ADVERTISEMENT

തിരുവനന്തപുരം∙ കോളജ് അധികൃതര്‍ റാഗിങ്ങിനു കൂട്ട് നില്‍ക്കുമ്പോള്‍ ഇരകള്‍ക്ക് എങ്ങനെ നീതി കിട്ടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂക്കോട് വെറ്റിനറി കോളേജിൽ ക്രൂരറാഗിങ്ങിന് ഇരയായി സിദ്ധാർഥൻ മരിച്ചിട്ട് ഒരു വർഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിലൂടെയാണ് രമേശ് ചെന്നിത്തല ചോദിച്ചിരിക്കുന്നത്. ‘‘മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധാര്‍ഥന്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണം. പൂക്കോട് റാഗിങ് കേസിലെ പ്രതികളായ എസ്എഫ്‌ഐ ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിച്ചതു കൊണ്ടാണ് കോട്ടയം റാഗിങ് അരങ്ങേറിയത്. റാഗിങ്ങിനിരയായി ഇനി കേരളത്തില്‍ ഒരു മാതാപിതാക്കളുടെയും കണ്ണീര് വീഴരുത്’’ – അദ്ദേഹം കത്തിൽ പറഞ്ഞു. 

രമേശ് ചെന്നിത്തലയുടെ കത്തിൽനിന്ന്:

‘‘അവന്റെ അന്ത്യവിശ്രമ സ്ഥലത്തു രണ്ടു തവണ മാത്രമേ ഞാന്‍ പോയിട്ടൂള്ളൂ. അവിടെ പതിച്ച അവന്റെ ചിത്രത്തിലേക്കു നോക്കുമ്പോള്‍ അമ്മേ എന്നു വിളിക്കുന്നതായി തോന്നും. കോളജ് അധികൃതര്‍ റാഗിങ്ങിനു കൂട്ടുനില്‍ക്കുമ്പോള്‍ ഇരകള്‍ക്ക് എങ്ങനെ നീതി കിട്ടും? അവരെ പേടിച്ച് ആരും കോളജില്‍ നടക്കുന്നതൊന്നും പുറത്തു പറയില്ല’’ – എന്ന സിദ്ധാര്‍ഥന്റെ മാതാവ് ഷീബയുടെ വാക്കുകള്‍ ആരുടെ മനസ്സാണു പിടിച്ചുലയ്ക്കാത്തത്. ഒരു മനുഷ്യത്വരഹിത സമൂഹത്തിനുനേരെ ഇതിലേറെ ദീനമായി എങ്ങനെ സംസാരിക്കാനാകും. 

ആന്റി റാഗിങ് സ്ക്വാഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് 16.02.2024നും 17.02.2024നും ഇടയിലുള്ള രാത്രിയില്‍ സിദ്ധാര്‍ഥന്റെ സഹവിദ്യാര്‍ഥികളും സീനിയര്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് ‘മൃഗീയമായ ശാരീരിക ആക്രമണത്തിനും പൊതുവിചാരണയ്ക്കും (Brutal physical assault and public trail) വിധേയനാക്കി’ എന്നാണ്. ഒരു തുള്ളി വെള്ളമോ ഒരിറ്റു ഭക്ഷണമോ നല്‍കാതെ 21-ാം നമ്പര്‍ മുറിയില്‍ പൂട്ടിയിട്ട സിദ്ധാര്‍ഥനെ ഇരുപതിലധികം എസ്എഫ്‌ഐ ഗുണ്ടകള്‍ ബെല്‍റ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിള്‍ വയര്‍ എന്നിവ ഉപയോഗിച്ച് അടിക്കുകയും ചെയ്തു എന്നും സിദ്ധാര്‍ഥനെ വിവസ്ത്രനാക്കി അടിവസ്ത്രം മാത്രം ധരിച്ചു നിർത്തി എന്നും ഹോസ്റ്റലിന്റെ നടുത്തളത്തിലേക്കു കൊണ്ടുപോയി അവിടെ വച്ചും സിദ്ധാര്‍ഥനെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേരളത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള അതിഭീകരമായ ശാരീരിക ആക്രമണമാണ് സിദ്ധാര്‍ഥന്‍ എന്ന പാവം വിദ്യാർഥി നേരിട്ടത്. എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര ആക്രമണത്തില്‍ കൊല്ലപ്പെട്ട സിദ്ധാർഥനെ ശുചിമുറിയില്‍ കെട്ടിതൂക്കിയതാണോ എന്നുപോലും ന്യായമായും സംശയിക്കാവുന്നതാണ്.

ബഹു. മുഖ്യമന്ത്രി, സിദ്ധാർഥന്‍ എന്ന ഒരു പാവം വിദ്യാർഥിയെ, അതിക്രൂര ശാരീരിക ആക്രമണത്തിനും പൊതുവിചാരണയ്ക്കും ഇരയാക്കിയ കശ്മലന്‍മാരായ മുഴുവന്‍ എസ്എഫ്‌ഐ ഗുണ്ടകള്‍ക്കും രക്ഷപ്പെട്ടു സര്‍വസ്വതന്ത്രമായി വിലസാനുള്ള എല്ലാ അവസരവും സൃഷ്ടിക്കുകയല്ലേ അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്തത്? വിദ്യാര്‍ഥികളോടു സംഭവങ്ങള്‍ പുറത്തുപറയരുത് എന്നു നിര്‍ദേശിച്ച കോളജ് അധികൃതര്‍ മുതല്‍ മജിസ്‌ട്രേറ്റിന്റെ മുറിയില്‍ കയറാന്‍ ശ്രമിച്ച മുന്‍ സിപിഎം എംഎല്‍എ വരെ നീളുന്നു ഈ ലിസ്റ്റ്. പ്രതികളെല്ലാം എസ്എഫ്‌ഐ നേതാക്കള്‍ ആയതുകൊണ്ട് ഈ ശ്രമങ്ങളെല്ലാം നടത്തുന്നത് സിപിഎമ്മിന്റെയും അങ്ങയുടെ നിയന്ത്രണത്തിലുള്ള പൊലീസിന്റെയും അറിവോടെ ആയിരുന്നു എന്ന് ഉറപ്പല്ലേ?

ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയില്‍ എത്തിയപ്പോഴും പ്രതികളെ രക്ഷിക്കാനുള്ള നാണംകെട്ട ശ്രമമല്ലേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നടത്തിയത്? സിദ്ധാർഥനെ ആത്മഹത്യയിലേക്കു തള്ളിവിടാനല്ല മറിച്ചു ഗുണദോഷിച്ചു നന്നാക്കാനായിരുന്നു പ്രതികളുടെ ശ്രമം എന്ന തെറ്റായ കോടതി കണ്ടെത്തലിലേക്കു നയിക്കാന്‍ പറ്റിയ ദുര്‍ബലമായ വാദങ്ങള്‍ മുന്നോട്ടുവച്ചതു കൂടാതെ ജാമ്യവിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാതിരുന്നത്, ഈ പ്രതികളെ, അങ്ങയുടെ സര്‍ക്കാര്‍ സംരക്ഷിച്ചു ചേര്‍ത്തുപിടിക്കുകയായിരുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നില്ലേ? ഈ ഗുണ്ടകള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പഠന സൗകര്യം ഒരുക്കിയ ഹൈക്കോടതി വിധിക്കെതിരെയും സര്‍ക്കാര്‍ അപ്പീല്‍ പോകാതിരുന്നത്, കാപാലികന്മാരായ എസ്എഫ്‌ഐ ഗുണ്ടകളെ അങ്ങയുടെ സര്‍ക്കാര്‍ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്തു എന്നതിന്റെ മറ്റൊരു ഞെട്ടിപ്പിക്കുന്ന തെളിവല്ലേ?

പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ അസാധാരണമായ തിടുക്കമാണ് അങ്ങയുടെ സര്‍ക്കാര്‍ കാട്ടിയത്. അതിനായി മണ്ണൂത്തിയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചതും രണ്ട് അധ്യാപകരെ പരീക്ഷാച്ചുമതലയില്‍ നിയമിച്ചതുമെല്ലാം ശരവേഗത്തിലായിരുന്നു. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണു തങ്ങള്‍ എന്ന വ്യക്തമായ സന്ദേശമല്ലേ സര്‍ക്കാര്‍ നല്‍കിയത്... പിന്നീട് സിദ്ധാർഥന്റെ മാതാപിതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികള്‍ക്ക് കോളേജില്‍ പുനപ്രവേശനം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തത്.

ബഹു. മുഖ്യമന്ത്രി, സിദ്ധാർഥന്‍ എന്ന ഒരു പാവപ്പെട്ട വിദ്യാർഥയെ, ഏതാണ്ട് രണ്ടു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന അതിഭീകരവും അതിക്രൂരവുമായ ശാരീരിക അക്രമത്തിനും പീഢനത്തിനും അപമാനത്തിനും വിധേയമാക്കിയ എസ്എഫ്‌ഐയുടെ കാട്ടാള സംഘത്തെ സംരക്ഷിക്കാനും ചേര്‍ത്തു പിടിക്കാനും അങ്ങയുടെ സര്‍ക്കാര്‍ നടത്തിയ നാണംകെട്ട ശ്രമം, സംസ്‌കാര സമ്പന്നമായ കേരളത്തിലെ മുഴുവന്‍ മലയാളികളെയും ലജ്ജിപ്പിക്കുക തന്നെ ചെയ്യും. ഈ പ്രതികളെ, അവര്‍ എസ്എഫ്‌ഐ നേതാക്കളാണ് എന്ന ഒറ്റക്കാരണത്താല്‍ സംരക്ഷിച്ചതുകൊണ്ടാണ് കോട്ടയത്തു നടന്നതുപോലുള്ള കൊടുംക്രൂര റാഗിങ് സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.

അങ്ങേക്ക് അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ സിദ്ധാർഥന്‍ എന്ന പാവപ്പെട്ട വിദ്യാർഥിയുടെ മരണത്തിനു കാരണക്കാരായ അതിക്രൂരന്മാരായ എസ്എഫ്‌ഐ ഗുണ്ടകളെ സംരക്ഷിച്ചതിനു സിദ്ധാർഥന്റെ മാതാപിതാക്കളോടു മുഖ്യമന്ത്രി എന്ന നിലയില്‍ നിരുപാധികം പരസ്യമായി മാപ്പു പറയണം എന്ന് അഭ്യർഥിക്കുന്നു.

English Summary:

Ramesh Chennithala Slams CM Pinarayi Vijayan on Continues Ragging Cases

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com