വിട്ടു പോയ മകന്റെ കൈകൾ പകർന്ന് നൽകിയ കേക്ക്; ഓർമ മധുരം നുണഞ്ഞ് രക്ഷിതാക്കൾ

Mail This Article
കൊച്ചി ∙ ആ കേക്കിന്റെ കഷ്ണത്തിനു മധുരം കൂടുതലായിരുന്നു. ഇരുകൈകളും കൊണ്ടു ചേർത്തു പിടിച്ച ഹൃദയത്തിന്റെ ചിത്രം വരച്ച കേക്ക്. നേവിസിന്റെ കൈകൾ കൊണ്ടു ബസവന ഗൗഡ കേക്ക് മുറിച്ചു. നേവിസ് ജീവൻ പകുത്തു നൽകിയവർ ഒരുമിച്ച് ആ മധുരം പങ്കിട്ടു; ഒപ്പം നേവിസിന്റെ പിതാവ് സാജൻ മാത്യുവും മാതാവ് ഷെറിൻ ആനിയും സഹോദരങ്ങൾ എൽവിസും വിസ്മയയും.
കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ 27–ാം പിറന്നാളായിരുന്നു ഇന്നലെ. നേവിസ് കൂടെയില്ലാത്ത രണ്ടാം പിറന്നാൾ. രക്തത്തിലെ പഞ്ചസാരയുടെ അളവു താഴ്ന്നതു മൂലം അബോധാവസ്ഥയിലായ നേവിസിന്റെ മരണം 2021 സെപ്റ്റംബർ 25നായിരുന്നു. അവയവ ദാനത്തിലൂടെ നേവിസ് 7 പേർക്കു ജീവൻ പകർന്നു.
ഇവരിൽ കൈകൾ മാറ്റിവച്ച കർണാടക ബെള്ളാരി സ്വദേശി ബസവന ഗൗഡ, ഹൃദയം മാറ്റിവച്ച കണ്ണൂർ സ്വദേശി കെ. പ്രേംചന്ദ്, കരൾ മാറ്റിവച്ച നിലമ്പൂർ സ്വദേശി വിനോദ്, വൃക്ക മാറ്റിവച്ച തൃശൂർ സ്വദേശി ബെന്നി, നേത്രപടലം മാറ്റിവച്ച കോട്ടയം സ്വദേശി ലീലാമ്മ എന്നിവർ നേവിസിന്റെ ഓർമകളുമായി കൊച്ചി അമൃത ആശുപത്രിയിൽ ഒത്തുകൂടി.
English Summary: Cake given by the hands of departed son Navis Sajan Mathew; memories for Sherin Annie Sajan and Sajan Mathew