സിനിമ ചിത്രീകരണത്തിന് വനമേഖലയിൽ റോഡ് നിർമാണം: നടപടിക്ക് ഹൈക്കോടതി ഉത്തരവ്
Mail This Article
കൊച്ചി∙ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനായി വനമേഖലയിൽ ഗ്രാവൽ ഇട്ടു റോഡുണ്ടാക്കി പരിസ്ഥിതി നാശമുണ്ടാക്കിയതിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും സിനിമനിർമാണ കമ്പനിക്കുമെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നു ഹൈക്കോടതി ഉത്തരവ്. വനത്തിനുണ്ടായ നാശം എത്രയും വേഗം പരിഹരിക്കുന്ന കാര്യം കേന്ദ്രം ഉറപ്പാക്കണം. ചെലവ് സിനിമാ നിർമാണ കമ്പനിയിൽ നിന്ന് ഈടാക്കാനും നിർദേശിച്ചു.
കാസർകോട് കാറടുക്ക മുള്ളേരിയ പാർഥക്കൊച്ചി റിസർവ് വനത്തിൽ ചിത്രീകരണത്തിന് അനധികൃതമായി അനുമതി നൽകിയെന്നും പരിസ്ഥിതി നാശമുണ്ടാക്കിയെന്നും ആരോപിച്ച് അനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ സംഘടനാ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവ്. ചിത്രങ്ങൾ പരിശോധിച്ച കോടതി, ഗ്രാവൽ ഇട്ടു റോഡ് ഉണ്ടാക്കിയതു വനത്തിനു നാശനഷ്ടമുണ്ടാക്കിയെന്നു വിലയിരുത്തി. ഷൂട്ടിങ് അനുവദിച്ച ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയെന്നും വ്യക്തമാക്കി.
English summary: Take action those who made road in forest to shoot film: High court