‘മേഘ ഒരു രൂപ പോലും അനാവശ്യമായി ചെലവാക്കില്ല; അയാൾ അവളെ മാനസികമായി തകർത്തു’

Mail This Article
പത്തനംതിട്ട ∙ ‘വളരെ ചെറുപ്പം മുതലേ അവൾ കുടുക്ക വാങ്ങി അതിൽ പണം സൂക്ഷിക്കുമായിരുന്നു. കുടുക്ക പൊട്ടിച്ച് ആ പണം എന്നെയോ അച്ഛനെയോ ഏൽപിക്കും. അവൾക്കു വേണ്ടതെല്ലാം ഇതുവരെ വാങ്ങി നൽകിയിരുന്നത് ഞാനാണ്. ഒരുരൂപപോലും അവൾ അനാവശ്യമായി ചെലവാക്കിയിരുന്നില്ല. അങ്ങനെയുള്ള ഞങ്ങളുടെ മകളുടെ അക്കൗണ്ടിൽ മരിക്കുമ്പോൾ ബാക്കിയുണ്ടായിരുന്നത് വെറും 80 രൂപയാണ്.’– കരച്ചിലടക്കാനാവാതെ ഐബി ഉദ്യോഗസ്ഥ മേഘയുടെ അമ്മ പാലക്കാട് ചിറ്റൂർ ലാൻഡ് റവന്യു ട്രൈബ്യൂണലിൽ സീനിയർ ക്ലാർക്കായ നിഷ ചന്ദ്രൻ പറയുന്നു.
‘എന്നും രാവിലെ ജോലി കഴിഞ്ഞ് ഇറങ്ങി 6.45ന് ആണ് അവൾ വിളിക്കുന്നത്. മരിക്കുന്ന അന്ന് വിളിച്ചത് 7.15ന് ആയിരുന്നു. കാരണം തിരക്കിയപ്പോൾ വാഷ്റൂമിൽ പോയിവരാൻ വൈകിയെന്നാണ് പറഞ്ഞത്. പ്രഭാത ഭക്ഷണം കഴിക്കുന്ന കാര്യം ചോദിച്ചപ്പോൾ ഇന്ന് പുറത്തുനിന്ന് വാങ്ങാമെന്നും പറഞ്ഞു. അവൾക്ക് അന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞോ എന്നുപോലും അറിയില്ല....’ വിതുമ്പലോടെ നിഷ ഇതു പറയുമ്പോൾ നെഞ്ചോടു ചേർത്തു പിടിച്ച എംബ്രോയ്ഡറി ഫ്രെയിമിൽ മേഘ തുന്നിത്തീർക്കാൻ ബാക്കിവച്ച ചിത്രം.
‘മേഘ അവസാനമായി സംസാരിച്ചത് മലപ്പുറം സ്വദേശിയായ സുഹൃത്തിനോടാണ്. അയാൾ മകളെ മാനസികമായി തകർത്തുകളഞ്ഞിട്ടുണ്ട്. അല്ലാതെ അവൾ, ഞങ്ങളെപ്പോലും മറന്ന് ഇത് ചെയ്യില്ല. ജോലി കിട്ടി ജോദ്പുരിൽ പരിശീലനത്തിന് പോയിവന്ന ശേഷമാണ് മേഘയ്ക്ക് മാറ്റങ്ങൾ വന്നത്. എല്ലാക്കാര്യങ്ങളും പറഞ്ഞിരുന്ന അവൾ ഈ സുഹൃത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. മാസങ്ങൾക്കുശേഷമാണ് ഞങ്ങളുമായി ഇക്കാര്യം ചർച്ചചെയ്യുന്നത്. വിവാഹത്തിനു ഞങ്ങൾ സമ്മതിക്കുകയും ചെയ്തു. എന്നാൽ അയാൾ പിന്മാറാൻ ശ്രമിക്കുകയാണെന്നു മനസ്സിലാക്കി മേഘയോട് ഈ ബന്ധം ഉപേക്ഷിക്കാൻ ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷേ അയാൾ ഇത്രയധികം മാനസിക സമ്മർദത്തിൽ ആക്കിയിരുന്നെന്ന് മകൾ ഞങ്ങളോടു പറഞ്ഞിരുന്നില്ല. മേഘയ്ക്ക് അപകടം സംഭവിച്ച അന്ന് അയാൾ എന്നെ വിളിച്ചിരുന്നു. പക്ഷേ സംസാരിക്കാൻ സാധിച്ചില്ല. മേഘ ഹോസ്റ്റലിലെത്തിയോ എന്നും അയാൾ തിരക്കിയിരുന്നു. മകൾക്കു നീതി കിട്ടുന്നതുവരെ ഏതറ്റംവരെയും പോകും’– നിഷ പറഞ്ഞു.
മേഘയുടെ കിടപ്പുമുറിയിലെ ജനാലയിലൂടെ നോക്കുമ്പോൾ കാണാം, അവൾ അവസാനമായി ഉറങ്ങുന്ന ഇടം. മേഘ മരിച്ച അന്നു മുതൽ അവളുടെ മുറിയിൽ, ജനാലയ്ക്കരികെയാണ് അമ്മ... അടുത്ത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന കവറിൽ അവൾക്കു നൽകാൻ പാലക്കാട്ടുനിന്ന് വാങ്ങിയ ഉടുപ്പുകളും.