‘അവരെത്തിയില്ല ; എങ്കിലും അവരുടെ നാമം അവിടെ എഴുതപ്പെട്ടു’

Mail This Article
പാലാ ∙ ഇടവകയിലെ കുടുംബനാഥന്റെ പേരും വീട്ടുപേരും പള്ളിക്കുള്ളിലെ ബെഞ്ചുകളിൽ എഴുതിയൊട്ടിച്ച് വൈദികന്റെ ബലി അർപ്പണം. അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.ജയിംസ് വെണ്ണായിപ്പള്ളിലാണ് ഇന്നലെ മുതൽ പുതിയ രീതി ആവിഷ്കരിച്ചത്.
കൊവിഡ്-19 രോഗ വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി കുർബാനയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിശ്വാസികളെ ഒഴിവാക്കിയിരുന്നു. തുടർന്ന് ഒരാഴ്ചയായി പള്ളികളിൽ വൈദികർ തനിച്ചാണ് കുർബാന അർപ്പിക്കുന്നത്. ഇടവകാംഗങ്ങളെ ഓരോരുത്തരെയും ഓർമിച്ച് ബലി അർപ്പിക്കുന്നതിനാണ് പേരും വീട്ടുപേരും എഴുതിയിരിക്കുന്നതെന്ന് വികാരി ഫാ.ജയിംസ് വെണ്ണായിപ്പള്ളിൽ പറഞ്ഞു.
ഇടവകയിലെ 240 വീട്ടുപേരും എഴുതിയിട്ടുണ്ട്. ഇറ്റലിയിലെ ഒരു പള്ളിയിൽ ഇടവകയിലെ ആളുകളുടെ ഫോട്ടോ വച്ച് വൈദികൻ ബലി അർപ്പിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ഇങ്ങനെ കുർബാന അർപ്പിക്കാൻ ആരംഭിച്ചത്. ഇത് വലിയൊരു അനുഭവമായി മാറിയെന്നും ഫാ.ജയിംസ് വെണ്ണായിപ്പള്ളിൽ പറഞ്ഞു.
English summary: Priest write parish members name on bench and conducts mass in Pala