തമിഴ്നാട്ടിൽ ഗവർണറെ തിരുത്തി ഡിജിപി; ആരോപണങ്ങൾ തെറ്റെന്ന് തെളിയിച്ച് വാർത്താസമ്മേളനം
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ രാജ്ഭവനു നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണം സംബന്ധിച്ച ആരോപണങ്ങൾ തെറ്റെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ശങ്കർ ജീവാളിന്റെ അസാധാരണ വാർത്താസമ്മേളനം. ഗവർണർ ആർ.എൻ.രവിയും ഡിഎംകെ സർക്കാരുമായുള്ള പോര് ഇതോടെ പുതിയ ഘട്ടത്തിലെത്തി.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ, രാജ്ഭവന്റെ പ്രധാന ഗേറ്റിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കുപ്രസിദ്ധ ഗുണ്ട എം.വിനോദിനെ (കറുക്ക വിനോദ്– 42) സംഭവസ്ഥലത്തു തന്നെ പൊലീസ് പിടികൂടിയിരുന്നു. വിനോദ് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് എസിപി വ്യക്തമാക്കിയിരുന്നു. എന്നാൽ ‘ബോംബുകളുമായെത്തിയ അക്രമികൾ പ്രധാന ഗേറ്റിലൂടെ അകത്തു കടക്കാൻ ശ്രമിച്ചെന്നും രാജ്ഭവനിലേക്കു 2 പെട്രോൾ ബോംബുകൾ എറിഞ്ഞ് കടന്നുകളഞ്ഞെന്നും’ തൊട്ടുപിന്നാലെ ഗവർണറുടെ ഓഫിസിന്റെ സമൂഹമാധ്യമ പോസ്റ്റ് വന്നു. സംസ്ഥാനത്തു ക്രമസമാധാനനില തകരാറിലായെന്നും സംഭവം എൻഐഎ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടതോടെ വിവാദമായി. രാഷ്ട്രപതി ദ്രൗപദി മുർമു രാജ്ഭവനിലെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു സംഭവം.
ആരോപണങ്ങൾ തെറ്റാണെന്നതിനു തെളിവായി പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളിൽ ബോംബെറിഞ്ഞതിനു പിടിയിലായ വിനോദ് ഒറ്റയ്ക്കു നടന്നുവരുന്ന ദൃശ്യങ്ങളുണ്ട്. പെട്രോൾ ബോംബ് ഗേറ്റിനു പുറത്തു വീണു കിടക്കുന്നതും പൊലീസ് പ്രതിയെ കീഴടക്കുന്നതുമാണു മറ്റു ദൃശ്യങ്ങൾ. വിനോദിനു രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണവും പൊലീസ് നിഷേധിച്ചു.
കഴിഞ്ഞ ഏപ്രിലിൽ മയിലാടുതുറ സന്ദർശിച്ചപ്പോൾ ഗവർണറെ ആക്രമിച്ചെന്ന തരത്തിലുണ്ടായ പ്രചാരണം നിഷേധിക്കുന്ന വിഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ആക്രമണമുണ്ടായില്ലെന്നും ഒരു കൊടി മാത്രമാണ് എറിഞ്ഞതെന്നും ദൃശ്യങ്ങൾ സഹിതം പൊലീസ് വ്യക്തമാക്കി. 73 പേരെ അറസ്റ്റ് ചെയ്തതായും ഡിജിപി പറഞ്ഞു. ഗവർണറുടെ ഭാഗത്തുനിന്ന് ഉയർന്ന പരാതിയിലെ പൊരുത്തക്കേടുകൾ മാത്രമാണു വിശദീകരിച്ചതെന്നും രാജ്ഭവനെ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതിക്ക് ബിജെപി സഹായമോ?
ചെന്നൈ ∙ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ പെട്രോൾ ബോംബ് ആക്രമണം നടത്തിയ കേസിലും പ്രതിയായ കറുക്ക വിനോദിനു വേണ്ടി ഹാജരായ അഭിഭാഷകൻ ബിജെപി നിയമ വിഭാഗം തലവനാണെന്നു തമിഴ്നാട് നിയമമന്ത്രി എസ്.രഘുപതി ആരോപിച്ചു. എന്നാൽ ബിജെപി അംഗമല്ലെന്നും താൻ അറിയാതെയാണ് ബിജെപിയുടെ ലെറ്റർഹെഡിൽ തന്റെ പേര് അച്ചടിച്ചതെന്നും അഡ്വ. മുത്തമിഴ് സെൽവകുമാർ പ്രതികരിച്ചു.