മംഗളൂരുവില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു; ആക്രമികൾക്ക് കേരളാബന്ധം?
Mail This Article
മംഗളൂരു ∙ കർണാടകയിൽ ബിജെപി-യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം. പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അജ്ഞാതർ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ബിജെപി യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികൾ വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. കേരള റജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്നു ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി.
കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ബെല്ലാരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്. കേരള–കര്‍ണാടക അതിര്‍ത്തി പ്രദേശമാണിത്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രവീണിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഉടൻ നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെയും വ്യക്തമാക്കി.
English Summary: Karnataka's BJP Yuva Morcha worker Praveen Nettaru hacked to death