മുൾമുനയിൽ നിർത്തി അഞ്ചാം പാതിര: റിവ്യു
Mail This Article
മലയാളികളെ ഒരുപാടു ചിരിപ്പിച്ച ഷാജി പാപ്പനെ മലയാളികള്‍ക്കു സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ രചനയിലും സംവിധാനമികവിലും രൂപപ്പെട്ട ഒന്നാന്തരം സൈക്കളോജിക്കൽ ത്രില്ലർ സിനിമയാണ് അഞ്ചാം പാതിരാ. സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ മികച്ച ത്രില്ലർ സിനിമകളുടെ കൂട്ടത്തിൽ ഒന്നായി അഞ്ചാം പാതിരായെ ഉൾപ്പെടുത്താം. കരിയറിൽ ആദ്യമായാണ് ത്രില്ലർ വിഭാഗത്തിലുള്ള സിനിമ മിഥുൻ ചെയ്യുന്നത്.
പ്രമേയം
സീരിയൽ കില്ലർമാരുടെയും റിപ്പർമാരുടെയും കഥ പല രീതിയിൽ സിനിമകളിൽ വന്നിട്ടുണ്ട്. എന്നാൽ അഞ്ചാം പാതിരയിലെ സീരിയൽ കില്ലർ വ്യത്യസ്തനാണ്. അയാളുടെ ഇരകളെല്ലാം പൊലീസുകാരാണ്. തെളിവായി ഒന്നും ബാക്കി വയ്ക്കാതെ പൊലീസുകാരെ കിഡ്നാപ്പ് ചെയ്താണ് കൊലകൾ. കൊലപാതകത്തിനുള്ള കാരണവും കൊലയാളിയും എന്നും ഇരുട്ടിൽ തന്നെ നിന്നു. കേസ് അന്വേഷിക്കാനും കുറ്റവാളി ആരാണെന്ന് കണ്ടെത്താനും പൊലീസ് വകുപ്പിനെ സഹായിക്കുന്ന സൈക്കോളജിസ്റ്റ് അൻവർ ഹുസൈന്റെ കണ്ടെത്തലുകളാണ് കഥയിൽ നിർണായകമാകുന്നത്. ആധുനിക സാങ്കേതികവിദ്യകളെയെല്ലാം കബളിപ്പിച്ച് കൊല നടത്തുന്ന കുറ്റവാളിയെ കണ്ടെത്താൻ പൊലീസ് നടത്തുന്ന അന്വേഷണമാണ് സിനിമ.
കഥാപാത്രങ്ങൾ
പൊലീസിനെ സഹായിക്കുന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള താരനിരയുടെ അഭിനയ പ്രകടനവും സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. പൊലീസുകാരായി ജിനു ജോസഫും ഉണ്ണിമായയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. തന്റെ ഹാക്കിങ് കഴിവുകൾ ഒരിക്കലും നല്ല കാര്യത്തിനായി ഉപയോഗിക്കാത്ത ഒരു സൈബർകുറ്റവാളിയുടെ വേഷത്തിലെത്തുന്ന ശ്രീനാഥ് ഭാസിയും മികച്ച രീതിയിൽ കഥാപാത്രത്തെ കൈകാര്യം െചയ്തിട്ടുണ്ട്.
ഇന്ദ്രൻസ്, സുധീഷ്, ഹരികൃഷ്ണന്‍, ജാഫര്‍ ഇടുക്കി, ഷറഫുദ്ദീൻ, അഭിറാം, മാത്യു, അസീം ജമാല്‍, ദിവ്യ ഗോപിനാഥ്, നന്ദന വര്‍മ തുടങ്ങിയവർ തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ മികച്ചതാക്കി.
സംവിധാനം, രചന, ഛായാഗ്രഹണം
ഒരു സസ്പെൻസ് ത്രില്ലര്‍ സിനിമയിലെ പ്രധാന ഘടകങ്ങളാണ് രചനയും സംവിധാനവും ഛായാഗ്രഹണവും. ഇവ മൂന്നും വേണ്ട രീതിയിൽ സമ്മേളിച്ചതാണ് അഞ്ചാം പാതിരയെ മികച്ചൊരു സിനിമയാക്കുന്നത്. ഇതിൽ സംവിധാനം, രചന എന്നിവ മിഥുൻ കൈകാര്യം ചെയതപ്പോൾ ഷൈജു ഖാലിദാണ് ഛായാഗ്രഹണം. നിഴലുകളിൽ പതിയിരിക്കുന്ന കൊലപാതകി ആരെന്ന സസ്പെൻസ്, പാതകത്തിന്റെ കാരണമെന്തെന്ന് അറിയാനുള്ള വ്യഗ്രത ഇവയിലൂടെ ആദ്യാവസാനം പ്രേക്ഷകരുടെ ആകാംക്ഷയും നെഞ്ചിടിപ്പും നിലനിർത്താൻ സംവിധായകന് കഴിയുന്നു. ഏറ്റവും ആകർഷകമായ രീതിയിൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയാൻ മിഥുന് കഴിഞ്ഞു.
ത്രില്ലർ മൂവിക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതമാണ് സുഷിൻ ശ്യാം ചിത്രത്തിനായി നൽകിയത്. ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. എല്ലാ ചേരുവകളും ഒന്നായി ചേർന്നപ്പോൾ ക്ലൈമാക്സ് വരെ ത്രില്ലിങ് അനുഭവത്തിൽ മികച്ചൊരു ചിത്രം പ്രേക്ഷകർക്കു സമ്മാനിക്കാൻ അഞ്ചാം പാതിരയിലൂടെ മിഥുൻ മാനുവലിനും സംഘത്തിനും കഴിഞ്ഞു.