ബിപിഎൽ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക്; സൗജന്യ യാത്ര: മറ്റ് വിദ്യാർഥികൾക്ക് മിനിമം 5 രൂപ

Mail This Article
തിരുവനന്തപുരം ∙ ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കു ബസ് യാത്ര പൂർണമായി സൗജന്യമാക്കാൻ തീരുമാനിച്ചു. മറ്റു വിഭാഗങ്ങളിലുള്ളവർക്കെല്ലാം യാത്രാനിരക്ക് വർധിപ്പിക്കും. ഇതിന്റെ തോതും എന്നു മുതൽ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷമാകും തീരുമാനിക്കുക. രാത്രിയാത്രയ്ക്ക് അധിക നിരക്ക് ഈടാക്കുന്നതും പരിഗണനയിലുണ്ട്.
ബസ് നിരക്കു വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമെടുത്തത്. വിദ്യാർഥികളുടെ കൺസഷൻ സംബന്ധിച്ച് ഇനി ചർച്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ കുടുംബവരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാർഥികൾക്കും ഒരുപോലെയാണു കൺസഷൻ നൽകുന്നത്. കുടുംബം വരുമാനം അടിസ്ഥാനമാക്കി റേഷൻ കാർഡ് മാനദണ്ഡമാക്കിയാകും ഇതിൽ മാറ്റം വരുത്തുക. മഞ്ഞ റേഷൻ കാർഡുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണു സൗജന്യ യാത്ര ഉദ്ദേശിക്കുന്നത്.
മറ്റു ബസ് യാത്രകൾക്കു മിനിമം നിരക്ക് 10 രൂപ, കിലോമീറ്ററിന് 90 പൈസ, വിദ്യാർഥികൾക്കു മിനിമം നിരക്ക് 5 രൂപ എന്നിവയാണു രാമചന്ദ്രൻ കമ്മിറ്റി നിർദേശിച്ചതെന്നും ഇതു ബസ് ഉടമകളുടെ പ്രതിനിധികളുമായി ചർച്ച ചെയ്താണു പൊതു നിർദേശത്തിലേക്കു വന്നതെന്നും മന്ത്രി അറിയിച്ചു. നിലവിൽ ഒരു രൂപയാണ് വിദ്യാർഥികളുടെ മിനിമം നിരക്ക്.
രാത്രിയാത്രയ്ക്ക് അധിക നിരക്ക് ഈടാക്കാനും ശുപാർശയുണ്ട്. രാത്രിയിൽ ബസുകളുടെ കുറവു മൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്തപ്പോഴാണു നിരക്കു കൂട്ടിയാൽ കൂടുതൽ ബസുകൾ സർവീസിന് ഇറക്കാമെന്ന നിർദേശം ഉടമകൾ മുന്നോട്ടു വച്ചത്.
രാത്രി 8 മുതലാണോ 9 മുതലാണോ ചാർജ് വർധന നടപ്പാക്കേണ്ടതെന്നു പിന്നീടു തീരുമാനിക്കും. കൂടിയ നിരക്ക് രാവിലെ 6 വരെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. നിരക്കു വർധന അനിവാര്യമാണെന്നാണു ചർച്ചയിൽ പൊതുവായി ഉണ്ടായ ധാരണ. കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ കൺസഷൻ നിരക്ക് ഏകീകരിക്കില്ല. ബസ് ഉടമകളുമായി ഇനിയും ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി .
കോവിഡ് കാലത്തു യാത്രക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ ബസ് നിരക്കു വർധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബസുകളിൽ 25% നിരക്ക് കുറച്ചു. കോവിഡിനു ശേഷം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.
English Summary: Bus ticket charge hike Kerala