സ്വത്വ രാഷ്ട്രീയം കേരളത്തെയും ബാധിക്കുന്നു; വർഗീയ വിരുദ്ധ പോരാട്ടവും പാളിയെന്ന് സിപിഎം

Mail This Article
മധുര ∙ മുഖ്യ ഉത്തരവാദിത്തമായ വർഗീയതക്കെതിരേയുള്ള പോരാട്ടത്തിൽ സിപിഎം പാളിപ്പോയെന്നു പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ റിപ്പോർട്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് മുഖ്യ കടമയായി പ്രഖ്യാപിച്ച ബിജെപി–ഹിന്ദുത്വ വിരുദ്ധ പോരാട്ടം കൺവൻഷനുകളിലും ക്യാംപെയ്നുകളിലും ഒതുങ്ങി. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ബിജെപി നടത്തുന്ന മുന്നേറ്റം ഈ വീഴ്ചയുടെ കൂടി ഫലമാണെന്ന ഗുരുതര കുറ്റസമ്മതവും പാർട്ടി നടത്തി. പൊളിറ്റ്ബ്യൂറോ അടക്കം പരാജയപ്പെട്ടെന്നും സമ്മതിച്ചു.
വർഗീയ ശക്തികൾക്കെതിരെയുളള പോരാട്ടം എന്ന പേരിൽ കഴിഞ്ഞ 3 വർഷത്തിനിടെ ആകെ നടന്നത് കേരളം, മഹാരാഷ്ട്ര, ഒഡീഷ, ബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാന– ജില്ലാ തലങ്ങളിൽ സംഘടിപ്പിച്ച കൺവൻഷനുകളാണ്. ജനങ്ങൾക്കിടയിൽ ഇതു സംബന്ധിച്ച പ്രചാരണം ആഴത്തിൽ സംഘടിപ്പിക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല, ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരിലേക്കു പോലും ഇത് എത്തിച്ചേർന്നില്ല.
വർഗീയ വിരുദ്ധ പ്രചാരണം എങ്ങനെ നടത്തണം എന്നതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റികൾക്ക് മാർഗനിർദേശം നൽകുന്നതിൽ പിബിക്കു പിഴച്ചു. ബംഗാളിൽ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം ബിജെപി പ്രധാന പ്രതിപക്ഷമായി മാറിയത് സിപിഎമ്മിന്റെ അക്കൗണ്ടിലാണ്. ത്രിപുരയിൽ 2018 ൽ ബിജെപിയോട് തോറ്റ ശേഷം അവർ പാർട്ടിയെ തീവ്രമായി വേട്ടയാടുന്നു. കേരളത്തിൽ അൽപം കുറഞ്ഞ തോതിലാണെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമുണ്ടാക്കാൻ കഴിഞ്ഞു– മുന്നറിയിപ്പ് രൂപേണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
സ്വത്വരാഷ്ട്രീയം ദോഷം
സ്വത്വരാഷ്ട്രീയം പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നു. ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ ജനപിന്തുണയ്ക്ക് വൻതോതിൽ ഇടിവുണ്ടാക്കിയ ശേഷമാണ് കേരളത്തിലും ഇതു ബാധിക്കാൻ തുടങ്ങിയത്. ദലിത്–ആദിവാസി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച വേദികളുടെ പ്രവർത്തനം ഉദ്ദേശിക്കുന്ന തരത്തിലാകുന്നില്ല. അവരുടെ പ്രശ്നങ്ങളിൽ പാർട്ടി ഇടപെടാതെ ഈ വേദികൾക്ക് അതു വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും വീഴ്ചകളുണ്ടാകുന്നു.
‘സോഷ്യലിസമാണ് ബദൽ’ എന്ന ആശയം പ്രചരിപ്പിക്കുന്നതിലും പിന്നോട്ടു പോയെന്നു റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസത്തെ വിഭാവനം ചെയ്യാതെ കമ്യൂണിസ്റ്റ് പാർട്ടിയായി മുന്നോട്ടുപോകാൻ കഴിയില്ല. അതിനാൽ ഇക്കാര്യത്തിൽ തിരുത്തൽ വേണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.