ്യുന്നത് എന്തിനാണ്? നിങ്ങളുടെ വീട് - ഞാൻ കരുതി, ഇത് നമ്മുടെ വീടാണെന്ന്?' 'അത് പറഞ്ഞത് ഏതോ ജോലിയെക്കുറിച്ച് മാത്രമല്ലേ, അവിടത്തെ പണി വേഗം തീർന്നു, ഇവിടെ തീരുമാനമെടുക്കാതെ അതേ ജോലി തീരുന്നില്ലെന്ന്? അതെങ്ങനെ താരതമ്യ പഠനമാകും.'
'എല്ലാം ഞാൻ ഉറക്കെ വിളിച്ചു പറയാത്തത് നിങ്ങളെ മോശക്കാരൻ ആക്കാതിരിക്കാനാണ്.' 'ഒരു മനുഷ്യൻ മോശക്കാരനാകുന്നത്, അവനവന്റെ ഉള്ളിലാണ്, മറ്റാർക്കും വാക്കുകൾകൊണ്ടോ പ്രവർത്തികൾകൊണ്ടോ അവനെ മോശക്കാരൻ, അല്ലെങ്കിൽ മോശക്കാരി ആക്കാനാകില്ല. മാത്രമല്ല, മോശക്കാരന്റെ നിർവ്വചനങ്ങൾ പലതാണ്. ചിലത് ചിലർക്ക് മോശമല്ലായിരിക്കാം. കാണ്ടാമൃഗത്തിന്റെ തൊലിയില്ലെങ്കിലും, ഞാൻ എന്താണെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.' 'നിങ്ങൾക്ക് പറഞ്ഞു തോൽപ്പിക്കാൻ കഴിയുന്ന ഒരു ജന്മമല്ല എന്റേത്. നോക്കൂ നിങ്ങളുടെ ഈഗോ, ഈ അഹങ്കാരമാണ് നിങ്ങളെ നയിക്കുന്നത്.' 'ആയിരിക്കാം, മനുഷ്യനല്ലേ കുറച്ചൊക്കെ ഈഗോ, എന്ന അഹങ്കാരം എന്നിലും കാണും. ഇല്ല എന്ന് പറഞ്ഞാൽ അത് സത്യസന്ധമല്ല.'
'നിങ്ങളുടെ ഒരു സഹായവും എനിക്കിനി ആവശ്യമില്ല.' അവർ തറപ്പിച്ചു പറഞ്ഞു. 'ഞാനത് മനസിലാക്കുന്നു. പരസ്പരം വാദിച്ചു ജയിക്കാനായി മാത്രം നാം ജീവിതം മുന്നോട്ട് കൊണ്ടുപോകരുത്. നമുക്ക് ജീവിതം എവിടെയെങ്കിലും ഇടിച്ചു ചിതറാതിരിക്കാൻ ശ്രമിക്കാം. തെറ്റുകുറ്റങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന തമ്പുരാനേ എന്നോട് പൊറുക്കേണമേ.' ആരോടെന്നില്ലാതെ ആകാശത്തിലേക്ക് നോക്കി അയാൾ പ്രാർഥിച്ചു.