‘ബസൂക്ക’ ഗംഭീരമാകും, ടെൻഷൻ വേണ്ടെന്നായിരുന്നു അവസാന വാക്ക്: നിഷാദിനെ ഓർത്ത് ജിനു എബ്രഹാം
Mail This Article
മമ്മൂട്ടി നായകനാകുന്ന ആക്ഷൻ പാക്ക്ഡ് ചിത്രം ബസൂക്കയിൽ എഡിറ്റിങ് ജോലികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് എഡിറ്റർ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിതവിയോഗമെന്ന് നിർമാതാവ് ജിനു എബ്രഹാം. സിനിമയുടെ പകുതിയോളം ഭാഗത്തിന്റെ എഡിറ്റ് പൂർത്തിയാക്കി മ്യൂസിക് ഡയറക്ടർക്ക് കൈമാറിയിരുന്നു. കങ്കുവയുടെ പ്രൊമോഷൻ പരിപാടി കഴിഞ്ഞു വന്നതിനു ശേഷം തിരിച്ചു വിളിക്കാമെന്നു പറഞ്ഞ നിഷാദിന്റെ വിയോഗവാർത്തയാണ് ഇന്നു പുലർച്ചെ തന്നെ വിളിച്ചുണർത്തിയതെന്ന് ജിനു എബ്രഹാം പറയുന്നു.
‘‘നിഷാദുമായി നാലു ദിവസം മുൻപ് സംസാരിച്ചിരുന്നു. ബസൂക്കയുടെ ഏകദേശം രണ്ടു റീലോളം എഡിറ്റ് തീർത്ത് മ്യൂസിക് ഡയറക്ടർക്ക് നൽകിയിരുന്നു. സിനിമയുടെ ഏകദേശം പകുതിയോളം വരും അത്. മൂന്നു റീലാണ് സിനിമയുടെ ഫസ്റ്റ് ഫാഫ് വരിക. ബസൂക്ക അടിപൊളിയായി വരുന്നുണ്ടെന്നും ഒരു ടെൻഷനും വേണ്ടെന്നുമാണ് ഒടുവിൽ സംസാരിച്ചപ്പോൾ പറഞ്ഞത്. സൂര്യ നായകനായെത്തുന്ന കങ്കുവയുടെ പ്രൊമോഷൻ ഇവന്റിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. അവിടെ നിന്ന് തിരിച്ചു വന്നിട്ട് ബാക്കി കാര്യങ്ങൾ എത്രയും പെട്ടെന്നു തീർക്കാമെന്നു പറഞ്ഞു. തിരിച്ചു വന്നിട്ട് വിളിക്കാമെന്നു പറഞ്ഞു പോയതാണ്. ഇന്ന് രാവിലെ നാലു മണിക്ക് ബി.ഉണ്ണികൃഷ്ണൻ വിളിച്ചപ്പോഴാണ് ഞാൻ വിവരം അറിയുന്നത്," ജിനു എബ്രഹാം മനോരമ ഓൺലൈനോടു പറഞ്ഞു.
"വളരെ കഴിവുള്ള, ജോലിയോട് പാഷനുള്ള, സിനിമയെ ഒരു വികാരമായി കാണുന്ന വ്യക്തിയായിരുന്നു നിഷാദ്. സിനിമ നന്നാകുമ്പോൾ അതിന്റെ മുഴുവൻ ആവേശവും നിഷാദിന്റെ വാക്കുകളിൽ കാണാൻ കഴിയും. നിഷാദ് നൽകിയആത്മവിശ്വാസമാണ് ബസൂക്കയിൽ ഞങ്ങൾക്കുള്ള വിശ്വാസം എന്നു പറയുന്നത്. ആ ആത്മവിശ്വാസമാണ് പെട്ടെന്ന് മാഞ്ഞുപോയത്," ജിനു കൂട്ടിച്ചേർത്തു.