പൊലീസുകാരനെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു; 3 പേർ പിടിയിൽ

Mail This Article
അടിമാലി ∙ ദേശീയപാതയിൽ ആയിരമേക്കർ കത്തിപ്പാറയ്ക്കു സമീപം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കടന്നുകളഞ്ഞ പ്രതിക്കുവേണ്ടി തിരച്ചിലിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. ഇരുനൂറേക്കർ വാഴശേരിൽ അക്ഷയ് (25), മില്ലുംപടി സ്വദേശികളായ കുന്നുംപുറത്ത് ജസ്റ്റിൻ (23), പുല്ലുകുന്നേൽ രാഹുൽ (24) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
സിവിൽ പൊലീസ് ഓഫിസർ അനൂപിനെയാണു സംഘം ആക്രമിച്ചത്. ഹെൽമറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അനൂപ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ റെജി ജോസഫ് എന്നയാളെ പിടികൂടി. ഒപ്പമുണ്ടായിരുന്ന മനു മണി ഓടിപ്പോയി. ഇയാളെ പിടികൂടുന്നതിനായി മഫ്തിയിൽ എത്തിയപ്പോഴാണ് അനൂപിനെ സംഘം ആക്രമിച്ചത്.