‘നീ കറുത്തിട്ടാണ്, അത് സ്കൂളിന്റെ മാർക്ക് കുറയ്ക്കും; വേട്ടയാടപ്പെട്ടവൾ, ആ വേദനയിൽനിന്ന് മുക്തയായിട്ട് കുറച്ചു വർഷം മാത്രം’

Mail This Article
എൽകെജി ക്ലാസിലേക്കു പോകാനുള്ള പ്രധാന ആകർഷണം അവിടത്തെ മരക്കുതിരകളായിരുന്നു. അവയുടെ പുറത്തുകയറാൻപോയ എന്നെ നോക്കി, എന്റെ അതേ പ്രായമുള്ള കുട്ടികൾ പറഞ്ഞു: ‘നിന്നെ കളിക്കാൻ കൂട്ടില്ല. നീ കറുത്തതാണ്’. സങ്കടപ്പെട്ടു തിരിച്ചെത്തിയ അമ്മയോടു ഞാൻ ചോദിച്ചു: ‘എന്തിനാ എന്നെ വളർത്തിയത്; കൊന്നുകൂടായിരുന്നോ?’ യുപി ക്ലാസിലെത്തിയപ്പോൾ നൃത്തസംഘത്തിൽനിന്നു പേരുവെട്ടി. കാരണം ചോദിച്ചപ്പോൾ അധ്യാപിക പറഞ്ഞു, ‘നീ കറുത്തിട്ടാണ്. അത് സ്കൂളിന്റെ മാർക്ക് കുറയ്ക്കും’.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിറത്തിന്റെ പേരിൽ വേട്ടയാടപ്പെട്ടിട്ടുണ്ട്. അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. നിറത്തിന്റെ പേരിൽകേട്ട അപഹാസ്യങ്ങളിൽനിന്ന്, അതേൽപിച്ച മുറിവുകളിൽനിന്ന് മുക്തി നേടിയിട്ടു നാലോ അഞ്ചോ വർഷമേ ആയിട്ടുള്ളൂ. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. സമൂഹം നമുക്കു മുന്നിൽവയ്ക്കുന്ന കുറെ സൗന്ദര്യ മാനദണ്ഡങ്ങളുണ്ട്. വെളുത്ത, മെലിഞ്ഞ പെൺകുട്ടിക്കു കിട്ടുന്ന സ്വീകാര്യത കറുത്ത, തടിച്ച പെൺകുട്ടിക്കു ലഭിക്കുന്നില്ല. വിവാഹമാർക്കറ്റിൽ പ്രത്യേകിച്ചും. അതുകൊണ്ടാണല്ലോ വെളുക്കാനായുള്ള സൗന്ദര്യവർധക വസ്തുക്കൾ ഇപ്പോഴും വിപണിയിലുള്ളത്.
ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുന്ന നേരം. അടുത്തുള്ള 3 വയസ്സുകാരിയോടു ഞാൻ കുശലം ചോദിച്ചു. ആ കുഞ്ഞ് കരഞ്ഞു. എന്തുപറ്റി എന്ന എന്റെ ചോദ്യത്തിന് അവർ തന്നതു വിചിത്രമായ മറുപടിയായിരുന്നു, ‘കറുത്ത ആളുകളോടു സംസാരിക്കാൻ കുഞ്ഞിനു താൽപര്യമില്ലത്രേ’. സമൂഹമായാലും മാധ്യമങ്ങളായും കറുത്ത ആളുകളെ കാണുന്ന രീതിയിൽ ഇപ്പോഴും അസമത്വമുണ്ട്. വില്ലന്മാരെല്ലാം കറുത്തവരാണ്. തിന്മയെല്ലാം കറുത്തതാണ്. ആരാണ് കറുപ്പിനെ തിന്മയായി ചിത്രീകരിച്ചത്? കറുത്തവർ സമം അവർണർ എന്ന പൊതുബോധം ഭരിക്കുന്ന തലമുറകളിൽപെട്ടവർ ഇപ്പോഴും നമുക്കുചുറ്റുമുണ്ട്. ആ ഉച്ചനീചത്വം തന്നെയാണ് നിറത്തിന്റെ പേരിൽ നേരിടേണ്ടി വരുന്ന എല്ലാ അസമത്വങ്ങളുടെയും ആണിക്കല്ല്. സവർണ–അവർണ ബോധം ഇല്ലെന്നു വാദിക്കാം. പക്ഷേ, അനുഭവസ്ഥർ മറിച്ചാണെന്നു പറയും.
അടുക്കളയിൽ ഒതുങ്ങിപ്പോയ ഒരു പെൺകുട്ടി എനിക്ക് നിരന്തരം മെയിൽ അയയ്ക്കുമായിരുന്നു. നിറത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും മാനസികമായ ഉപദ്രവിക്കുന്ന കഥ ആ കുട്ടി പറയും. നിങ്ങളെപ്പോലെയുള്ളവരെ കാണുമ്പോൾ അഭിമാനം തോന്നുന്നെന്നും ജീവിക്കാൻ തോന്നുന്നെന്നും പറയും. ഇത് ഒരു കുട്ടിയുടെ മാത്രം കഥയല്ല. ലിംഗഭേദമില്ലാതെയാണു നിറത്തിന്റെ പേരിൽ ആളുകൾ തഴയപ്പെടുന്നത്. അതിന് ഇനിയും മാറ്റം വന്നിട്ടില്ലെന്നു തെളിയിക്കുന്നതാണല്ലോ ചീഫ് സെക്രട്ടറി ശാരദ മാമിനു നേരിട്ട അനുഭവങ്ങൾ.
ഇക്കാര്യത്തിൽ പുതുതലമുറയിൽപെട്ടവർ കുറെക്കൂടി നന്നായി ചിന്തിക്കുന്നവരാണ്. സമൂഹത്തിന്റെ ബോഡി ഇമേജുകളെ അവർ ഇല്ലാതാക്കുന്നുണ്ട്. നിറത്തെ, ശരീരത്തെ അവർ ഭംഗിയായി സംരക്ഷിക്കുന്നു. അവർക്കിണങ്ങുന്ന, അവർക്കിഷ്ടപ്പെട്ട നിറങ്ങളിലുള്ള വസ്ത്രങ്ങൾ കണ്ടെത്തുന്നു, ധരിക്കുന്നു. ഇതൊന്നും സാധ്യമാകാത്ത ഒരു തലമുറയിൽപെട്ടതായിരുന്നു ഞാനടക്കമുള്ളവർ. നിറത്തിന്റെ പേരിൽ ഇനിയും ആരും ഉപദ്രവിക്കപ്പെടരുത്. ആ തിരിച്ചറിവ് മാധ്യമങ്ങൾക്കും സമൂഹത്തിനും വേണം. എങ്കിലേ മാറ്റമുണ്ടാകൂ.