ഷൈനിയുടെ ഫോൺ കണ്ടെത്തി; ഫൊറൻസിക് പരിശോധന നടത്തും, ആത്മഹത്യക്ക് തലേന്ന് ഫോണിൽ സംസാരിച്ചെന്ന് ഭർത്താവ്

Mail This Article
കോട്ടയം∙ ഏറ്റുമാനൂരിൽ ട്രെയ്നിനു മുന്നിൽ ചാടി അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാവ് ഷൈനിയുടെ മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തി. ഏറ്റുമാനൂരിലെ ഷൈനിയുടെ സ്വന്തം വീട്ടിൽനിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഷൈനിയും മക്കളും ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഷൈനിയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നതായി നോബി പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിലൂടെയുള്ള നോബിയുടെ സംസാരം ആത്മഹത്യക്കു കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കസ്റ്റഡിയിലെടുത്ത ഫോൺ ഉടൻ തന്നെ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. നേരത്തേ ഷൈനിയുടെ മൊബൈൽ നമ്പറിന്റെ സിഡിആർ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഷൈനിയുടെ മൊബൈൽ ഫോൺ കേസിൽ നിർണായക തെളിവാണ്. ഷൈനി എടുത്തിരുന്ന വായ്പയുമായി ബന്ധപ്പെട്ടാണ് നോബിയുമായി ഫോണിൽ സംസാരിച്ചതെന്നാണു സൂചന. പണം എങ്ങനെ അടയ്ക്കുമെന്നതിനെ കുറിച്ചുള്ള ആശങ്കകൾ ഷൈനിയെ ദിവസങ്ങളായി അലട്ടിയിരുന്നുവെന്നാണ് വിവരം. അതേസമയം സ്വന്തം വീട്ടിൽനിന്നു ഷൈനി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്.