ഏക വ്യക്തി നിയമം: അനുകൂലിച്ചവരിൽ ഇ.കെ.നായനാരും പി. സതീദേവിയും

Mail This Article
തിരുവനന്തപുരം ∙ ഏക വ്യക്തി നിയമം നടപ്പാക്കണമെന്നു സിപിഎമ്മിന്റെ സമുന്നത നേതാക്കളായിരുന്ന ഇഎംഎസും സുശീല ഗോപാലനും മാത്രമല്ല, ഇ.കെ.നായനാരും ഒടുവിൽ പി.സതീദേവിയും വരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നു രേഖകൾ.
ഇഎംഎസ് 1985 മുതൽ പല ഘട്ടങ്ങളിൽ ഏകവ്യക്തിനിയമത്തിനുവേണ്ടി വാദിച്ചിരുന്നു. അതിന്റെ തെളിവുകൾ പുറത്തുവന്നതു സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇ.കെ.നായനാർ മുതൽ സതീദേവി വരെയുള്ളവർ വ്യക്തിനിയമത്തിനുവേണ്ടി സംസാരിച്ചിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നത്. സിപിഎം നേതാക്കൾ ഏക വ്യക്തിനിയമത്തിന്റെ വക്താക്കളാണെന്ന് കോൺഗ്രസും ബിജെപിയും പ്രചരിപ്പിക്കുന്നുണ്ട്. അതു തങ്ങളുടെ ഇപ്പോഴത്തെ സമീപനത്തിന്റെ ആത്മാർഥതയെ ചോദ്യം ചെയ്തേക്കാമെന്ന് സിപിഎം കരുതുന്നു. അതിനാൽ ചരിത്രത്തെ വിസ്മരിച്ചു വർത്തമാന കാലത്തിൽ തങ്ങൾ വ്യക്തി നിയമത്തിനെതിരാണെന്നു സ്ഥാപിക്കാനാണു ശ്രമം.
ഈയിടെ നടന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിലാണ് സതീദേവി ഏക വ്യക്തി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. മുതിർന്ന നേതാവും മുൻ എംപിയുമായ സി.എസ്.സുജാതയും ഒപ്പമുണ്ടായിരുന്നു. വിവേചനപരമായ സമീപനം ഒഴിവാക്കുന്നതിന് ഏകീകൃത സിവിൽ നിയമം നടപ്പാക്കണമെന്നാണ് അസോസിയേഷന്റെ കാഴ്ചപ്പാടെന്നു മുൻ എംപി കൂടിയായ സതീദേവി പ്രഖ്യാപിച്ചു. വ്യക്തി നിയമത്തിന്റെ ഏകീകരണത്തിന് അസോസിയേഷൻ യൂണിറ്റ് തലത്തിൽ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും സതീദേവി പറഞ്ഞിട്ടുണ്ട്.
1985ൽ ഷാബാനു കേസിൽ വിധി വന്നപ്പോൾ ഇ.കെ.നായനാർ ദേശാഭിമാനിയിൽ എഴുതിയ ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ലേഖന പരമ്പരയിൽ ഏക വ്യക്തി നിയമത്തിന്റെ പ്രസക്തിയിലാണ് ഊന്നൽ നൽകിയത്. ഇന്ത്യയിൽ വ്യക്തിനിയമം വേണമെന്നു പറയുമ്പോൾ ഇസ്‌ലാം മതത്തെ നശിപ്പിക്കാനാണെന്നു കോലാഹലം കൂട്ടുന്നവർക്കു തുർക്കി 60 വർഷം മുൻപു മറുപടി നൽകി. മതത്തെ നിയമത്തിൽ നിന്നു വേർപെടുത്തി പൊതുനിയമം നിർമിച്ചപ്പോൾ ഇസ്‌ലാം മതം തുർക്കിയിൽ തളർന്നില്ല. വ്യക്തി നിയമത്തിനെതിരായ പ്രചാരണം നടത്തി വർഗീയത ഇളക്കിവിടുന്നതു ശരിയല്ലെന്നും ലേഖനത്തിൽ നായനാർ അഭിപ്രായപ്പെട്ടിരുന്നു.
English Summary : EK Nayanar and P Sati Devi were among supporters of uniform civil code