‘ആ തീരുമാനം ഇന്ന്’ എന്ന് പ്രശാന്തിന്റെ കുറിപ്പ്; പിന്നീട് പിൻവലിച്ചു

Mail This Article
തിരുവനന്തപുരം∙ ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ച് സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്. അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ പ്രശാന്തിനെതിരെ അന്വേഷണ നടപടിയിലേക്കു സർക്കാർ കടക്കാനിരിക്കെയാണ്, അഭ്യൂഹങ്ങൾക്കു വഴിവയ്ക്കുന്ന കുറിപ്പ് അദ്ദേഹം രാവിലെ പങ്കുവച്ചത്. ‘തീരുമാനത്തിനു സമയമായിരിക്കുന്നു’, ‘പുതിയൊരു കാര്യം വരുന്നു’ എന്നർഥമുള്ള ഇംഗ്ലിഷ് വാചകങ്ങളും ഇതിനൊപ്പം അദ്ദേഹം പങ്കുവച്ചു. നിലത്തുവീണു കിടക്കുന്ന റോസാപ്പൂവിതളുകളുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്.
സർക്കാർ തന്നെ വേട്ടയാടുകയാണെന്നും ഏകപക്ഷീയമായി അച്ചടക്കനടപടിയെടുക്കുകയാണെന്നും ആവർത്തിക്കുന്ന പ്രശാന്ത്, കടുത്ത നടപടികളിലേക്കു നീങ്ങുകയാണെന്ന പ്രചാരണത്തിന് ഇതു വഴിവച്ചു. സർവീസിൽനിന്നു രാജിവയ്ക്കുകയാണോ എന്ന് ചിലർ കമന്റിൽ ചോദിച്ചു. രാഷ്ട്രീയത്തിൽ ചേരുകയാണെന്ന് മറ്റു ചിലർ പ്രവചിച്ചു; ഏപ്രിൽ ഫൂൾ നാടകമാണെന്നും കമന്റുകൾ വന്നു. മാധ്യമങ്ങളോടു പ്രതികരിക്കാതിരുന്ന പ്രശാന്ത്, ഉച്ചകഴിഞ്ഞ് തന്റെ പോസ്റ്റ് പിൻവലിച്ചതോടെ അഭ്യൂഹങ്ങൾക്കു താൽക്കാലിക വിരാമം.