ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിനെതിരെ വീണ്ടും അനിൽ ആന്റണി രംഗത്ത്. ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നിലപാടു തള്ളിയ അനിൽ ആന്റണി പാർട്ടി പദവികൾ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. നേരത്തേയും ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള മാധ്യമമാണ് ബിബിസി എന്നാരോപിച്ചാണ് അനിലിന്റെ വിമർശനം.

‘‘ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യംചെയ്ത മാധ്യമമാണു ബിബിസി. ജമ്മു കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ബിബിസി പലതവണ നല്‍കിയിട്ടുണ്ട്. നിക്ഷിപ്ത താൽപര്യം ഇല്ലാത്ത സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യംതന്നെ. ഇപ്പോഴത്തെ കോൺഗ്രസിനും കൂട്ടർക്കും മികച്ച സഖ്യകക്ഷിയാണ്’’– കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്, വക്താവ് സുപ്രിയ ശ്രീനാഥെ എന്നിവരെ ടാഗ് ചെയ്ത് അനിൽ ട്വീറ്റിൽ അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീര്‍ ഇല്ലാതെ ബിബിസി പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭൂപടങ്ങളുടെ സ്ക്രീൻഷോട്ടുകളും അനിൽ പങ്കുവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിൽ സമാപിച്ച ദിവസം തന്നെയാണ് അനിലിന്റെ ട്വീറ്റ് എന്നതു ശ്രദ്ധേയമാണ്. മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ നാഷനൽ കോഓർഡിനേറ്ററുമായിരുന്നു.

Read Also: മുദ്രാവാക്യം, പൂമാലയിട്ട് സ്വീകരണം; ക്ലോസ് റേഞ്ചിൽ വെടിയേറ്റ് മറിഞ്ഞ് മന്ത്രി– വിഡിയോ...

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന അനിലിന്റെ ട്വീറ്റാണു വിവാദമായത്. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും താൻ പറഞ്ഞതിനെ വളച്ചൊടിച്ചതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും അനിൽ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിലും പാർട്ടിയിലും സജീവമല്ലാതിരുന്ന അനിലിനെ ജയ്റാം രമേശ് വിമർശിച്ചിരുന്നു.

English Summary: BBC documentary row: AK Antony's son targets Jairam Ramesh, says ‘perfect ally’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com