വെടിയേറ്റത് ആരാധകരുടെ ആവേശം അതിരുവിട്ടപ്പോൾ; പരാതിപ്പെടാതെ നിഷ ഉപാധ്യ

Mail This Article
വേദിയിൽ പാടവെ ഭോജ്പുരി ഗായിക നിഷ ഉപാധ്യയ്ക്കു വെടിയേറ്റത് ആരാധകരുടെ ആവേശം അതിരുവിട്ടപ്പോഴെന്ന് നിഗമനം. ഗായികയുെട പാട്ടിൽ മതിമറന്ന് കാണികൾ ആവേശഭരിതരായി. ഇതിനിടെ വെടിയുതിർത്തപ്പോൾ അബദ്ധത്തിൽ നിഷയ്ക്ക് ഏൽക്കുകയായിരുന്നു. ഗായികയുടെ ഇടത് തുടയിലാണ് വെടിയുണ്ട തറച്ചു കയറിയത്. ഉടൻ പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വേദിയിൽ ലൈവ് പാടുന്നതിനിടെ ഗായികയ്ക്ക് വെടിയേറ്റു; തുടയെല്ലിന് പരുക്ക്
ബിഹാറിലെ സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തിൽ ചൊവ്വാഴ്ച നടന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് അപകടവിവരം അറിഞ്ഞതെന്നും ജന്ത ബസാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നസറുദ്ദീന്‍ ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനിടെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന നിഷ ഉപാധ്യായുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പരുക്ക് ഗുരുതരമല്ലെന്ന് ഗായികയുടെ അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. ബിഹാറിലെ അറിയപ്പെടുന്ന ഗായിക, സരണ്‍ ജില്ലയിലെ ഗാര്‍ഖ ഗൗഹര്‍ ബസന്ത് സ്വദേശിനിയാണ്.