പോളിങ് ശതമാനം: ആശങ്ക പരിശോധിക്കണമെന്ന് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനക്കണക്കുകളിൽ വ്യത്യാസം വരുന്നതിലെ ആശങ്ക പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. ആശങ്കകൾ പരിശോധിക്കാനും ചർച്ച ചെയ്യാനും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ തയാറാണെന്നു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. ബൂത്ത് തിരിച്ചുള്ള വോട്ടു വിവരം പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.നിവേദനവും നിർദേശങ്ങളും 10 ദിവസത്തിനകം കമ്മിഷനു നൽകാൻ ഹർജിക്കാരോട് കോടതി നിർദേശിച്ചു. ഇതിനുശേഷം വാദം കേൾക്കാനായി ഹർജി ജൂലൈ 28ലേക്കു മാറ്റി.
കൃത്യമായ പോളിങ് ശതമാനം പുറത്തുവരുന്നില്ലെന്നും വോട്ടുകളുടെ സമ്പൂർണവിവരം വ്യക്തമാകുന്ന ഫോം 17സി 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ഹർജി നൽകിയത്.വോട്ടിങ് ശതമാനത്തിലെ അപാകത ചൂണ്ടിക്കാട്ടി 2019 ൽ എഡിആറും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നിലനിൽക്കെയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഉയർന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി എഡിആർ വീണ്ടും കോടതിയെ സമീപിച്ചത്.
വോട്ടെടുപ്പു ദിവസം ലഭിക്കുന്ന പോളിങ് ശതമാനവും പിന്നീടു ലഭിക്കുന്ന പോളിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു.എന്നാൽ, പോളിങ് പൂർത്തിയാകുമ്പോൾ 17സി ഫോം രാഷ്ട്രീയ പാർട്ടികളുടെ പോളിങ് ഏജന്റുമാർക്ക് കൈമാറാറുണ്ടെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി. അന്നു രാത്രി തന്നെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണമെന്ന ആവശ്യം നടപ്പാക്കാനാകില്ലെന്നും വാദിച്ചു.