പ്രജ്വല്‍ ജര്‍മനിക്കു പോയത് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച്; മുന്‍ഡ്രൈവറെ കാണാനില്ല

Mail This Article
ബെംഗളൂരു∙ ലൈംഗിക പീഡന കേസില്‍ പ്രതിയായ ജെഡിഎസ് എംപിയും സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഡിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണ സംഘം നോട്ടിസ് അയച്ചതിനു പിന്നാലെയാണ് കാര്‍ത്തിക്കിനെ കാണാതായത്.
അതേസമയം പ്രജ്വല്‍ ജര്‍മനിയിലേക്കു പോയത് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. വീസ ആവശ്യമില്ലാത്ത നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യാത്രയെന്നും മന്ത്രാലയം അറിയിച്ചു.
കാര്‍ത്തിക്കിന്റെ തിരോധാനത്തിനു പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ഡി.കെ.ശിവകുമാറിന്റെ അറിവോടെ കാര്‍ത്തിക്കിനെ മലേഷ്യയിലേക്കു മാറ്റിയെന്നാണ് ആരോപണം. അതേസമയം ശിവകുമാര്‍ ഇതു നിഷേധിച്ചു. ലൈംഗികദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ബിജെപി നേതാക്കള്‍ക്കു കൈമാറിയെന്നാണ് കാര്‍ത്തിക്ക് പറഞ്ഞിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.
പ്രജ്വലിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്കാണ് കൈമാറിയതെന്നും അദ്ദേഹമാണ് ഇത് പുറത്തുവിട്ടതെന്നുമാണ് രേവണ്ണയുടെ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നത്. തന്റെ കയ്യില്‍നിന്ന് ബലമായി സ്വത്ത് തട്ടിയെടുത്ത രേവണ്ണ ഭാര്യയെ മര്‍ദ്ദിച്ചുവെന്നും കാർത്തിക് ആരോപിച്ചിരുന്നു. ബിജെപി നേതാവിന്റെ നിര്‍ദേശപ്രകാരം രേവണ്ണയ്‌ക്കെതിരെ താന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും തന്റെ കൈവശമുള്ള പെന്‍ഡ്രൈവിലെ വിവരങ്ങള്‍ വച്ച് ദേവരാജ് ബിജെപി നേതൃത്വത്തിന് കത്തയിച്ചിട്ടുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. ദേവ്‌രാജ് പെന്‍ഡ്രൈവ് ആര്‍ക്കൊക്കെ നല്‍കിയിട്ടുണ്ടെന്ന് അറിയില്ലെന്നും കാര്‍ത്തിക് വ്യക്തമാക്കി.